Connect with us

Kerala

ഹജ്ജ്: വെയ്റ്റിംഗ് ലിസ്റ്റ് തയ്യാറായി; പാസ്‌പോര്‍ട്ടുകള്‍ 28ന് എത്തിക്കണം

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ചവരില്‍ നിന്നുള്ള വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധികരിച്ചു. തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവരില്‍ നിന്നും ആദ്യമായി അപേക്ഷിച്ചവരില്‍ നിന്നുമാണ് നറുക്കെടുപ്പ് നടന്നത്. നാല് വര്‍ഷം അപേക്ഷിച്ചവരില്‍ നിന്നുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നാണ് ഒഴിവുവരുന്നതും പുതുതായി ലഭിക്കുന്ന സീറ്റിലേക്കും ഹാജിമാരെ നിയോഗിക്കുക.
കെ എല്‍ ആര്‍ (K L R) എന്ന കോഡിലായിരിക്കും ഇവരുടെ കവര്‍ നമ്പര്‍. വെയ്റ്റിംഗ് ലിസ്റ്റ് ഒന്ന് മുതല്‍ 500 വരെയുള്ളവര്‍ പാസ്‌പോര്‍ട്ടും ഒരു ഫോട്ടോയും (3.3x 3.5 വെളുത്ത പ്രതലം) ഈ മാസം 28ന് ഹജ്ജ് കമ്മിറ്റി ഓഫീസിലെത്തിക്കണം.
നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചവര്‍ ആദ്യ ഗഡുവായ 81,000 രൂപ അതത് അപേക്ഷകരുടെ ബേങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെയോ യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ശാഖയിലടക്കണം.
ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കണം. പേ ഇന്‍ സ്ലിപ്ലിന്റെ പില്‍ഗ്രിം കോപ്പി മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കണം. ഹാജിമാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട തീയതി പിന്നീട് അറിയിക്കും.
പണമടക്കുന്നതിന് ഓരോ കവറിനും പ്രത്യേകം റഫറന്‍സ് നമ്പര്‍ നല്‍കിയിട്ടുണ്ട്. ഈ റഫറന്‍സ് നമ്പര്‍ ഉറപ്പിച്ച് മാത്രമേ പണമടക്കാവൂ. ബേങ്ക് റഫറന്‍സ് റമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ ഇന്‍ സ്ലിപ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. (www.hajcommittee. com/ www.keralahajcommitte-e.org) പേ ഇന്‍ സ്ലിപ് ലഭ്യമാകുന്ന തീയതി ട്രെയിനര്‍മാര്‍ മുഖേന ലഭ്യമാകും.
രണ്ടാം ഗഡു തുക അടക്കേണ്ട തീയതി, ഹജ്ജ് പഠന ക്ലാസ്, കുത്തിവെപ്പ്, യാത്രാ തീയതി എന്നിവ പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0483 2710717.
ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം എല്‍ എമാരായ കെ മുഹമ്മദുണ്ണി ഹാജി, കെ എന്‍ എ ഖാദര്‍, സി പി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest