എച്ച്‌സിയു: വിദ്യാര്‍ഥികള്‍ക്ക് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം

Posted on: March 27, 2016 2:26 am | Last updated: March 26, 2016 at 11:29 pm

HYDERABAD UNVSTYഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ അപ്പാ റാവുവിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ ലോക്കപ്പില്‍ വെച്ചും ക്രൂരമായ പോലീസ് മര്‍ദനത്തിനിരയായതായി റിപ്പോര്‍ട്ട്. ചേലപ്പള്ളി സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും സന്ദര്‍ശിച്ചവരോടാണ് വിദ്യാര്‍ഥികള്‍ ക്രൂരമായ മര്‍ദനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ആരോപണവിധേയനായി അവധിയില്‍ പ്രവേശിച്ച് തിരിച്ചെത്തിയപ്പോഴാണ് വി സിക്ക് നേരെ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. അതിനിടെ, റാവുവിനെ വി സി സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. സര്‍വകലാശാലയിലെ വിദ്യാര്‍ഥി മര്‍ദനം പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി ഈ ഉറപ്പ് നല്‍കിയത്. വി സിയെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കണമെന്നായിരുന്നു കോണ്‍ഗ്രസും എം ഐ എമ്മും ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍വകലാശാല സംസ്ഥാനത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ പ്രമേയം പാസാക്കാനാകില്ലെന്നായിരുന്നു മറുപടി.
ഈ മാസം 22ന് വൈകുന്നേരം ക്യാമ്പസില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത 36 ഓളം വിദ്യാര്‍ഥികള്‍ക്കാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയും സ്റ്റേഷനില്‍ വെച്ചും മര്‍ദനമേല്‍ക്കേണ്ടി വന്നത്. ക്യാമ്പസില്‍ നിന്ന് മിയാപൂര്‍ സ്റ്റേഷനിലേക്കുള്ള വഴിയില്‍ വാഹനം നിര്‍ത്തിയിട്ടും മര്‍ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കു നേരെ മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയും ഭീഷണിപ്പെടുത്തിയുമായിരുന്നു മര്‍ദനം.
ഏറ്റുമുട്ടല്‍ കൊലപാതകം നടത്തുമെന്നും ചില പോലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് ജയിലില്‍ കഴിയുന്ന ഒരു വിദ്യാര്‍ഥി വെളിപ്പെടുത്തി. അതുവരെയും അണിഞ്ഞിരുന്ന നെയിം ബോര്‍ഡുകള്‍ യൂനിഫോമില്‍ നിന്ന് അഴിച്ചുവെച്ചായിരുന്നു മര്‍ദനം.
അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിം വിദ്യാര്‍ഥികളെ പ്രത്യേകം തിരഞ്ഞുപിടിച്ച് മര്‍ദിച്ചതായി പല വിദ്യാര്‍ഥികളും പരാതിപ്പെട്ടതായി വിദ്യാര്‍ഥികളോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട മാത്തമാറ്റിക്‌സ് വിഭാഗം അധ്യാപകന്‍ പ്രൊഫ. തഥാഗതിന്റെ സഹോദരി കൂടിയായ അഡ്വ. ശൈന്തി വെളിപ്പെടുത്തി.
അതിനിടെ, ക്യാമ്പസില്‍ നടന്ന സംഭവങ്ങളില്‍ ഇതുവരെ വിദ്യാര്‍ഥിവിരുദ്ധ നിലപാടെടുത്ത തെലങ്കാന സര്‍ക്കാര്‍ നിലപാട് മയപ്പെടുത്താനുള്ള നീക്കങ്ങളാരംഭിച്ചതായി സൂചനയുണ്ട്. സര്‍ക്കാര്‍ നടപടികള്‍ ടി ആര്‍ എസിന് തിരിച്ചടിക്ക് കാരണമായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പുതിയ നീക്കം.