അധിക സീറ്റില്ലെന്ന് കോണ്‍ഗ്രസ്; വഴങ്ങാതെ മാണി

Posted on: March 22, 2016 5:40 am | Last updated: March 21, 2016 at 11:43 pm

k m maniതിരുവനന്തപുരം: സീറ്റ് വിഭജനത്തിനായുള്ള യു ഡി എഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ചതില്‍ കൂടുതല്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് കേരളാകോണ്‍ഗ്രസ് എമ്മിനെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഒരു സീറ്റെങ്കിലും അധികം വേണമെന്ന് കെ എം മാണിയും ഉറച്ച നിലപാടെടുത്തതോടെ അവരുമായുള്ള ചര്‍ച്ച വഴി മുട്ടി. ഏഴ് സീറ്റ് എന്നതില്‍ ജെ ഡി യുവുമായി ധാരണയിലെത്തിയെങ്കിലും മത്സരിക്കുന്ന മൂന്ന് സീറ്റുകള്‍ വെച്ചുമാറണമെന്ന ആവശ്യത്തില്‍ തര്‍ക്കം തുടരുന്നു. അഞ്ച് സീറ്റ് നല്‍കാമെന്ന വാഗ്ദാനം ആര്‍ എസ് പി തള്ളി. കേരളാകോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പുമായും ധാരണയിലെത്തിയില്ല. ജേക്കബ് ഗ്രൂപ്പുമായി ഇന്നും ജെ ഡി യു, ആര്‍ എസ് പിയുമായും നാളെയും ചര്‍ച്ച നടത്തും.
സീറ്റ് ധാരണ വൈകിയതിലുള്ള അതൃപ്തി ഘടകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഘടകക്ഷികളെ സമ്മര്‍ദത്തിലാക്കി സീറ്റ് വിഭജനം വൈകിക്കുയാണെന്ന് ഇവര്‍ പറയുന്നു. അതേസമയം, സീറ്റ് വിഭജന ചര്‍ച്ചകള്‍ 28ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിന് ഇനിയും സമയം അവശേഷിക്കുന്നതിനാല്‍ ധൃതിപിടിച്ചുള്ള തീരുമാനങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി പി എമ്മിന്റെയും ബി ജെ പിയുടെയും പട്ടികകള്‍ പുറത്തുവരുന്നതു വരെ കാത്ത് നില്‍ക്കണമെന്ന അഭിപ്രായവും കോണ്‍ഗ്രസിലുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റില്‍ ഇത്തവണയും മത്സരിക്കാമെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം മാണിയെ അറിയിച്ചത്.
കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച സീറ്റുകളുടെ എണ്ണത്തില്‍ തട്ടിയാണ് തടസ്സപ്പെട്ടത്. 15 സീറ്റില്‍ തന്നെ ഇത്തവണയും മത്സരിക്കാമെന്നും ആവശ്യമെങ്കില്‍ സീറ്റുകള്‍ വെച്ചുമാറുന്നത് പരിഗണിക്കാമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കെ എം മാണിയെ അറിയിച്ചു. മൂന്ന് സീറ്റ് അധികമായി ആവശ്യപ്പെട്ടിരുന്ന മാണി ഒന്നെങ്കിലും കൂടുതല്‍ കിട്ടിയെ മതിയാകൂ എന്ന നിലപാടെടുത്തു. ഇതിന് കോണ്‍ഗ്രസും വഴങ്ങാതെ വന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. കഴിഞ്ഞ തവണ 15 സീറ്റില്‍ മത്സരിച്ച മാണിയുടെ ആവശ്യം 18 സീറ്റായിരുന്നു. എന്നാല്‍ ഇന്നലത്തെ ചര്‍ച്ചയില്‍ അവര്‍ ഇതു 16 ആയി കുറച്ചെന്നു പി പി തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍, ഒരു സീറ്റ് പോലും അധികം നല്‍കാനാകില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. കുട്ടനാട്, പൂഞ്ഞാര്‍ സീറ്റുകള്‍ തിരികെ കിട്ടണമെന്ന ആവശ്യവും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ഒരു സീറ്റ് അധികം ലഭിച്ചാല്‍ വെച്ചുമാറലിനു മാണി ഗ്രൂപ്പ് തയാറായേക്കുമെന്നാണു സൂചന. നാളെയാണ് ഇവരുമായി വീണ്ടും ചര്‍ച്ച വെച്ചിട്ടുള്ളത്. ഈസ്റ്റര്‍ കഴിഞ്ഞ ശേഷമേ ഇനി ചര്‍ച്ചക്കു സാധ്യതയുള്ളൂ.
ആര്‍ എസ് പിയുമായുള്ള ചര്‍ച്ചയിലും സീറ്റുകളുടെ കാര്യത്തില്‍ സമവായമായിട്ടില്ല. അഞ്ച് സീറ്റേ നല്‍കാനാകൂവെന്നു കോണ്‍ഗ്രസ് പറയുമ്പോള്‍ ആറെങ്കിലും കിട്ടണമെന്ന ആവശ്യത്തില്‍ ആര്‍ എസ് പി ഉറച്ചു നില്‍കുന്നു. കൊല്ലത്തെ മൂന്നിനു പുറമെ ഒരു പുതിയ സീറ്റും തിരുവനന്തപുരത്തും മലബാറിലും ഓരോ സീറ്റുമാണ് അവരുടെ ആവശ്യം. എന്നാല്‍, കൊല്ലത്തെ നിലവിലെ സീറ്റുകള്‍ക്ക് പുറമെ ആറ്റിങ്ങലും മലബാറില്‍ ഒരു സീറ്റും നല്‍കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ആറ്റിങ്ങലിനു പകരം ചിറയിന്‍കീഴ് വേണമെന്നാണ് ആര്‍ എസ് പിയുടെ ആവശ്യം. ഇന്നലെ രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും ഇക്കാര്യത്തില്‍ ധാരണയായില്ല. കൊല്ലത്ത് നിലവിലെ മൂന്നിന് പുറമെ ഒന്നുകൂടി വേണം. തിരുവനന്തപുരത്ത് ഒന്ന് പിന്നെ മലബാറില്‍ എന്നിങ്ങനെയാണ് ആര്‍ എസ് പിയുടെ ഡിമാന്‍ഡ്. കൊല്ലത്ത് നിലവിലെ മൂന്ന് സീറ്റും തിരുവനന്തപുരത്ത് ആറ്റിങ്ങലും മലബാറില്‍ ഒരു സീറ്റും കൂടി നല്‍കുമെന്ന് കോണ്‍ഗ്രസും അറിയിച്ചു.
ജെഡിയുവിന്റെ കാര്യത്തില്‍ ഏകദേശ ധാരണയായെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നലെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.