ദുബൈ കാത്തിരിക്കുന്ന നിമിഷത്തിലേക്ക് ഒരു ചുവടുകൂടി…

Posted on: March 22, 2016 6:49 pm | Last updated: March 22, 2016 at 6:49 pm

Dubai-Expo-2020ലോകത്തിന്റെ കണ്ണും കാതും ദുബൈയിലേക്ക് കേന്ദ്രീകരിക്കുന്ന, യു എ ഇ ജനത കാത്തിരിക്കുന്ന ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020യുടെ ലോഗോ അവതരണം വരുന്ന 27ന് വൈകുന്നേരം 6.30ന് ബുര്‍ജ് ഖലീഫക്കു മുമ്പില്‍ ദുബൈ മാള്‍ പരിസരത്ത് തടിച്ചുകൂടുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി നടക്കും. രാജ്യത്തിന്റെ അഭിമാനമാകാന്‍ പോകുന്ന വാണിജ്യ-സാംസ്‌കാരിക മഹാ മാമാങ്കത്തിലേക്കുള്ള കുതിപ്പിന് പുതിയ വേഗം കൂട്ടും ഇത്. രാജ്യമാകമാനം ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പാരമ്യത്തിലെത്തും. ഇതിനു വേണ്ടി കൂട്ടായി നാം മുന്നേറുമ്പോള്‍ നാം കണ്ട സ്വപ്‌നത്തിലേക്കുള്ള ചുവടുവെപ്പ് യാഥാര്‍ഥ്യമാവുകയാണെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും 2020 എക്‌സ്‌പോ ഡയറക്ടര്‍ ജനറലുമായ റീം അല്‍ ഹാശിമി പറഞ്ഞു.
മനുഷ്യവൈഭവം ആഘോഷിക്കാനായി നൂറുകണക്കിന് രാജ്യങ്ങളെയും ലക്ഷക്കണക്കിന് ജനങ്ങളെയും ഒരുകുടക്കീഴില്‍ അണിനിരത്തുകയെന്നതാണ് എക്‌സ്‌പോ 2020യുടെ ലക്ഷ്യം. 438 ഹെക്ടര്‍ പ്രദേശത്ത് ഒരുക്കുന്ന എക്‌സ്‌പോയുടെ പൂര്‍ണ വിജയത്തിന്നായി വളരെ വ്യക്തമായാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് റീം അല്‍ ഹാശ്മി കൂട്ടിച്ചേര്‍ത്തു. 2017 അവസാനത്തോടെ ഇതിന്റെ അന്തിമ ഡിസൈന്‍ പൂര്‍ത്തിയാവും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതിനാവശ്യമായ പവലിയനുകളുടെ നിര്‍മാണം നടക്കും. അവസാന രണ്ട് വര്‍ഷത്തോടെ പ്രവൃത്തികള്‍ പൂര്‍ണമായും പൂര്‍ത്തീകരിച്ച് എക്‌സ്‌പോയുടെ തീം പൂര്‍ത്തീകരിക്കും. ഇതോടെ ‘ഹൃദയങ്ങളെ ബന്ധിപ്പിക്കുക, ഭാവി കെട്ടിപ്പടുക്കുക’ എന്ന സന്ദേശത്തിലൂന്നി പുതിയൊരു ഭാവി സൃഷ്ടിക്കാന്‍ നമുക്ക് കഴിയും.
ലോകത്തെ 13 മികച്ച നിര്‍മാണ കമ്പനികള്‍ ഒരുക്കിയ പവലിയന്റെ തീം ഡിസൈന്‍ മത്സര വിജയികളെ ഇതിനോടകം പ്രഖ്യാപിച്ചു. കോപ്പന്‍ ഹേഗനിലുള്ള ബ്ജാര്‍ക്കെ ഇംഗെല്‍സ് ഗ്രൂപ്പ് (ബി ഐ ജി) ആണ് മികച്ച പവലിയന്‍ ഡിസൈന്‍ ചെയ്ത് വിജയികളായത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രിംഷ്വ ആര്‍ക്കിടെക്റ്റ്‌സും വിജയികളായി.
ഈയൊരു മഹാസംഭവം പര്യവസാനിക്കുന്നതോടെ യു എ ഇ ഒരു പുതിയ പൈതൃകത്തിന്റെ അവകാശികളായി മാറും. ‘യു എ ഇ കേവലം ഒരു രാഷ്ട്രമല്ല, മറിച്ച് ഒരു രാജ്യത്തിനകത്തുള്ള ലോകമാണ്’ എന്ന ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വിശ്വാസത്തെ പ്രതിഫലിപ്പിക്കും വിധം ദുബൈയില്‍ വസിക്കുന്ന 160ലധികം രാജ്യങ്ങളില്‍ നിന്നുള്ളവരും അവരുടെ കുടുംബങ്ങളും ലോകത്താകമാനമുള്ള ദുബൈയുടെ അഭ്യുദയകാംക്ഷികളും ഒരേ മനസോടെ എക്‌സ്‌പോയെ സ്വീകരിക്കും.
