അക്ഷയയെ ഒഴിവാക്കിയതില്‍ പ്രതിഷേധം

Posted on: March 28, 2016 9:12 am | Last updated: March 28, 2016 at 9:12 am

മലപ്പുറം: സംസ്ഥാനത്ത് സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി സ്മാര്‍ട്ട് കാര്‍ഡ് ഫോട്ടോ എടുക്കലില്‍ നിന്നും അക്ഷയയെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയരുന്നു. ആരോഗ്യ ഇന്‍ഷ്വറന്‍സ് ആരംഭിച്ചത് മുതല്‍ വിവിധ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കിയിരുന്നതെങ്കിലും കാര്‍ഡിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഫോട്ടോ എടുക്കല്‍, കാര്‍ഡ് പുതുക്കി നല്‍കല്‍ എന്നിവ അക്ഷയ പ്രോജക്റ്റാണ് നിര്‍വ്വഹിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം പുതിയ കാര്‍ഡ് എടുക്കുകയോ നിലവിലുള്ളവ പുതുക്കി നല്‍കുകയൊ ചെയ്യാതെ, രണ്ട് തവണയായി ആറ് മാസം വീതം കാലാവധി ദീര്‍ഘിപ്പിക്കുയാണ് ചെയ്തത്. ഈ വര്‍ഷം ഐ സി ഐ സി ഐയെ ഏല്‍പ്പിച്ച് കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത് എന്നാണ് അറിയുന്നത്. നല്ല സാങ്കേതിക മികവോടെ ചെയ്യാണ്ട പ്രവൃത്തികള്‍ സാധാരണക്കാരായ വനിതകളുടെ കൂട്ടായ്മയായ കുടുംബശ്രീയെ ഏല്‍പ്പിച്ച് കുളമാക്കാനുള്ള ശ്രമത്തിലാണ് പ്രതിഷേധം. വര്‍ഷങ്ങാളായി അക്ഷയ നിര്‍വ്വഹിച്ച് പോന്നിരുന്ന റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ സേവനങ്ങള്‍ കുടുംബശ്രീ ഉള്‍പ്പടെയുള്ളവരെ ഏല്‍പ്പിച്ച് റേഷന്‍ കാര്‍ഡിനെ തെറ്റുകളുടെ രേഖയാക്കി മാറ്റിയ പോലെ, ഏറെ സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള ഹെല്‍ത്ത് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിയും പോരായ്മയില്‍ സ്മാര്‍ട്ടാകുമെന്നതാണ് ആരോപണം. റേഷന്‍ കാര്‍ഡില്‍ നിന്ന് പാഠമുള്‍ക്കൊണ്ടെങ്കിലും ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഫോട്ടോ എടുക്കല്‍, കാര്‍ഡ് പുതുക്കി നല്‍കല്‍ എന്നിവകളുടെ നടത്തിപ്പ് അക്ഷയയെ തന്നെ തിരച്ചേല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അക്ഷയ ആന്റ് ആള്‍ ഐ ടി എന്റര്‍പ്രണേഴ്‌സ് എംപ്ലോയിസ് യൂനിയന്‍ ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. യോഗത്തില്‍ പ്രസിഡന്റ് പി പി നാസര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. അശ്‌റഫ് പട്ടാക്കല്‍ അരീക്കോട്, ഹംസ മീനടത്തൂര്‍, സി എച്ച് അബ്ദുസമദ് മലപ്പുറം, അബ്ദുല്‍ ഹമീദ് മരക്കാര്‍ ചെട്ടിപ്പടി സംസാരിച്ചു.