ലോകകപ്പ് യോഗ്യതാ റൗണ്ട്: ഇന്ത്യന്‍ ടീം കൊച്ചിയില്‍

Posted on: March 27, 2016 10:52 am | Last updated: March 27, 2016 at 10:52 am

football-symbolic_7_1കൊച്ചി: 2018ലെ റഷ്യ ലോകകപ്പിനും 2019ലെ ഏഷ്യ കപ്പ് ചാമ്പ്യന്‍ഷിപ്പിനുമുള്ള അവസാന പ്രിലിമിനറി യോഗ്യത മത്സരത്തിനായി ഇന്ത്യന്‍ ടീം കൊച്ചിയിലെത്തി. ഇന്ന് വൈകിട്ട് ആറിനാണ് തുര്‍ക്ക്‌മെനിസ്താന്‍ ടീമെത്തുക. 29ന് വൈകിട്ട് ആറിന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.

ഇറാനില്‍ നിന്ന് നേരിട്ട് എട്ടു മണിയോടെ കൊച്ചിയിലെത്തിയ ടീം വൈകിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.
പരിക്ക് കാരണം ഇറാനെതിരായ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഇന്നലെ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അരക്കെട്ടിനു പരിക്കുള്ള ഛേത്രി 29ന് കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇന്ത്യന്‍ ടീമിന് ഹോളിഡേ ഇന്നിലും തുര്‍ക്ക്‌മെനിസ്താന്‍ ടീമിന് ക്രൗണ്‍ പ്ലാസയിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്.
24ന് ടെഹ്‌റാനില്‍ നടന്ന മത്സരത്തില്‍ ഇറാനെതിരെ ഇന്ത്യ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോറ്റിരുന്നു. ഇന്ത്യയുടെ മൂന്നാം റൗണ്ട് പ്രതീക്ഷകളും നേരത്തേ തന്നെ അവസാനിച്ചിരുന്നു.
ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ട ഇന്ത്യ കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ ആറിലും തോറ്റ് മൂന്നു പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ്.
നവംബറില്‍ ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഗുവാമിനെതിരെയായിരുന്നു ഇന്ത്യയുടെ ഏക വിജയം. അഞ്ചു ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരാണ് തുര്‍ക്ക്‌മെനിസ്താന്‍. ഒക്‌ടോബറില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ തുര്‍ക്ക്‌മെനിസ്താന്‍ ഇന്ത്യയെ 2-1ന് തോല്‍പിച്ചിരുന്നു.
ഏഴു മത്സരങ്ങളില്‍ നിന്ന് മൂന്നു വീതം ജയവും തോല്‍വിയും ഒരു സമനിലയുമായി പത്തു പോയിന്റാണ് തുര്‍ക്ക്‌മെനിസ്താന്‍ ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ഇറാനാണ് ഗ്രൂപ്പില്‍ മുന്നില്‍.
എട്ടു ഗ്രൂപ്പുകളിലായി 40 ടീമുകളാണ് രണ്ടാം റൗണ്ടില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്ക് പുറമേ നാലു മികച്ച രണ്ടാം സ്ഥാനക്കാര്‍ക്കും രണ്ടു ഗ്രൂപ്പുകളിലായി ആഗസ്ത് മുതല്‍ നടക്കുന്ന മൂന്നാം റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. ഈ റൗണ്ടിലെ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്ക് നേരിട്ട് ലോകകപ്പിനുള്ള യോഗ്യത ലഭിക്കും.
മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന സ്റ്റേഡിയത്തിന് മുന്നിലുള്ള പ്രത്യേക കൗണ്ടറുകളില്‍ ഇന്നലെ തുടങ്ങി.
28,29 തീയതികളില്‍ ഫെഡറല്‍ ബാങ്കിന്റെ ബ്രോഡ്‌വേ, പാലാരിവട്ടം, വൈറ്റില, കലൂര്‍, തോട്ടക്കാട്ടുകര, ആലുവ ശാഖകളില്‍ നിന്നും ടിക്കറ്റ് ലഭിക്കും. 500,200,100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഫിഫ മാനദണ്ഡ പ്രകാരം 22,000 ചെയര്‍ സീറ്റുകളിലേക്ക് മാത്രമായിരിക്കും കാണികള്‍ക്കുള്ള പ്രവേശനം.