ജയലളിതയെ തളര്‍ത്താന്‍ ‘പ്രമാദ സഖ്യം’ ഒരുങ്ങുന്നു

Posted on: March 22, 2016 5:10 am | Last updated: March 22, 2016 at 12:11 am
കരുണാനിധിയും വിജയകാന്തും (ഫയല്‍)
കരുണാനിധിയും വിജയകാന്തും (ഫയല്‍)

ചെന്നൈ: ജയലളിതയുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കനത്ത ആഘാതമായേക്കാവുന്ന സഖ്യ നീക്കങ്ങള്‍ തമിഴ്‌നാട്ടില്‍ സജീവം. കഴിഞ്ഞ തവണ ജയലളിതയുടെ എ ഐ എ ഡി എം കെക്കൊപ്പമായിരുന്ന വിജയകാന്തിന്റെ ഡി എം ഡി കെ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ വിജയകാന്തുമായുള്ള സഖ്യത്തിന് സാധ്യത അടഞ്ഞിട്ടില്ലെന്നാണ് ഡി എം കെ മേധാവി കരുണാനിധി പറയുന്നത്. ഇപ്പറയുന്നത് ശരിയാണെങ്കില്‍, അണിയറയില്‍ അര്‍ഥവത്തായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍ തമിഴ് രാഷ്ട്രീയ മണ്ഡലത്തില്‍ വഴിത്തിരിവായേക്കാവുന്ന വാര്‍ത്തക്കാണ് കാതോര്‍ക്കേണ്ടി വരിക.
ഡി എം ഡി കെയുമായുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും സഖ്യ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഡി എം കെ മേധാവി കരുണാനിധി പറഞ്ഞു. ‘സംഭവിക്കുന്നു, സഖ്യം സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’- ചര്‍ച്ചകള്‍ സംബന്ധിച്ച വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് കരുണാനിധിയുടെ മറുപടി ഇതായിരുന്നു. ഈ ഉത്തരം പ്രതിപക്ഷ നിര അവഗണിക്കാവുന്നതാകില്ലെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ ഡി എം കെ മാത്രമല്ല കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച വിജയകാന്തിന് പിറകെയുള്ളത്. ബി ജെ പിയും നാല് പാര്‍ട്ടികളുടെ സഖ്യമായ പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ടും ഡി എം ഡി കെയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ആരോടാകും വിജയകാന്ത് പ്രസാദിക്കുക എന്നതാണ് ചോദ്യം. ഇപ്പോള്‍ പ്രവചിക്കാവുന്ന ഉത്തരം ഡി എം കെ എന്ന് തന്നെയാണ്.
എത്ര സീറ്റില്‍ ഡി എം കെ മത്സരിക്കുമെന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാന്‍ കരുണാനിധി തയ്യാറായില്ല. തിരഞ്ഞെടുപ്പ് പ്രചാരണം എന്ന് തുടങ്ങുമെന്ന ചോദ്യത്തിന് നിങ്ങള്‍ കാര്യമായ പ്രചാരണം നടത്തുന്നുണ്ടല്ലോ എന്നായിരുന്നു കരുണാനിധിയുടെ മറുപടി. ഒരാഴ്ച മുമ്പ് ചെന്നൈയില്‍ സംഘടിപ്പിച്ച റാലിയില്‍ തങ്ങള്‍ ഇത്തവണ ഒറ്റക്ക് മത്സരിക്കുമെന്ന് വിജയകാന്ത് പ്രഖ്യാപിച്ചിരുന്നു. 65 ജില്ലാ സെക്രട്ടറിമാര്‍ പങ്കെടുത്ത യോഗത്തിന് ശേഷമാണ് കരുണാനിധി ഇക്കാര്യം പറഞ്ഞത്. മെയ് 16ന് തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ നിന്നും പുതുച്ചേരിയില്‍ നിന്നുമുള്ള ജില്ലാ സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. മുതിര്‍ന്ന നേതാക്കളായ എം കെ സ്റ്റാലിന്‍, എസ് ദുരൈമുരുഗന്‍, എം കെ കനിമൊഴി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
സഖ്യരൂപവത്കരണം സംബന്ധിച്ച് പോലും തീരുമാനമാകാത്ത സാഹചര്യത്തില്‍ സീറ്റ് വിഭജനത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കരുണാനിധി പറഞ്ഞു. ഡി എം കെ ഇതിനകം കോണ്‍ഗ്രസുമായും മുസ്‌ലിം പാര്‍ട്ടികളായ മുസ്‌ലിം ലീഗുമായും എം എം കെയുമായും സഖ്യമുറപ്പിച്ചിട്ടുണ്ട്.