കിവീസ് സെമിയില്‍

Posted on: March 22, 2016 10:04 pm | Last updated: March 23, 2016 at 12:38 am
മാര്‍ട്ടിന്‍ ഗുപ്ടിലിന്റെബാറ്റിംഗ്‌
മാര്‍ട്ടിന്‍ ഗുപ്ടിലിന്റെബാറ്റിംഗ്‌

മൊഹാലി: ഐ സി സി ട്വന്റിട്വന്റി ലോകകപ്പില്‍ സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി ന്യൂസിലാന്‍ഡ്. പാക്കിസ്ഥാനെ 22 റണ്‍സിന് തകര്‍ത്താണ് കാന്‍ വില്യംസന്റെ നേതൃത്വത്തില്‍ കിവീസ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. രണ്ടാം തോല്‍വിയോടെ പാക്കിസ്ഥാന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റു. ഇന്ത്യയും ആസ്‌ത്രേലിയയുമാണ് ഗ്രൂപ്പില്‍ നിന്ന് രണ്ടാം സെമിഫൈനലിസ്റ്റാകാന്‍ ശക്തമായി രംഗത്തുള്ളത്.
ജയം അനിവാര്യമായ മത്സരത്തില്‍ ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലും (48 പന്തുകളില്‍ 80) ബൗളര്‍മാരും തകര്‍ത്താടിയതാണ് പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചത്.
സ്‌കോര്‍ : ന്യൂസിലാന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 180. പാക്കിസ്ഥാന്‍ ഇരുപതോവറില്‍ അഞ്ച് വിക്കറ്റിന് 158.
ന്യൂസിലാന്‍ഡിന് അതേ നാണയത്തില്‍ മറുപടി കൊടുത്ത പാക്കിസ്ഥാന്‍ അനായാസം ലക്ഷ്യം മറികടക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചു. ഓപണര്‍ ഷര്‍ജീല്‍ ഖാന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു പാക്കിസ്ഥാനികളെ ഉണര്‍ത്തിയത്. 25 പന്തില്‍ 47 റണ്‍സടിച്ച ഷര്‍ജീല്‍ പുറത്തായതോടെ സ്‌കോറിംഗ് മന്ദഗതിയിലായി.
ഇടക്ക് റണ്‍റേറ്റ് കുറയുകയും പിന്നീട് റണ്‍റേറ്റ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റുകള്‍ നഷ്ടമായതും പാക്കിസ്ഥാന് തിരിച്ചടിയായി. ന്യൂസിലാന്‍ഡ് ബൗളര്‍മാരാകട്ടെ റണ്ണൊഴുക്കു തടയാന്‍ തന്ത്രപൂര്‍വം പന്തെറിയുകയും ചെയ്തു. അഹമ്മദ് ഷെഹ്‌സാദ് (30), ഉമര്‍ അക്മല്‍ (24) എന്നിവര്‍ക്ക് പിറകെയെത്തിയ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി ഒമ്പത് പന്തില്‍ 19 റണ്‍സടിച്ച് മടങ്ങിയതോടെ പാക്കിസ്ഥാന്റെ കാര്യത്തില്‍ തീരുമാനമായി. പിന്നീട് ക്രീസിലെത്തിയ താരങ്ങളൊന്നും തന്നെ ലക്ഷ്യത്തിലേക്കുള്ള വെടിക്കെട്ടിന് പോന്നവരായിരുന്നില്ല.
നേരത്തെ പത്ത് ഫോറും മൂന്ന് സിക്‌സറുകളുമായി കളം നിറഞ്ഞ മാര്‍ട്ടിന്‍ ഗുപ്ടില്‍ ന്യൂസിലാന്‍ഡിന് മികച്ച സ്‌കോറൊരുക്കി. 36 റണ്‍സുമായി പുറത്താകാതെ നിന്ന റോസ് ടെയ്‌ലറാണ് കിവീസ് നിരയിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. വില്യംസണ്‍ പതിനേഴ് റണ്‍സും ആന്‍ഡേഴ്‌സന്‍ 21 റണ്‍സുമെടുത്തു. കിവീസ് ബൗളിംഗില്‍ സാനര്‍, മില്‍നെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഇഷാന്‍ സോധി ഒരു വിക്കറ്റെടുത്തു.