രാജ്യാന്തര നഗരമെന്ന നിലക്ക് ദുബൈയുടെ സ്ഥാനം വാനോളമുയര്‍ത്താന്‍ വേള്‍ഡ് എക്‌സ്‌പോ 2020 ഇടയാക്കുമെന്ന കാര്യം തീര്‍ച്ച. ഓരോ എക്സ്പോ കഴിയുമ്പോഴും അത് നടന്ന സ്ഥലം വിനോദസഞ്ചാര കേന്ദ്രമായി രൂപമാറ്റം പ്രാപിക്കുന്നതായാണ് ചരിത്രം. അതിന് ഉത്തമ ഉദാഹരണങ്ങളാണ് പാരീസിലെ ഈഫല്‍ ടവറും ബാഴ്‌സലോണയിലെ മോണ്ട്ജ്യൂയിക് പാര്‍ക്കും ബ്രസല്‍സിലെ ഓട്ടോമിയവും വാഷിംഗ്ടണ്‍ സ്‌പേസ് നീഡിലുമെല്ലാം. എക്‌സ്‌പോ വേദിയും ഇത്തരത്തിലൊരു സ്തംഭമായി എന്നും നിലനില്‍ക്കും.
എക്‌സ്‌പോ നഗരിയുടെ നിര്‍മാണ ചാരുതയും അടിസ്ഥാന സൗകര്യങ്ങളും എല്ലാകാലത്തും ലോകമനസ്സുകളില്‍ ഇടംപിടിക്കുന്ന രീതിയിലുള്ളതായിരിക്കും. പ്രാദേശിക-അന്തര്‍ദേശീയ കോര്‍പറേറ്റുകളുമായി സഹകരിച്ച് എക്‌സ്‌പോയുടെ നഗരി മികച്ച സാങ്കേതിക വിദ്യകളുപയോഗിച്ച് ദീര്‍ഘകാലം ഉപയോഗപ്പെടുത്താനാവുന്ന രീതിയിലാക്കി മാറ്റും.
സൃഷ്ടിക്കപ്പെടുന്ന സൗകര്യങ്ങളെല്ലാം എല്ലാക്കാലത്തും ഉപയോഗിക്കാനുള്ള കാര്യക്ഷമത എക്കാലവും ദുബൈക്കുണ്ട്. അതുകൊണ്ടുതന്നെ എക്‌സ്‌പോക്ക് ശേഷവും ലോകോത്തരമായ മേളകള്‍ക്ക് ഈ നഗരം വേദിയാകും.
സുവ്യക്തമായൊരു സാമ്പത്തികശേഷി എക്‌സ്‌പോയിലൂടെ നാം കൈവരിക്കുമെന്നും സൈറ്റിന്റെ നിര്‍മാണത്തിലേക്കായി 71.5 ബില്യണ്‍ ദിര്‍ഹം അധികമായി നീക്കിവെച്ചിട്ടുണ്ടെന്നും റീം അല്‍ ഹാശിമി വ്യക്തമാക്കി.
ഒരര്‍ഥത്തില്‍ ധാര്‍മികവും വൈകാരികവുമായ ഒരു പൈതൃകം എക്‌സ്‌പോ സൃഷ്ടിക്കും. മധ്യപൗരസ്ത്യ ദേശത്തും അറബ് രാജ്യങ്ങള്‍ക്കിടയിലും ഇത്തരമൊരു സംരംഭം ആദ്യമായി ഏറ്റെടുത്ത് നടത്തുന്നതെന്ന പെരുമ നമുക്ക് അവകാശപ്പെട്ടതായി മാറും. എക്‌സ്‌പോയില്‍ രാജ്യത്തെ ജനങ്ങളുടെ പങ്ക് മുഴുവന്‍ ജനങ്ങള്‍ക്കിടയിലും മാറ്റം സൃഷ്ടിക്കും, എല്ലാ മേഖലയിലും ഇതിന്റെ ഗുണങ്ങള്‍ പ്രതിഫലിക്കുകയും ചെയ്യും.
180 രാജ്യങ്ങളില്‍ നിന്നുള്ള 2.5 കോടി സന്ദര്‍ശകര്‍ക്ക് വിശാല വീക്ഷണത്തോടെയുള്ള ആശയങ്ങളും സാംസ്‌കാരിക വൈവിധ്യവും അനുഭവിച്ചറിയാന്‍ കഴിയും. യു എ ഇയുടെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിച്ച് നമ്മുടെ യശ്ശസ് ലോകത്തിനു മുന്നില്‍ ഉയര്‍ത്താന്‍ ഇതോടെ നമുക്ക് സാധിക്കും. ഈ ഒരു ഇവന്റ് രാജ്യത്തിന്റെ പ്രതാപം ഉയര്‍ത്തുന്നതോടൊപ്പം യു എ ഇ ജനതയുടെ സാമൂഹിക പാരമ്പര്യം എന്നെന്നും കാത്തുസൂക്ഷിക്കുന്നതുമാകും.
ഇവിടെ ജീവിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പരസ്പര പ്രവര്‍ത്തനത്തിലൂടെ നിരവധി ആശയങ്ങളും സംരംഭങ്ങളും സൃഷ്ടിക്കുന്നതിനുള്ള എണ്ണമറ്റ സാധ്യതകളാണ് എക്‌സ്‌പോയിലൂടെ പിറക്കാന്‍ പോവുന്നത്. ഇതാണ് ‘ഹൃദയങ്ങളെ ബന്ധിപ്പിക്കുക, ഭാവി കെട്ടിപ്പടുക്കുക’ എന്ന സന്ദേശം എക്‌സ്‌പോ മുന്നോട്ടുവെക്കുന്നത്. ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങള്‍ ഒരു കുടക്കീഴില്‍ നമുക്ക് ഇവിടെ അനുഭവിക്കാനാകും. സന്ദര്‍ശകര്‍ ഇതുവരെ അനുഭവിക്കാത്തതും അവരെ അതിശയിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ഒരു കണ്ണാടിച്ചില്ലിലൂടെന്ന പോലെ ഇവിടെ ദര്‍ശിക്കാം.
ജനങ്ങളുടെ ചിന്തോദ്ദീപനമായ ആശയങ്ങള്‍ പങ്കുവെക്കാനും അഗാധമായ ചിന്തകളിലൂടെ വൈവിധ്യങ്ങളായ ആശയങ്ങള്‍ രൂപപ്പെടുത്താനും ഉതകുന്ന സെഷനുകള്‍ എക്‌സ്‌പോയുടെ ഭാഗമായി നടക്കും. യുവജനങ്ങളെ ഏകോപിപ്പിച്ച് ‘യൂത്ത് കണക്ട്’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
ജബല്‍ അലിയിലെ ലോകോത്തര നിലവാരവുമുള്ള വിമാനത്താവളവും മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ തുറമുഖവും എക്സിബിഷന്‍ സ്ഥലത്തേക്ക് രാജ്യത്തെ എല്ലാ ഭാഗങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡുകള്‍, മെട്രോ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍തന്നെ ദുബൈയിലുണ്ട്.
കൂടാതെ വിഭിന്ന മേഖലകളില്‍ നിരവധി അവസരങ്ങളുടെ ജാലകങ്ങള്‍ എക്സ്പോ 2020 ലോകത്തിന് മുന്നില്‍ തുറന്നിടും. ടൂറിസമാകും ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാകുന്ന പ്രധാന മേഖല. അതിനാല്‍തന്നെ ഈ മേഖലയില്‍ വന്‍ അവസരങ്ങളാകും സൃഷ്ടിക്കപ്പെടുക. റിയല്‍ എസ്റ്റേറ്റ്, എന്‍ജിനീയറിംഗ് മേഖലകള്‍ക്കും വമ്പിച്ച ഉത്തേജനം പകരും. ധനകാര്യ സ്ഥാപനങ്ങള്‍, എന്‍ജിനീയറിംഗ് ഡിസൈനര്‍ രംഗത്തുള്ളവര്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിവര്‍ക്ക് ധാരാളം അവസരങ്ങളുണ്ടാകും. അതോടൊപ്പം നിര്‍മാണ മേഖലക്കും വളരെ വലിയ നേട്ടമുണ്ടാകും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ നിരവധി പ്രൊഫഷണലുകളും വിദഗ്ധ, അര്‍ധ വിദഗ്ധ, അവിദഗ്ധ തൊഴിലാളികളെ ആവശ്യമായിവരും.
യു എ ഇ രൂപീകൃതമായതിന്റെ 50-ാം വര്‍ഷികത്തില്‍ ദുബൈയിലേക്കെത്തുന്ന എക്‌സ്‌പോ 2020 പറഞ്ഞറിയിക്കാനാകാത്ത അതുല്യമായ പ്രചോദനവും അനുഭവവുമായിരിക്കും സമ്മാനിക്കുകയെന്നും റീം അല്‍ ഹാശിമി പറയുന്നു.