തിരുവനന്തപുരം: പുതിയ വിവരാവകാശ കമ്മീഷണറുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ശുപാര്‍ശകള്‍ ഗവര്‍ണറുടെ പരിഗണയിലായതിനാല്‍ ഹരജി അപക്വമാണെന്ന് കണ്ടാണ് ഹൈക്കോടതി തള്ളിയത്. വിന്‍സണ്‍ എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറായും അങ്കത്തില്‍ ജയകുമാര്‍, പിആര്‍ ദേവദാസ്, ജോസ് സി ചിറയില്‍, അബ്ദുല്‍ സലാം, എബി കുര്യാക്കോസ് എന്നിവരെ കമ്മീഷന്‍ അംഗങ്ങളായും നിയമിക്കാനുള്ള ശുപാര്‍ശയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്.
സെലക്ഷന്‍ കമ്മിറ്റിക്ക് അംഗങ്ങളെ നിര്‍ദേശിക്കാന്‍ അധികാരമുണ്ട്. അവരുടെ അധികാരത്തില്‍ ഇടപെടേണ്ട സാഹചര്യമില്ല. ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അംഗങ്ങളെ നിര്‍ദേശിച്ചത്.
ഇതില്‍ വിന്‍സണ്‍ എം പോളിന്റെ മുഖ്യവിവരാവകാശ കമ്മീഷണറാക്കാനുള്ള തീരുമാനത്തില്‍ വിഎസ് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വിഎസിന്റെ നിലപാടില്‍ വ്യക്തതയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കാരണം ബോധിപ്പിക്കാതെയാണ് വിഎസ് ഒപ്പിടാതിരുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.