സീറ്റ് വിഭജനം: കോണ്‍ഗ്രസിനോട് ‘കരുണ’ കാണിച്ചില്ല

Posted on: March 28, 2016 4:21 am | Last updated: March 27, 2016 at 11:22 pm

dmk-congressചെന്നൈ :ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകാനിരിക്കുന്ന തമിഴ്‌നാട്ടില്‍ ഡി എം കെ, കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നു. ജയലളിതയുടെ എ ഐ എ ഡി എം കെയെയും വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ജനക്ഷേമ മുന്നണിയേയും നേരിട്ട്, അധികാരം തിരിച്ചുപിടിക്കുകയെന്ന പ്രയാസകരമായ ദൗത്യമാണ് ഡി എം കെക്കുള്ളത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുന്നതിനോട് ഡി എം കെ നേതൃത്വത്തിന് വിയോജിപ്പുണ്ട്. എന്നാല്‍, ജനക്ഷേമ മുന്നണിയുടെ വരവോടെ രാഷ്ട്രീയമായി സമ്മര്‍ദത്തിലായ ഡി എം കെയോട് വിലപേശി കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. ഇതിനായി ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള ദേശീയ സംഘമാണ് കരുണാനിധിയുമായി ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക ചര്‍ച്ചയില്‍ ഇരുവിഭാഗവും തങ്ങളുടെ ആവശ്യങ്ങള്‍ പരസ്പരം കൈമാറിയിട്ടുണ്ട്.
63 സീറ്റുകള്‍ വേണമെന്ന കടുംപിടുത്തത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം അയഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേത് പോലെ 63 സീറ്റുകളില്‍ മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നിലവിലെ രാഷ്ട്രീയ അവസ്ഥ മനസ്സിലാക്കി കൂടുതല്‍ തന്ത്രപരമായി നീങ്ങണമെന്ന നിലപാടാണ് ഡി എം കെയുടേത്. 35 സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന് വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ കരുണാനിധി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 45 സീറ്റുകളില്‍ കോണ്‍ഗ്രസിന് തങ്ങളുടെ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതിന് അനുമതി നല്‍കാന്‍ ഡി എം കെ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടെ, മുസ്‌ലിം ലീഗ്, എം എം കെ കക്ഷികള്‍ക്കായി അഞ്ച് സീറ്റുകള്‍ വീതം നല്‍കാനും ഡി എം കെ തിരുമാനിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷക്കാലം കോണ്‍ഗ്രസുമായി പിണക്കത്തിലായിരുന്ന ഡി എം കെ തിരഞ്ഞെടുപ്പോടനുബന്ധിച്ചാണ് വീണ്ടും ഇണക്കത്തിലായത്. കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കുന്നതിന് കരുണാനിധിയുടെ മകനും പാര്‍ട്ടി ട്രഷററുമായ എം കെ സ്റ്റാലിനും വനിതാ വിഭാഗം സെക്രട്ടറി കനിമൊഴിയുമാണ് കൂടുതല്‍ എതിരുള്ളത്.