ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ കാണാതായ തൂണുകള്‍ പുനഃസ്ഥാപിക്കുന്നു

Posted on: March 21, 2016 11:49 am | Last updated: March 21, 2016 at 11:49 am

borderപാറ്റ്‌ന: ബീഹാറിലെ കിഴക്കും പടിഞ്ഞാറും ചമ്പാരന്‍ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് അപ്രത്യക്ഷമായ 450 തൂണുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. അതിര്‍ത്തി രക്ഷാ സേനയായ സശസ്ത്ര സീമാ ബലാണ് (എസ് എസ് ബി) സര്‍വേ ഓഫ് ഇന്ത്യ, നേപ്പാള്‍ സായുധ സേന എന്നിവരുടെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തു ന്നത്.
കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയിലാണ് 450 അതിര്‍ത്തി തൂണുകള്‍ അപ്രത്യക്ഷമായതായി കണ്ടെത്തിയതെന്ന് സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന്‍ മഞ്ജുള്‍ മാംഗി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 18.2 മീറ്റര്‍ വീതിയില്‍ സ്ഥലം ആരുടെയും ഉടമസ്ഥതയില്‍ ഉള്ളതല്ല. എന്നാല്‍, ഈ മേഖലയില്‍ പലരും കൈയേറ്റം നടത്തിയിട്ടുണ്ടെന്നും ഇവരെ എസ് എസ് ബി ഒഴിപ്പിച്ചിട്ടുണ്ടെന്നും മാംഗി പറഞ്ഞു.
പടിഞ്ഞാറന്‍ ചമ്പാരനിലെ ഗാന്ദക് മുതല്‍ കിഴക്കന്‍ ചമ്പാരനിലെ ജമുനിയ വരെ 180 കിലോമീറ്ററിലായി 1870 അതിര്‍ത്തി തൂണുകളാണ് 85 വര്‍ഷം മുമ്പ് സ്ഥാപിച്ചത്. ഇതില്‍ നിന്ന് 450 എണ്ണമാണ് അപ്രത്യക്ഷമായി കണ്ടെത്തിയത്. ഇത് ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി മേഖലയിലെ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍, പല തൂണുകളും അപ്രത്യക്ഷമായത് കനത്ത വെള്ളപ്പൊക്കത്താലോ നദികള്‍ വഴിമാറി ഒഴുകിയതിനാലോ ആണെന്നാണ് സര്‍വേ ഓഫ് ഇന്ത്യയുടെ നിഗമനമെന്ന് മാംഗി കൂട്ടിച്ചേര്‍ത്തു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 21ന് നേപ്പാളിലെ ബിര്‍ഗഞ്ചില്‍ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.