Connect with us

Gulf

ഇസ്‌ലാമിക് ടൂറിസം; യു എ ഇക്ക് ലോകത്ത് രണ്ടാം സ്ഥാനം

Published

|

Last Updated

അബുദാബി: ഇസ്‌ലാമിക് ടൂറിസം മാര്‍ക്കറ്റില്‍ ലോക റാങ്കിംഗില്‍ യു എ ഇ രണ്ടാം സ്ഥാനത്തെത്തി. മാസ്റ്റര്‍ കാര്‍ഡ്, ക്രസന്റ് റേറ്റിംഗ് എന്നീ സ്ഥാപനങ്ങള്‍ ഇസ്‌ലാമിക് ടൂറിസവുമായി ബന്ധപ്പെട്ട് 2016ലേക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് നിരവധി രാജ്യങ്ങളെ പിന്നിലാക്കി ഈ രംഗത്ത് യു എ ഇ ലോകതലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.
വിനോദസഞ്ചാര മേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച പ്രകടമാകുന്ന മേഖലയാണ് ഇസ്‌ലാമിക് ടൂറിസമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകതലത്തിലുള്ള മൊത്തം ടൂറിസം യാത്രകളില്‍ 10 ശതമാനവും ഇസ്‌ലാമിക് ടൂറിസവുമായി ബന്ധപ്പെട്ടതാണെന്ന് കണക്കുകള്‍ പറയുന്നു. ലോക ഇസ്‌ലാമിക് ടൂറിസം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത് മലേഷ്യയാണ്.
തുര്‍ക്കി, ഇന്തോനേഷ്യ, ഖത്വര്‍, സഊദി, ഒമാന്‍, മൊറോക്കോ, ജോര്‍ദാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് മൂന്നു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. മുസ്‌ലിം പശ്ചാത്തലമില്ലാത്ത രാജ്യങ്ങളില്‍ സിംഗപ്പൂര്‍, തായ്‌ലാന്റ്, യു കെ, ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ് എന്നിവയാണ് പട്ടികയില്‍ മുന്നില്‍ ഇടംപിടിച്ച രാജ്യങ്ങള്‍.
ഒന്നാം സ്ഥാനത്തെത്തിയ മലേഷ്യ, റാങ്കിംഗില്‍ 81.9 പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള യു എ ഇ സ്വന്തമാക്കിയത് 74.7 പോയിന്റാണ്. മുസ്‌ലിം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ യു എ ഇ ഗവണ്‍മെന്റ് നടപ്പാക്കുന്ന വിവിധങ്ങളായ പദ്ധതികളുടെ പ്രതിഫലനമാണ് ഈ ബഹുമതിയെന്ന് മാസ്റ്റര്‍ കാര്‍ഡിന്റെ യു എ ഇ പ്രതിനിധി വ്യക്തമാക്കി.

Latest