എകെജിയെപ്പോലെ പികെജി

Posted on: March 27, 2016 4:34 am | Last updated: March 26, 2016 at 11:36 pm

gurudasanപി കെ ജിയെന്നാല്‍ (പി കെ ഗുരുദാസന്‍) കൊല്ലത്തെ സഖാക്കള്‍ക്ക് എ കെ ജിയെ പോലെയാണ്. കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരന്‍. ലാളിത്യവും വിനയവുമെല്ലാം മുഖത്ത് നിന്ന് വായിച്ചെടുക്കാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ മത്സരിച്ചു. രണ്ടുതവണ ജയിച്ചു. ഒരിക്കല്‍ മന്ത്രിയുമായി. എന്നാല്‍ 81ന്റെ അനാരോഗ്യം ഇക്കുറി മത്സരിക്കാന്‍ തടസമാണെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍.
പകരം നിര്‍ദേശിച്ചത് ദേശാഭിമാനി രാഷ്ട്രീയകാര്യ ലേഖകന്‍ ആര്‍ എസ് ബാബുവിനെ. ജില്ലാകമ്മറ്റിയിലും മണ്ഡലം കമ്മറ്റിയിലും പ്രതിഷേധം കടുത്തു. പി കെ ജിയെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം. മണ്ഡലത്തിലാകെ പ്രതിഷേധ പോസ്റ്റര്‍ ഉയര്‍ന്നതോടെ നേതൃത്വം മാറിചിന്തിച്ചു.
നടന്‍ മുകേഷിനെ സമവായ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചു. പ്രതിഷേധം അടങ്ങിയെങ്കിലും ഗുരുദാസന്‍ പിന്മാറിയില്ല. മാറി നില്‍ക്കാന്‍ തക്ക ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നില്ലെന്ന പക്ഷത്താണ് ഇപ്പോഴും. തന്റെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ലെന്ന് മാധ്യമങ്ങളോട് തുറന്ന് പറയുന്നു. മനസിന്റെ ചെറുപ്പം പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതില്‍ നിന്ന് ഗുരുദാസനെ പിന്നോട്ട് വലിക്കുന്നുവെന്ന് സാരം.
ഗുരുദാസന്‍ കൊല്ലത്തുണ്ടെങ്കില്‍ റസ്റ്റ്ഹൗസിലെ ഒന്നാം നമ്പര്‍ മുറിയില്‍ ആളനക്കം കൂടും. തിരഞ്ഞെടുപ്പ് കാലമായാലും അല്ലെങ്കിലും. അവിടം കേന്ദ്രീകരിച്ചാകും പി കെ ജിയുടെ ചര്‍ച്ചകള്‍. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുടെ തുടക്കത്തില്‍ കൊല്ലത്തേക്ക് വീണ്ടും നറുക്ക് വീഴുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും കൊല്ലത്തേക്ക് ആദ്യം നിര്‍ദേശിച്ച പേരും ഗുരുദാസന്റേത് തന്നെ. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മൂന്നിലൊന്ന് പേര്‍ മത്സരിച്ചാല്‍ മതിയെന്ന പി ബി നിര്‍ദേശം വന്നതോടെ ഗുരുദാസന് ആദ്യവെട്ട് വീണു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മത്സരിക്കേണ്ടവരുടെ പട്ടികയില്‍ സിറ്റിംഗ് എം എല്‍ എമാരില്‍ എളമരം കരീമിനൊപ്പം ഗുരുദാസനെയും തഴഞ്ഞു.
സി പി എം വിഭാഗീയതയില്‍ വി എസിനൊപ്പമായിരുന്നു ഗുരുദാസന്‍. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലുമെല്ലാം വി എസിനെ കടന്നാക്രമിച്ച ചര്‍ച്ചകളില്‍ അതിനോടെല്ലാം വിയോജിച്ചു നിന്നു.
2001ലായിരുന്നു ഗുരുദാസന്റെ കന്നിയങ്കം. ആദ്യമത്സരത്തില്‍ വര്‍ക്കലയില്‍ തോറ്റു. രണ്ടാം അങ്കം 2006ല്‍ കൊല്ലത്ത്. ആര്‍ എസ് പിയിലെ ബാബുദിവകാരനെ തോല്‍പ്പിച്ചു. ഭൂരിപക്ഷം 11439 വോട്ട്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ സന്തതസഹചാരിയെ പോലെ മന്ത്രിസഭയിലെത്തി. തൊഴില്‍, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2011ലെ തിരഞ്ഞെടുപ്പിലും കൊല്ലത്ത് നിന്ന് ജനവിധി തേടി. കോണ്‍ഗ്രസിലെ കെ സി രാജനെ അന്ന് തോല്‍പ്പിച്ചത് 8540 വോട്ടിന്. മണ്ഡലത്തില്‍ ജനകീയനെന്ന് ഇക്കാലയളവില്‍ തന്നെ പേരെടുത്തു.
കൊല്ലം പറവൂര്‍ കോങ്ങാല്‍ സൂചിക്കഴികത്ത് കൃഷ്ണന്റെയും യശോദയുടെയും മകനായി 1925 ലാണ് ജനനം. പറവൂര്‍ തെക്കുംഭാഗം ഗവ. ഹൈസ്‌കൂള്‍, എസ് എന്‍ വി ഹൈസ്‌കൂള്‍, കോട്ടപ്പുറം ഹൈസ്‌കൂള്‍, കൊല്ലം എസ് എന്‍ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി.
പത്തൊമ്പതാം വയസില്‍ തുടങ്ങിയതാണ് ഗുരുദാസന്റെ രാഷ്ട്രീയ ജീവിതം. പ്രത്യേകിച്ച് പരമ്പരാഗത മേഖലയില്‍. അടിയന്തിരാവസ്ഥയില്‍ 19 മാസം ജയിലില്‍ കിടന്നു. തൊഴിലാളികള്‍ക്കിടയിലായിരുന്നു പ്രവര്‍ത്തനം. സി ഐ ടി യുവിന്റെ സംസ്ഥാന, ദേശീയ നേതൃത്വത്തില്‍ പലകുറി ഇരുന്നു.
19ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പറവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. 64ല്‍ പാര്‍ട്ടി പിളര്‍ന്ന് സി പി എം രൂപവത്കരിച്ചപ്പോള്‍ ചാത്തന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായി. 1981 മുതല്‍ 98 വരെ 18 കൊല്ലം സി പി എം ജില്ലാ സെക്രട്ടറിയായിരുന്നു. കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ്, സംസ്ഥാന കൈത്തറി തൊഴിലാളി കൗണ്‍സില്‍ പ്രസിഡന്റ് തുടങ്ങി പല ട്രേഡ് യൂനിയന്‍ സംഘടനകളുടെയും അമരത്തുണ്ട്.
സി പി എം തീരുമാനത്തില്‍ ഇനിയൊരു തിരുത്തുണ്ടായെങ്കില്‍ പാര്‍ലമെന്ററി രംഗത്ത് ഗുരുദാസനെ കാണില്ല. അല്ലെങ്കിലും മികച്ച പാര്‍ലമെന്റേറിയന്‍ എന്നതിനേക്കാള്‍ നല്ല ട്രേഡ് യൂനിയനിസ്റ്റ് എന്ന പേരാകും അദ്ദേഹത്തെ രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്.