തവനൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ജില്ലാ ജയില്‍ ഋഷിരാജ് സിംഗ് സന്ദര്‍ശിച്ചു

Posted on: March 28, 2016 9:13 am | Last updated: March 28, 2016 at 9:13 am

വളാഞ്ചേരി: തവനൂരില്‍ നിര്‍മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ജില്ലാ ജയില്‍ ഡി ജി പി ഋഷിരാജ് സിംഗ് സന്ദര്‍ശിച്ചു. അഭ്യന്തര വകുപ്പ് തീരുമാനിച്ചത് പ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ തുക ആവശ്യമാണെന്ന് ഡി ജി പി വിലയിരുത്തി.
നിര്‍മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ജില്ലാ ജയിലിനകത്തെ സൗകര്യങ്ങളും സംവിധാനങ്ങളും വിലയിരുത്തുന്നതിനായിരുന്നു ജയില്‍ ഡി ജി പിയുടെ സന്ദര്‍ശനം. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ഡി ജി പിയെത്തിയത്. ജയില്‍ പൂര്‍ണമായി ചുറ്റി കണ്ട അദ്ദേഹം അടിയന്തിരവും അത്യാവശ്യവുമായി ഒരുക്കേണ്ട കാര്യങ്ങള്‍ അധികൃതരെ ബോധ്യപ്പെടുത്തി. 17 കോടി ആറു ലക്ഷം രൂപയാണ് ജയില്‍ നിര്‍മാണത്തിനായി ചിലവിട്ടത്. എന്നാല്‍ ജയില്‍ നിര്‍മാണം പൂര്‍ണമാക്കുന്നതിനായി കൂടുതല്‍ തുക വേണമെന്നാണ് ഡി ജി പി വിലയിരുത്തിയത്. ഇതു സംബന്ധിച്ച് ഉടന്‍ തന്നെ അഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉത്തര മേഖലാ ഡി ഐ ജി കെ ശിവദാസ്, ജയില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ മാത്യു, മറ്റു ജയില്‍ ഉദ്യോഗസ്ഥര്‍ ഡി ജി പിയെ അനുഗമിച്ചു.