തീരദേശത്തെ തഴുകാന്‍ കൊതിച്ച് ഇടതുപക്ഷം

Posted on: March 23, 2016 12:55 pm | Last updated: March 23, 2016 at 12:55 pm

താനൂര്‍:തീരദേശമായ താനൂര്‍ മണ്ഡലത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ എന്നും പാറിക്കളിച്ചത് മുസ്‌ലിംലീഗിന്റെ പച്ചക്കൊടിയായിരുന്നു. 1957 മുതല്‍ 2011 വരെ താനൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയവരില്‍ പ്രമുഖരായ നിരവധി പേരുണ്ട്. സി എച്ച് മുഹമ്മദ് കോയയെ രണ്ട് തവണയാണ് താനൂരിലെ വോട്ടര്‍മാര്‍ നിയമസഭയിലെത്തിച്ചത്. സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും യു എ ബീരാനും ഇ അഹമ്മദും സീതിഹാജിയും പി കെ അബ്ദുര്‍റബ്ബുമെല്ലാം താനൂരില്‍ നിന്ന് കോണി കയറിയവരാണ്. വിജയം ലീഗിനൊപ്പമാണെങ്കിലും പലപ്പോഴും ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാക്കി ഞെട്ടിക്കാന്‍ ഇടതുപക്ഷത്തിനായിട്ടുണ്ട്.

1957ല്‍ മുസ്‌ലിം ലീഗിന്റെ കരുത്തനായ സി എച്ച് മുഹമ്മദ് കോയയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശില്‍പിമാരിലൊരാളും സമര പോരാളിയുമായ ടി അസനാറുക്കുട്ടിയും തമ്മിലായിരുന്നു മത്സരം. 5267 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സി എച്ച് വിജയിച്ചു. 16787 വോട്ടുകള്‍ സിഎച്ച് മുഹമ്മദ് കോയക്കും 11520 വോട്ടുകള്‍ ടി അസനാറുക്കുട്ടിക്കുമാണ് ലഭിച്ചത്. തികഞ്ഞ പ്രതീക്ഷയിലും ആത്മ വിശ്വാസത്തിലും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിരുന്ന ടി അസനാറുക്കുട്ടിയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചത് സ്വന്തം അണികളിലെ കാലുമാറ്റമായിരുന്നു. കോണ്‍ഗ്രസിന്റെ ഈറ്റില്ലമെന്ന പേരും പെരുമയുമുണ്ടായിരുന്ന താനൂരില്‍ പിന്നീട് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല. പിന്നീട് 1960ല്‍ 19,448 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സി പി ഐ സ്ഥാനാര്‍ഥിയായിരുന്ന നടുക്കണ്ടി മുഹമ്മദ് കോയയെ പരാജയപ്പെടുത്തിയും 1965ല്‍ 4013 വോട്ടുകളുടെ കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് നേതാവായ കെ കുഞ്ഞി മുഹമ്മദിനെ പരാജയപ്പെടുത്തി സി മുഹമ്മദ് കുട്ടിയാണ് വിജയിച്ചത്.

1967ല്‍ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായ എം മൊയ്തീന്‍കുട്ടി ഹാജിയും കോണ്‍ഗ്രസിന്റെ ടി എ കുട്ടിയും തമ്മിലുള്ള പോരാട്ടത്തില്‍ 18728 വോട്ടുകളുടെ ഭൂരി പക്ഷത്തോടെയായിരുന്നു മൊയ്തീന്‍കുട്ടി ഹാജിയുടെ വിജയം. 1970ല്‍ കെ പി സി സി അംഗമായിരുന്ന യു കെ ദാമോദരനും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുമായിട്ടായിരുന്നു പോരാട്ടം. ഈ മത്സരത്തില്‍ 22147 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു ബാഫഖി തങ്ങളുടെ വിജയം. മുസ്‌ലിം ലീഗിന്റെ അഭിമാന പോരാട്ടം കൂടിയായിരുന്നു ഇത്. പിന്നീട് 1977ല്‍ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായ യു എ ബീരാനും സി മുഹമ്മദ്കുട്ടിയും തമ്മിലുള്ള ശക്തമായ പോരാട്ടത്തില്‍ 30728 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു എ ബീരാന്‍ വിജയിക്കുന്നത്. 1980ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു) നേതാവായ യു കെ ഭാസിയും മുസ്‌ലിം ലീഗിന്റെ നേതാവായ ഇ അഹമ്മദും തമ്മിലായിരുന്നു മത്സരം. 23733 വോട്ടുകളുടെ ഭൂരിക്ഷത്തോടെയാണ് ഇ അഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടത്. 1982ല്‍ 23,464 വോട്ടുകളുടെ ഭൂരിപക്ഷവും 1987ല്‍ 35,785 വോട്ടുകളുടെ ഭൂരി പക്ഷവും നേടി ഇ അഹമ്മദ് താനൂരില്‍ വീണ്ടും നിയമ സഭയിലെത്തി. 1991ല്‍ സീതിഹാജി 25847 വോട്ടിനും 1992ല്‍ കെ കുട്ടി അഹമ്മദ് കുട്ടി ഇടക്കാല തിരഞ്ഞെടുപ്പില്‍ 28183 വോട്ടിനും വിജയിച്ചു.

