Connect with us

International

ചരിത്രമെഴുതി ഒബാമയുടെ ക്യൂബ സന്ദര്‍ശനം

Published

|

Last Updated

ക്യൂബയിലെ ഹവാനയിലെത്തിയ യു എസ് പ്രസിഡന്റ് ബരാക് ഒബാമ അഭിവാദ്യം ചെയ്യുന്നു. ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് സമീപം.

ഹവാന: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്യൂബ സന്ദര്‍ശനത്തിന് തുടക്കമായി. ചരിത്രത്തില്‍ ഇടം നേടിയ സന്ദര്‍ശനത്തിനായി കുടുംബസമേതം ഹവാനയിലെ ജോസ് മാര്‍ട്ടിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒബാമക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് വിമാനത്താവളത്തിലെത്തി ഒബാമയെ സ്വീകരിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിച്ഛേദിച്ച നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഒബാമ ക്യൂബയിലെത്തിയത്. 1959ലെ വിപ്ലവത്തിനു ശേഷം ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യ യു എസ് പ്രസിഡന്റാണ്. ചരിത്രപ്രധാനമെന്നാണ് ഹവാനയിലെ യു എസ് എംബസി വീണ്ടും തുറന്ന് നടത്തിയ പ്രസംഗത്തില്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്.
ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി ഒബാമ കൂടിക്കാഴ്ച നടത്തി. വാണിജ്യ, രാഷ്ട്രീയ പരിഷ്‌കരണങ്ങളെ കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയുമായി ഒബാമ കൂടിക്കാഴ്ച നടത്തില്ല. ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം കൈക്കൊണ്ടിരുന്നു. 2014ല്‍ റൗള്‍ കാസ്‌ട്രോയും ഒബാമയും ചരിത്രപ്രസിദ്ധമായ കരാറിലെത്തിയതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കം തുടങ്ങിയത്.
88 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യു എസ് പ്രസിഡന്റ് ക്യൂബയിലെത്തുന്നത്. 1928ല്‍ അന്നത്തെ യു എസ് പ്രസിഡന്റായിരുന്ന കാള്‍വിന്‍ ആണ് ഇതിന് മുമ്പ് ക്യൂബ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം പഴയ ഹവാന നഗരം ഒബാമയും കുടുംബവും സന്ദര്‍ശിച്ചു. ക്യൂബയുമായുള്ള ശീതയുദ്ധം അവസാനിപ്പിക്കാനുള്ള ഒബാമയുടെ നീക്കങ്ങള്‍ക്ക് യു എസില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്.
ഒബാമയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഹവാനയില്‍ ഒരുക്കിയത്. റോഡിനിരുവശവും ഒബാമയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡുകള്‍ നിറഞ്ഞിട്ടുണ്ട്.

Latest