മലബാര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടെ സമരം ഒരു മാസം പിന്നിട്ടു

Posted on: March 24, 2016 11:45 am | Last updated: March 24, 2016 at 11:45 am

mmcകോഴിക്കോട്: സംഘടനാ നേതാവിനെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മലബാര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യൂനിറ്റ് പ്രസിഡന്റ് ശ്രീമേഷ് കുമാറിനെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. ഇതിനിടെ സമരം പൊളിക്കാന്‍ മാനേജ്‌മെന്റ് ഭാഗത്ത് നിന്നും രൂക്ഷ ഇടപെടല്‍ നടക്കുന്നതായി സമരക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ ശ്രീമേഷിനെ തിരിച്ചെടുക്കുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്ന് സമരക്കാര്‍ അറിയിച്ചു.

2015 നവംബറില്‍ മലബാര്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും (യു എന്‍ എ) തമ്മിലുണ്ടാക്കിയ കരാര്‍ നടപ്പാക്കാത്തത് ചോദ്യം ചെയ്തതിനാണ് യു എന്‍ എ യൂനിറ്റ് പ്രസിഡന്റായ ശ്രീമേഷ് കുമാറിനെ പുറത്താക്കിയതെന്ന് സമരക്കാര്‍ പറയുന്നു. കഴിഞ്ഞ 30 ദിവസമായി തുടരുന്ന സമരത്തോട് മാനേജ്‌മെന്റ് മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്ന് മാത്രമല്ല അതിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നഴ്‌സുമാര്‍ സമരം ചെയ്യാനുണ്ടാക്കിയ പന്തലിന് മുന്നിലായി കഴിഞ്ഞ ദിവസം രാത്രി മെറ്റലും പാറ മണലും ഇറക്കി സമരത്തെ തടസപ്പെടുത്താനുള്ള ശ്രമം മാനേജ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ സമരക്കാരെത്തിയപ്പോള്‍ പന്തലില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. സമര പന്തലിന്റെ കാലുകള്‍ തകര്‍ത്തിട്ടുണ്ട്. ഏതു വിധേനയും സമരം അടിച്ചമര്‍ത്തുക എന്ന ലക്ഷ്യമാണ് മാനേജ്‌മെന്റിനുള്ളതെന്ന് യു എ എ നേതാക്കള്‍ പറഞ്ഞു. സമരം ചെയ്യുന്ന 170 സ്റ്റാഫ് നഴ്‌സുമാര്‍ക്ക് പകരമായി ഇതിനോടകം തന്നെ പുതിയ നഴ്‌സുമാരെ മാനേജ്‌മെന്റ് നിയമിച്ചു കഴിഞ്ഞു. ഇനി സമരം ഒത്തു തീര്‍ന്നാലും പഴയ നേഴ്‌സുമാരെ ആരെയും തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. മാത്രവുമല്ല സമരം ചെയ്യുന്നരുടെ പേര് വിവരങ്ങള്‍ മറ്റ് ആശുപത്രി അധികൃതര്‍ക്കും കൈമാറാനുള്ള പദ്ധതിയുമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു.