Connect with us

International

ഭൂരിപക്ഷ പിന്തുണയുള്ളവരെ സ്ഥാനാര്‍ഥിയാക്കണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളി

Published

|

Last Updated

വാഷിംഗ്ടണ്‍: ഭൂരിപക്ഷം പാര്‍ട്ടി ഡെലിഗേറ്റുകളുടെ പിന്തുണയുള്ളവരെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം റിപ്പബ്ലിക്കന്‍ നാഷനല്‍ കമ്മിറ്റി തള്ളിക്കളഞ്ഞു. ട്രംപിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി അധ്യക്ഷന്‍ റെയ്ന്‍സ് പ്രീബസ് വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനാര്‍ഥി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് ഈ തീരുമാനം വലിയ തിരിച്ചടിയായിരിക്കുകയാണ്. ഭൂരിപക്ഷം ഡെലിഗേറ്റുകളുടെ പിന്തുണയുള്ളവര്‍ സ്വാഭാവികമായും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ പാര്‍ട്ടിയുടെ നോമിനേഷന് ആവശ്യമായ 1237 ഡെലിഗേറ്റുകളുടെ പിന്തുണ അത്യാവശ്യമാണെന്നും ഇത്തരത്തില്‍ നിലവിലെ മത്സരികള്‍ക്ക് പിന്തുണ ലഭിച്ചില്ലെങ്കില്‍ പിന്നെ ഇക്കാര്യം തീരുമാനിക്കേണ്ടത് റിപ്പബ്ലിക്കന്‍ ഡെലിഗേറ്റുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരിസോണയിലും ഉത്തായിലും നാളെ നിര്‍ണായകമായ പ്രൈമറികള്‍ നടക്കുകയാണ്. ഇതിന് മുന്നോടിയായാണ് റെയ്ന്‍സ് പ്രീബസ് നിലപാട് വ്യക്തമാക്കിയത്. ഡെലിഗേറ്റുകളിലെ ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തിനെ ഭരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 678 ഡെലിഗേറ്റുകളുടെ പിന്തുണ മാത്രമാണ് ട്രംപിന് ലഭിച്ചത്. എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് ട്രംപ് ഏറെ മുന്നിലാണ് താനും. പക്ഷേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയമമനുസരിച്ച് 1237 ഡെലിഗേറ്റുകളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യാനാകൂ.1237 ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പിക്കണമെങ്കില്‍ ഇനി ശേഷിക്കുന്ന പ്രൈമറികളില്‍ 60 ശതമാനത്തോളം ഡെലിഗേറ്റുകളുടെ പിന്തുണ ആവശ്യമാണ്. എന്നാല്‍ എങ്ങനെ നോക്കിയാലും കിട്ടാവുന്നതിന്റെ പരമാവധി 40 ശതമാനം പിന്തുണ മാത്രമാണ്. 45 കാരനായ ടെഡ് ക്രൂസ് 423 ഡെലിഗേറ്റുകളുടെ പിന്തുണയോടെ തൊട്ടുപിറകിലുണ്ട്. എന്നാല്‍ ഇദ്ദേഹത്തിനും ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാനാകുമോ എന്ന കാര്യം ഉറപ്പില്ല. പൂര്‍ത്തിയാക്കാന്‍ ഒരു സ്ഥാനാര്‍ഥിക്കും ആയില്ലെങ്കില്‍ നിലവിലെ ഡെലിഗേറ്റുകളെ ഏത് സ്ഥാനാര്‍ഥിയെ പിന്തുണക്കാനും അനുമതി നല്‍കുകയും അതനുസരിച്ച് പിന്നീട് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുകയും ചെയ്യും. ക്യാമ്പയിന്‍ പരിപാടികള്‍ നടത്താത്ത സ്ഥാനാര്‍ഥികളെ വരെ ഈ രീതിയില്‍ ഡെലിഗേറ്റുകള്‍ക്ക് തിരഞ്ഞെടുക്കാം.

Latest