Connect with us

Eranakulam

വല്ലാര്‍പാടം: കണ്ടെയ്‌നര്‍-ട്രക്ക് തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്

Published

|

Last Updated

കൊച്ചി: വല്ലാര്‍പാടം തുറമുഖത്തെ കണ്ടെയ്‌നര്‍-ട്രക്ക് തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു. തിരുവനന്തപുരത്ത് നടന്ന ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ കണ്ടെയ്‌നര്‍-ട്രക്കുടമ സംഘടനകള്‍ തയ്യാറാകുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നതെന്നും ട്രേഡ് യൂനിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി എസ് ആഷിക്, ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു.

വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനു മൂന്നു മാസത്തിനുള്ളില്‍ സ്ഥിരം പാര്‍ക്കിംഗ് സൗകര്യം ഉറപ്പു വരുത്തുമെന്ന് തുറമുഖ ട്രസ്റ്റ് ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയിരുന്നു. മൂന്നുമാസം വരെ തൊഴിലാളികളുടെ ബാറ്റയില്‍ താത്കാലിക വര്‍ധനവ് വരുത്തുന്ന തീരുമാനം യോഗം അംഗീകരിച്ചിരുന്നു.
ഇതുപ്രകാരം 40 അടി കണ്ടെയ്‌നര്‍ ഓടിക്കുന്ന ഡ്രൈവറുടെ ബാറ്റ 840 രൂപയില്‍ നിന്നും 1050 രൂപയായും 20 അടി കണ്ടെയ്‌നറിലെ ഡ്രൈവറുടെ ബാറ്റ 683 രൂപയില്‍ നിന്നും 850 രൂപയായും വര്‍ധിച്ചു. മറ്റു ദൂരങ്ങളിലേക്ക് മിനിമം 150 രൂപയുടെ വര്‍ധനവും അംഗീകരിച്ചു. ദീര്‍ഘദൂര ഓട്ടത്തിന് ബാറ്റയില്‍ അഞ്ച് ശതമാനം വര്‍ധനവും ഉണ്ടാകുമെന്നുമായിരുന്നു ചര്‍ച്ചയിലെ തീരുമാനം.

കരാര്‍ ഒപ്പുവെച്ച 15ാം തീയതി മുതല്‍ ഈ വര്‍ധന പ്രാബല്യത്തില്‍ വരുത്താനും ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് ആറു ദിവസം കഴിഞ്ഞിട്ടും ട്രക്കുടമകള്‍ പഴയ ബാറ്റ തന്നെയാണ് നല്‍കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ട്രേഡ് യൂനിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കരാര്‍ ലംഘനം നടത്തിയ ട്രക്കുടമകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്ന് ലേബര്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള ബാറ്റ നല്‍കാത്ത ട്രക്കുടമകളുടെ വാഹനങ്ങള്‍ നാളെ മുതല്‍ ബഹിഷ്‌കരിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചതായും ഇവര്‍ പറഞ്ഞു.

വാഹനങ്ങളുടെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് കൊച്ചി തുറമുഖ ട്രസ്റ്റ് നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളും ലംഘിക്കുകയാണ്. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന് ബദല്‍ സംവിധാനമൊരുക്കുമെന്ന് പോര്‍ട് ട്രസ്റ്റും ദൂബൈ വേള്‍ഡും ഉറപ്പു നല്‍കിയതാണ്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികള്‍ എടുത്തിട്ടില്ല. ഇതുമൂലം കണ്ടെയ്‌നര്‍ റോഡില്‍ തന്നെ പാര്‍ക്കു ചെയ്യാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇത്തരത്തില്‍ പാര്‍ക്കു ചെയ്ത വാഹനനത്തിലിടിച്ച് കഴിഞ്ഞ ദിവസം രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചിരുന്നു.
പോര്‍ട് ട്രസ്റ്റിന്റെ കുറ്റകരമായ അനാസ്ഥയാണിതിനു കാരണമെന്നും ഇവര്‍ പറഞ്ഞു. കരാറിലെ വ്യവസ്ഥകള്‍ ട്രെയിലറുടമകളെക്കൊണ്ടും പോര്‍ട് ട്രസ്റ്റിനെക്കൊണ്ടും നടപ്പിലാക്കേണ്ട ബാധ്യത സംസ്ഥാന തൊഴില്‍ വകുപ്പിനുണ്ടെന്നും വകുപ്പ് അത് നിറവേറ്റണമെന്നും ട്രേഡ് യൂനിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Latest