1996ല്‍ പി കെ അബ്ദുര്‍റബ്ബ് 20013 വോട്ടുകളുടെ ഭൂരിപക്ഷവും 2001ല്‍ 27014 വോട്ടുകളുടെ ഭൂരിപക്ഷവും നേടി രണ്ട് തവണ നിയമസഭയിലേക്കു കയറിയിട്ടുണ്ട്. 2006ല്‍ മുസ്‌ലിംലീഗിന്റെ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയും ഇടതു സ്വതന്ത്രന്‍ പി കെ മുഹമ്മദ് കുട്ടിയും തമ്മിലായിരുന്നു മത്സരം. ബിജെപിയും സ്വതന്‍ത്രന്‍മാരും കച്ചകെട്ടിയിറങ്ങിയ മത്സരം കൂടിയായതതിനാല്‍ മുസ്‌ലിം ലീഗിന് വന്‍ തിരിച്ചടി നേരിടേണ്ടി വന്നു. മുന്‍ വര്‍ങ്ങളെ അപേക്ഷിച്ചുകൊണ്ട് 11170 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ നേടാനായുള്ളു ലീഗിന്. 64038 വോട്ടുമാത്രമാണ് അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിക്ക് ലഭിച്ചത്. 2011ല്‍ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി തന്നെ ലീഗിന് വേണ്ടി കളത്തിലിറങ്ങി.
ഈ തിരഞ്ഞെടുപ്പില്‍ 9433 വോട്ടായിരുന്നു രണ്ടത്താണിയുടെ ഭൂരിപക്ഷം. വീണ്ടും താനൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ അദ്ദേഹത്തെ തന്നെ നിയോഗിക്കുമ്പോള്‍ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ വികസന നേട്ടങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് മുസ്‌ലിംലീഗ് നേതൃത്വത്തിന്.

പക്ഷെ, വോട്ട് ചോര്‍ച്ച ഓരോ വര്‍ഷവും കൂടി വരുന്നുവെന്നാണ് കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാകുന്നത്. 2004ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന് ലഭിച്ചത് 102758 വോട്ടുകളുടെ ഭൂരിപക്ഷമാണെങ്കില്‍ 2009ല്‍ നടന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇ ടി മുഹമ്മദ് ബശീറിന് ലഭിച്ചതാകട്ടെ 82684 വോട്ടുകളുടെ ഭൂരിക്ഷമായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇ ടി മുഹമ്മദ് ബശീറിന് ഭൂരിപക്ഷം കുറഞ്ഞു. 25410 വോട്ടുകളായി ചുരുങ്ങി. അതിനു ശേഷം നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാകട്ടെ താനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മുസ്‌ലിം ലീഗിന്റെ ഭൂരിപക്ഷം എന്നത് 4362 ലേക്ക് ചുരുങ്ങി.
2014ല്‍ ലോക് സഭയിലേക്ക് ഇ ടി മുഹമ്മദ് ബശീറിന്റെ എതിരാളിയായി മത്സരിക്കുച്ച വി അബ്ദുര്‍റഹ്മാനാണ് ഇത്തവണ എല്‍ ഡി എഫ് സ്വതന്ത്രനായി അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയോട് ഏറ്റു മുട്ടുന്നത്.
2011ലെ ഫലം
അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി (ലീഗ്) 51, 549
ഇ ജയന്‍ (സി പി എം) 42,116
രവി തേലത്ത്(ബി ജെ പി) 7304
കെ കെ മജീദ് കാസിമി (എസ് ഡി പി ഐ) 3137
നിയമ സഭയിലെത്തിയവര്‍
1957 സി എച്ച് മുഹമ്മദ് കോയ
1960 സിഎച്ച് മുഹമ്മദ് കോയ
1962 സി മുഹമ്മദ്കുട്ടി
1965 സി മുഹമ്മദ് കുട്ടി
1967 എം മൊയ്തീന്‍കുട്ടി ഹാജി
1970 സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍
1977 യു എ ബീരാന്‍
1980 ഇ അഹമ്മദ്
1982 ഇ അഹമ്മദ്
1987 ഇ അഹമ്മദ്
1991 പി സീതിഹാജി
1992 കെ കുട്ടി അഹമ്മദ് കുട്ടി
1996 പി കെ അബ്ദുര്‍റബ്ബ്
2001 പി കെ അബ്ദുര്‍റബ്ബ്
2006 അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി
2011 അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി