അജ്മാനിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ

Posted on: March 29, 2016 9:27 am | Last updated: March 29, 2016 at 3:40 pm

AJMAN FIREഅജ്മാന്‍: യുഎഇയിലെ അജ്മാനിലുള്ള പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. അജ്മാനിലെ അല്‍ സവന്‍ എന്ന കെട്ടടത്തിലാണ് തീപിടിത്തമുണ്ടായത്. ടവറില്‍ നിന്ന് വന്‍തോതില്‍ തീയും പുകയും ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. മൂവായിരം പാര്‍പ്പിടങ്ങളുള്ള കെട്ടിടമാണ് അല്‍ സാവന്‍. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമില്ല. യു.എ.ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ് യാന്‍ സ്ഥലം സന്ദര്‍ശിച്ചു.

കെട്ടിടത്തിന്റെ താഴെ നില മുതല്‍ മുകള്‍ നില വരെ തീപടര്‍ന്നിട്ടുണ്ട്. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കുറേ കെട്ടിടങ്ങള്‍ അടുത്തടുത്ത് സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. അതുകൊണ്ട് തന്നെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനും നടപടികള്‍ സ്വീകരിച്ചു.അജ്മാനിലെ സിവില്‍ ഡിഫന്‍സ് സംഘത്തിനൊപ്പം ഷാര്‍ജയില്‍ നിന്നും നിരവധി യൂനിറ്റുകള്‍ എത്തി.
കഴിഞ്ഞ പുതുവത്സരാഘോഷത്തിനിടെ ദുബായില്‍ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ഹോട്ടലിലും തീപിടിത്തമുണ്ടായിരുന്നു. അഡ്രസ് എന്ന ഹോട്ടലിലായിരുന്നു തീപിടിത്തമുണ്ടായത്.