കുഴഞ്ഞു വീണവനെ മദ്യപാനിയാക്കി; സോഷ്യല്‍ മീഡിയ സലീമിനോട് ചെയ്തത്

Posted on: March 21, 2016 6:46 pm | Last updated: March 21, 2016 at 6:46 pm

police salimന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് ലക്കുകെട്ട് താഴെ വീണുവെന്ന പേരില്‍ മലയാളിയായ മുഹമ്മദ് സലീം എന്ന പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയ ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു സലീം വീഴുന്ന വീഡിയോ. എന്നാല്‍ സലീമിന്റെ വീഴ്ച്ചയെ കുറിച്ചുള്ള സത്യം പുറത്തുവന്നപ്പോഴാണ് സോഷ്യല്‍ മീഡിയ ഈ മനുഷ്യനോട് കാണിച്ച മഹാപാതകം പുറത്തായത്.

മദ്യപിച്ചതുകൊണ്ടല്ല സലീം ലക്കുകെട്ട് പെരുമാറിയത്. മൂന്ന് വര്‍ഷം മുമ്പ് കടുത്ത സ്‌ട്രോക്ക് വന്ന് അദ്ദേഹത്തിന് ശരീരത്തിന് തളര്‍ച്ചയുണ്ട്. മുഖ പേശികള്‍ കോടിപ്പോയതിനാല്‍ സംസാരവൈകല്യവും നിലനില്‍ക്കുന്നു. ശാരീരികമായി അവശനായ ഒരാളെയാണ് ഇത്രയും നാള്‍ മദ്യപാനിയെന്ന് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്.

2015 ആഗസ്റ്റ് 19നാണ് സലീം ഡല്‍ഹി മെട്രോയില്‍ കുഴഞ്ഞ് വീണത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ന് കമ്മീഷണറായിരുന്ന ബിഎസ് ബസ്സിയോട് താന്‍ മദ്യപാനിയല്ല ശാരീരിക അവശത മൂലമാണ് വീണതെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം ചെവിക്കൊണ്ടിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സലീമിന്റെ ശാരീരിക പ്രശ്‌നങ്ങള്‍ ബോധ്യമായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു.

ദേശീയ മാധ്യമങ്ങളിലടക്കം സലീമിന്റെ സംഭവം വാര്‍ത്തയായിരുന്നു. പക്ഷെ നിരപരാധിത്വം തെളിയിച്ച് ജോലിയില്‍ തിരിച്ചു കയറിയ കാര്യം അധികമാരും അറിഞ്ഞിട്ടില്ല. ഒരു മാധ്യമവും ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായിട്ടില്ല. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് സലീം.