Connect with us

Gulf

സര്‍വകലാശാലാ പഠനത്തിന് അറബി പരീക്ഷ നിര്‍ബന്ധമില്ല

Published

|

Last Updated

ദുബൈ: സര്‍വകലാശാലാ പഠനത്തിന് അറബി മാതൃഭാഷയല്ലാത്തവര്‍ അറബി ഭാഷാ പരീക്ഷ പാസായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അറബി മാതൃഭാഷയല്ലാത്തവര്‍ക്ക് പരീക്ഷ ജയിച്ചിരിക്കണമെന്ന മാനദണ്ഡം ബാധകമാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ഇബ്രാഹീം അല്‍ ഹമ്മാദി വിശദീകരിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കി ബിരുദം ഉള്‍പെടെയുള്ള പഠനങ്ങള്‍ക്ക് ആഗ്രഹിക്കുന്നവര്‍ സര്‍വകലാശാലാ പ്രവേശനത്തിന് അറബിക് ഭാഷാ പരീക്ഷ ജയിച്ചിരിക്കമെന്ന കാര്യത്തില്‍ ഇതോടെ വ്യക്തതയായി. യു എ ഇയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ഉള്‍പെടെയുള്ള അറബി മാതൃഭാഷ അല്ലാത്തവര്‍ക്ക് പ്രവേശനത്തിന് ഇത്തരം ഒരു മാനദണ്ഡം പ്രശ്‌നം സൃഷ്ടിച്ചേക്കാമെന്ന ആശങ്ക ഇതോടെ മാറിയിരിക്കയാണ്.
പന്ത്രണ്ടാം തരം പാസാവുന്ന മുഴുവന്‍ അറബ് വിദ്യാര്‍ഥികളും ഉപരപഠനത്തിന് അറബി ഭാഷാ പരീക്ഷ പാസായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ദുബൈ പ്ലാന്‍ 2021ന്റെ ഭാഗമായ ക്രിയേറ്റീവ് ലാബുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷ പാസായിരിക്കണമെന്ന രീതിയില്‍ ചില പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പരീക്ഷ വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ല, അറബി ഭാഷയില്‍ കുട്ടികള്‍ക്ക് എത്രത്തോളം ഗ്രാഹ്യമുണ്ടെന്ന് കണ്ടെത്താനാണ് പരീക്ഷ നടത്തുന്നത്. പരിക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇനിയും കാര്യങ്ങള്‍ ചെയ്യാനുണ്ട്. ദേശീയ തലത്തില്‍ ഇത്തരത്തില്‍ ഒരു പരീക്ഷയാണ് ആലോചിക്കുന്നത്. അറബി മാതൃഭാഷ അല്ലാത്തവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ പരീക്ഷക്കിരിക്കാവുന്നതാണെന്നും അല്‍ ഹമ്മാദി പറഞ്ഞു.