Connect with us

Gulf

ഗള്‍ഫ് മേഖലയിലെ ജനവാസം: പൗരാണിക തെളിവുകള്‍ കണ്ടെത്തി

Published

|

Last Updated

മസ്‌കത്ത് / അബുദാബി: ഗള്‍ഫ് മേഖലയിലെ ജനവാസവുമായി ബന്ധപ്പെട്ട ഏറ്റവും പൗരാണികമായ തെളിവുകള്‍ കണ്ടത്തി. ശിലായുഗത്തിന്റെ അവസാന കാലത്തേതെന്ന് സംശയിക്കുന്ന 7,500 വര്‍ഷം പഴക്കമുള്ള അസ്ഥിക്കൂടം അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയായ മറാവാഹ് ദ്വീപില്‍ നടത്തിയ പര്യവേഷണത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അബുദാബി മേഖലയില്‍ 7,500 വര്‍ഷങ്ങള്‍ക്ക് മുമ്പേ ജനവാസം ഉണ്ടായിരുന്നൂവെന്ന് തെളിഞ്ഞിരിക്കയാണ്.

അബുദാബി ടുറിസം ആന്റ് കള്‍ച്ചര്‍ അതോറിറ്റിയുടെ കീഴില്‍ 2012 മുതല്‍ ഇവിടെ പര്യവേഷണം നടന്നു വരികയാണ്. ദ്വീപില്‍ 20ല്‍ അധികം കേന്ദ്രങ്ങളിലായാണ് പര്യവേഷണം നടന്നുവരുന്നത്. പര്യവേഷണത്തിനിടിയില്‍ ഇവിടെ രണ്ട് അവസാന കാല ശിലായുഗത്തിന്റെ ഭാഗമായ രണ്ട് ഗ്രാമങ്ങള്‍ കണ്ടെത്താനായിട്ടുണ്ട്. ഇവിടെ നിന്ന് അക്കാലത്തേതെന്ന് സംശയിക്കുന്ന 200ല്‍ പരം ഉറപ്പുള്ള കല്ലുകളും കണ്ടെടുക്കാനായിട്ടുണ്ട്. മറാവഹ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണായകമായ കണ്ടെത്തലാണെന്ന് ടി സി എ(അബുദാബി ടൂറിസം ആന്റ് കള്‍ച്ചര്‍ അതോറിറ്റി)ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്റ്റോറിക് എന്‍വയണ്‍മെന്റ് ഡയറക്ടര്‍ മുഹമ്മദ് അമിര്‍ അല്‍ നിയാദി വ്യക്തമാക്കി.

കണ്ടെടുത്ത കല്ലുകള്‍ ഉപയോഗിച്ച് 7,500 വര്‍ഷം പഴക്കമുള്ള വീട് നിര്‍മിക്കാന്‍ ടി സി എക്ക് പദ്ധതിയുണ്ട്. ഇവിടെ നിന്നും കണ്ടെടുത്ത വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മനുഷ്യന്റെ അസ്ഥിക്കൂട ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അക്കാലത്തെ മനുഷ്യര്‍ ജീവിച്ച വീടായിരിക്കണം തകര്‍ന്നത്. അതിനാലാവണം അതിനകത്ത് നിന്ന് അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെടുക്കാനായത്. വീടിന്റെ നടുവിലെ മുറിയില്‍ നിന്നാണ് നിര്‍ണായകമായ ഈ തെളിവ് ലഭിച്ചിരിക്കുന്നത്. ഒരു പക്ഷേ അക്കാലത്ത് ജീവിച്ച മനുഷ്യര്‍ വീടിന്റെ നടുവിലായിരിക്കാം മരിച്ചവരെ സംസ്‌കരിച്ചിരിക്കുക.

കിഴക്ക് ഭാഗത്തേക്ക് തലഭാഗം വെച്ചുള്ള ശവസംസ്‌കാരം ശിലായുഗത്തിന്റെ അവസാന കാലഘട്ടത്തിലാണ് നിലനിന്നിരുന്നത്. ഷാര്‍ജ എമിറേറ്റിലെ ജബല്‍ ബുഹൈസില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ ഇതിന്റെ തുടര്‍ച്ചയായുള്ള കാലത്ത് ഉണ്ടായതാവണം. ഈ അവശിഷ്ടങ്ങള്‍ ഷാര്‍ജ ആര്‍ക്കിയോളജി മ്യൂസിയത്തിലാണ് ഇപ്പോഴുള്ളത്. കല്ലിലുള്ള കിടക്കകള്‍, മനോഹരമായ ചിപ്പി, കല്ലിലുള്ള ആയുധങ്ങള്‍, അറ്റം കൂര്‍ത്ത കുന്തം തുടങ്ങിയവയും ഇവിടെ നിന്ന് കണ്ടെടുക്കാനായിട്ടുണ്ടെന്നും അല്‍ നിയാദി വെളിപ്പെുടത്തി. അസ്ഥിക്കൂടത്തിന്റെ ചുറ്റുമുള്ള അസ്ഥികള്‍ വളരെ ശ്രദ്ധയോടെയാണ് വൃത്തിയാക്കിയെടുത്തതെന്ന് ടി സി എ ഹിസ്‌റ്റോറിക് എന്‍വയണ്‍മെന്റ് വകുപ്പിലെ പുരാവസ്തു ശാസ്ത്രജ്ഞനായ അബ്ദുല്ല ഖല്‍ഫാന്‍ അല്‍ കഅബി പറഞ്ഞു.

---- facebook comment plugin here -----

Latest