ഇന്റര്‍നെറ്റ് നിരക്ക് കുറയുന്നത് ഇ ഗവണ്‍മെന്റ് പദ്ധതികള്‍ക്ക് ഗുണം ചെയ്യും

Posted on: March 27, 2016 3:47 pm | Last updated: March 27, 2016 at 3:47 pm

INTERNETമസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് നിരക്ക് കുറയുന്നത് ഇ ഗവണ്‍മെന്റ് പദ്ധതികള്‍ക്ക് ഗുണം ചെയ്യും. ഗള്‍ഫ് രാജ്യങ്ങളില്‍ ടെലികോം റോമിംഗ്, ഡാറ്റ, എസ് എം എസ് നിരക്കുകള്‍ അടുത്ത മാസം ഒന്നു മുതല്‍ നാല്‍പതു ശതമാനം വരെ കുറയുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
മേഖലയില്‍ ഇന്റര്‍നെറ്റിന് കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ ഇലക്‌ട്രോണിക് വത്കരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഗള്‍ഫ് നാടുകളില്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ സഊദി അറേബ്യ ഇന്റര്‍നെറ്റ് നല്‍കുമ്പോള്‍ വിവര സാങ്കേതിക രംഗത്ത് മുന്നില്‍ നില്‍ക്കുന്ന യു എ ഇയില്‍ ഇന്റര്‍നെറ്റ് നിരക്ക് കൂടുതലാണ്. മധ്യ നിലവാരത്തിലാണ് ഒമാനിലെ നിരക്ക്. ഈ നിരക്കുകളെല്ലാം കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന ഇ ഗവണ്‍മെന്റ് പദ്ധതികള്‍ ജനകീയമാവുകയും ഇതുവഴി സേവനങ്ങള്‍ക്ക് വേഗതയും സാമ്പത്തിക ലാഭമുള്ളതുമാക്കണമെങ്കില്‍ നിരക്ക് കുറക്കണമെന്ന് ഗള്‍ഫ് നാടുകളില്‍ ഐ ടി രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം. നിരക്കു കുറഞ്ഞാല്‍ ജനങ്ങള്‍ വ്യാപകമായി ഇ ഗവണ്‍മെന്റ്, സ്മാര്‍ട്ട് ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളാകും. ഇപ്പോള്‍ ഉയര്‍ന്ന നിരക്കുകള്‍ ജനങ്ങളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്.

സര്‍ക്കാറുകള്‍ അവതരിപ്പിച്ച ഇ ഗവണ്‍മെന്റ് പദ്ധതികള്‍ക്ക് വേണ്ടത്ര സ്വീകാര്യത കിട്ടാത്തതു സംബന്ധിച്ചു നടന്ന പഠനമാണ് ഈ വിവരം പുറത്തു കൊണ്ടു വന്നത്. വന്‍ തുകകള്‍ ചെലവഴിച്ച് ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതികളും ഇ ഗവണ്‍മെന്റ് പദ്ധതികള്‍ക്കായി ചെലവിടുന്ന പണവും ഇന്റര്‍നെറ്റ് വ്യാപകമല്ലാത്തിനാല്‍ നഷ്ടപ്പെടുന്നു. ഇന്റര്‍നെറ്റ് ഇല്ലാത്ത കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഇപ്പോള്‍ സാധ്യമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കമ്പ്യൂട്ടര്‍ സാക്ഷരതക്കു വേണ്ടി കുവൈത്താണ് ഗള്‍ഫില്‍ കൂടുതല്‍ പണം ചെലവിട്ടത്. 28 ബില്യന്‍ ഡോളര്‍. തുടര്‍ന്ന് സഊദി 4.8 ബില്യന്‍, ഖത്തര്‍, യു എ ഇരാജ്യങ്ങള്‍ മൂന്ന്, 2.7 ബില്യന്‍ വീതവും ചെലവിട്ടു. ഒമാനും ബഹ്‌റൈനും ചെലവിട്ട കണക്കുകള്‍ ലഭ്യമല്ല.

ഗള്‍ഫ് രാജ്യങ്ങളെല്ലാം ഇ ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മത്സരിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളിലെയും പ്രധാന വകുപ്പുകളെല്ലാം ഇതിനകം ഇലക്‌ട്രോണിക്‌വത്കരിച്ചിട്ടുണ്ട്. പ്രതിവര്‍ഷം വന്‍തുകയും ഇതിനു വേണ്ടി ചെലവിടുന്നു. ജി സി സി രാജ്യങ്ങള്‍ യോജിച്ചും ഇ ഗവണ്‍മെന്റ് പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ടെലികോം കമ്പനികള്‍ ഉയര്‍ന്ന താരിഫ് ഈടാക്കുന്നത് ഇതിനെല്ലാം തടസമാകുന്നു. മൊബൈലില്‍ ഒരു ജി ബി ഉപയോഗത്തിന് സഊദി അറേബ്യയില്‍ 2.5 റിയാലിനു തുല്യമായ സംഖ്യയാണ് ഈടാക്കുന്നത്. ഒമാനില്‍ അഞ്ചു റിയാല്‍. ഖത്തറില്‍ 6.5 റിയാല്‍. യു എ ഇയില്‍ ഇത് 10 റിയാലാണ്.

കുവൈത്തിലെ മൊബാല്‍ ഡാറ്റാ പാക്കേജ് ആരഭിക്കുന്നത് 10 റിയാലിനു തുല്യമായ സംഖ്യയിലാണ്. ആറു ജി ബിയാണ് ഉപയോഗ പരിധി. എന്നാല്‍ ബഹ്‌റൈനില്‍ പരിധിയില്ലാത്ത ഉപയോഗത്തിന് 20 റിയാലിനു തുല്യമായ തുക നല്‍കണം. സമാനമായ പ്രതിമാസ പാക്കേജിന് യു എ ഇയില്‍ 12.5 റിയാലാണ്. എന്നാല്‍ അമേരിക്ക, യു കെ തുടങ്ങിയ രാജ്യങ്ങളില്‍ വിളിക്കാന്‍ കൂടി സൗകര്യം ലഭിക്കുന്ന പാക്കേജുകള്‍ക്ക് നിരക്ക് കുറവാണെന്ന് പഠനം പറയുന്നു. ഇന്ത്യയിലെ ഇന്റര്‍നെറ്റ് നിരക്കും തുച്ഛമാണ്. ഇത് കൂടുതല്‍ പേരെ ഉപയോക്താക്കളാക്കി മാറ്റുന്നു. സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കുന്ന ആപ്ലിക്കേഷനുകളെല്ലാം ഇന്റര്‍നെറ്റ് അടിസ്ഥാനപ്പെടുത്തിയുള്ളവയായതിനാല്‍ അവയുടെ ഉപയോഗവും പ്രശ്‌നമാണ്.