ചരിത്രം തിരുത്താന്‍ ഒരുങ്ങി നാദാപുരം

Posted on: March 21, 2016 1:20 pm | Last updated: March 21, 2016 at 1:20 pm

കോഴിക്കോട്:ആദ്യകാലത്ത് ജന്‍മി, കുടിയാന്‍ സമരങ്ങളുടെ ചരിത്രമാണ് നാദാപുരത്തിന് പറയാനുള്ളത്. എണ്ണമറ്റ ജന്‍മി കുടിയാന്‍ സമരങ്ങളുടെയും കര്‍ഷക ലഹളകളുടെയും ചരിത്രം നാദാപുരത്തിനുണ്ട്. എന്നാല്‍ പിന്നീട് പലപ്പോഴും രാഷ്ട്രീയ അക്രമങ്ങളിലുടെയായിരുന്നു നാദാപുരം കുപ്രസിദ്ധമായത്. സംസ്ഥാന രൂപവത്കരണം മുതല്‍ നാദാപുരത്തിന് ഇടതു ആഭിമുഖ്യമാണ് എപ്പോഴുമുള്ളത്. അതു കൊണ്ടുതന്നെ നാദാപുരം ഇത്തവണ പിടിച്ചെടുക്കാനൊരുങ്ങിയാണ് യു ഡി എഫ് ഇവിടെ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. കണ്ണൂര്‍, വയനാട് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന നാദാപുരം മണ്ഡലത്തിലെ പോരാട്ടം ഇത്തവണ ശക്തമാകുമെന്ന കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും സംശയമില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കോയ്മയിലാണ് യു ഡി എഫിന്റെ പ്രതീക്ഷ. ഏതു തിരഞ്ഞെടുപ്പ് നടക്കുമ്പോഴും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം കൂടിയാണിത്. ഇവിടുത്തെ മിക്ക ബൂത്തുകളും പ്രശ്‌നബാധിത ബൂത്തുകളായിട്ടാണ് കണക്കാക്കിയിട്ടുള്ളത് .അതു കൊണ്ടുതന്നെ അതീവ സുരക്ഷയോടെയാണ് ഇവിടുത്തെ ഓരോ തിരഞ്ഞെടുപ്പും നടക്കാറുള്ളത്. 1957ന് ശേഷം 1960ലും, 70ലും,77ലും മാത്രമാണ് എല്‍ ഡി എഫിന് ഇവിടെ വിജയം കൈവിട്ടത്. അക്കാലയളവില്‍ ഐക്യമുന്നണിക്കായിരുന്നു ഇവിടെ ജയം. 1960ല്‍ മുസ്‌ലിം ലീഗിന്റെ ഹമീദലി ശംനാടാണ് നാദാപുരത്തിന്റെ ആദ്യ എം എല്‍ എയായ സി എച്ച് കണാരനെ തോല്‍പ്പിച്ചത്. 70തിലും 77ലും യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന സി പി ഐയുടെ എം കുമാരനും, കാന്തലോട്ട് കുഞ്ഞമ്പുവും ഇവിടെ വിജയം കൊയ്തു.

1965ല്‍ സി എച്ച് കണാരന്‍ എം എല്‍ എയായി. 67ല്‍ സി പി ഐയിലെ ഇ വി കുമാരനും, എം കുമാരന്‍, കാന്തലോട്ട് കുഞ്ഞമ്പു, കെ ടി കണാരന്‍ തുടങ്ങിയവരെല്ലാം നാദാപുരത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 80ല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സി പി ഐയുടെ കെ ടി കണാരന്‍ ജയിച്ചതിനു ശേഷം എല്‍ ഡി എഫിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് സത്യന്‍ മൊകേരിയുടെ ഊഴമായിരുന്നു. 1987ല്‍ ആദ്യമായി നാദാപുരത്ത് നിന്നു വിജയിച്ച സത്യന്‍ 1991ലും 1996ലും തുടര്‍ച്ചയായി മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. പിന്നീട് രണ്ട് തവണ ബിനോയ് വിശ്വം നാദാപുരത്തിന്റെ നായകനായി. കഴിഞ്ഞ തവണ ഇ കെ വിജയന്‍

പ്രദേശത്ത് നടക്കാറുള്ള രാഷ്ട്രീയ കൊലപാതങ്ങളും അക്രമങ്ങളും പിന്നീട് സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. ചെക്യാട്, എടച്ചേരി, കാവിലുംപാറ, കായക്കൊടി, മരുതോങ്കര, നാദാപുരം, നരിപ്പറ്റ, തൂണേരി, വളയം വാണിമേല്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകള്‍ അടങ്ങുന്നതാണ് നാദാപുരം മണ്ഡലം. ഇതില്‍ ആറ് പഞ്ചായത്തുകളില്‍ ഇടതുമുന്നണിയും നാലിടത്ത് യു ഡി എഫുമാണ് ഭരിക്കുന്നത്. 100762 സ്ത്രീകളും, 98070 പുരുഷ വോട്ടര്‍മാരുമടക്കം ആകെ 198832 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
സിറ്റിംഗ് എം എല്‍ എയായ ഇ കെ വിജയന്‍ തന്നെയാകും ഇടത് മുന്നണി സ്ഥാനാര്‍ഥിയെന്നാണ് സൂചന. ഇവിടെ സി പി ഐ മറ്റൊരു പേര് ചര്‍ച്ച ചെയ്യുന്നില്ലെന്നാണ് അറിയുന്നത്. എം എല്‍ എയെന്ന നിലയില്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളായിരിക്കും പ്രധാനമായും ഇ കെ വിജയന്റെ പ്രചാരണ വിഷയമാകുക. 29 കോടി രൂപ ചിലവില്‍ കുന്നുമ്മല്‍ അനുബന്ധ കുടിവെള്ള പദ്ധതിയും, കുറ്റിയാടി നാദാപുരം റോഡില്‍ 79 കോടി രൂപ ചിലവില്‍ വികസനം എന്നിവയും ഉയര്‍ത്തിയായിരിക്കും പ്രചാരണം നടത്തുക.
യു ഡി എഫ് സ്ഥാനാര്‍ഥിയായി ഡി സി സി പ്രസിഡന്റ് കെ സി അബുവിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മണ്ഡലം പിടിക്കാന്‍ ജില്ലക്ക് പുറത്ത് നിന്നുള്ളവരെയും പരിഗണിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ സജീവമായി നടക്കുന്നുണ്ട്. സര്‍ക്കാറിന്റെ മൊത്തം വികസനങ്ങളായിരിക്കും യു ഡി എഫിന് ഇവിടുത്തെ പ്രചാരണ വിഷയം. നാദാപുരത്ത് ഇടക്കിടെ ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതങ്ങളും യു ഡി എഫ് പ്രചാരണ വിഷയമാക്കും. മണ്ഡലത്തില്‍ കാര്യമായ തേരോട്ടം നടത്താന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.