Connect with us

Kerala

കൊല്ലത്ത് മുകേഷ് തന്നെ; വീണാജോര്‍ജിനെയും കെ പി എ സി ലളിതയെയും മാറ്റില്ല

Published

|

Last Updated

 

mukeshതിരുവനന്തപുരം:വടക്കാഞ്ചേരിയില്‍ കെ പി എ സി ലളിതയെയും ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെയും മത്സരിപ്പിക്കണമെന്ന ജില്ലാ ഘടകങ്ങളുടെ നിര്‍ദേശം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഇരുവര്‍ക്കുമെതിരെ ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുക്കേണ്ടെന്നാണ് തീരുമാനം.
ജില്ലാ, മണ്ഡലം കമ്മറ്റികള്‍ വിളിച്ചുചേര്‍ത്ത് ഇവരെ സ്ഥാനാര്‍ഥിയാക്കുന്ന സാഹചര്യം വിശദീകരിക്കും. കായംകുളം, ചെങ്ങന്നൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം പുന:പരിശോധിക്കാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അവിടെ ജില്ലാ സെക്രട്ടേറിയറ്റും മണ്ഡലം കമ്മറ്റിയും വീണ്ടും വിളിച്ചു ചേര്‍ക്കും. കൊല്ലത്ത് നടന്‍ മുകേഷിനെ മത്സരിപ്പിക്കാനുള്ള നിര്‍ദേശവും അംഗീകരിച്ചു.

തൃപ്പൂണിത്തറയില്‍ എറണാകുളം ജില്ലാസെക്രട്ടറി പി രാജീവിനെ മത്സരിപ്പിക്കണമെന്ന ആവശ്യം വീണ്ടും തള്ളി. പൂഞ്ഞാറില്‍ പി സി ജോര്‍ജിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ധാരണയായി. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്ന എല്ലാ മണ്ഡലം കമ്മറ്റികളും വിളിച്ചുചേര്‍ക്കും. 26ന് സംസ്ഥാനസെക്രട്ടേറിയറ്റ് വീണ്ടും യോഗം ചേര്‍ന്ന് അന്തിമസ്ഥാനാര്‍ഥി പട്ടിക അംഗീകരിക്കും.

പ്രാദേശിക തലത്തിലെ നേതാക്കളില്‍ ചിലരുടെ പാര്‍ലിമെന്ററി വ്യാമോഹമാണ് ചിലയിടങ്ങളിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. എന്നാല്‍, ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍, കായംകുളം സീറ്റുകളില്‍ പുന:പരിശോധന വേണമെന്ന നിര്‍ദേശത്തിന് കാരണം ഇതാണ്. കെ പി എ സി ലളിതക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ ഗൗരവത്തിലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകരുണ്ടെങ്കില്‍ അച്ചടക്ക നടപടി വേണമെന്ന് സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. പാര്‍ട്ടിയേക്കാള്‍ വലുതാണ് ചില നേതാക്കളെന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്.

വി എസ് പക്ഷക്കാരായ സി കെ സദാശിവനെയും സി എസ് സുജാതയെയും തഴഞ്ഞതാണ് ആലപ്പുഴയില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. ഈ രണ്ട് മണ്ഡലങ്ങളിലേക്ക് നിര്‍ദേശിക്കപ്പെട്ട സ്ഥാനാര്‍ഥികളുടെ കാര്യത്തിലും പരാതികളുണ്ടായി. കായംകുളത്തേക്ക് രജനിജയദേവിനെ നിര്‍ദേശിച്ചത് ബി ഡി ജെ എസുമായുണ്ടാക്കിയ ധാരണയുടെ ഫലമാണെന്ന ആരോപണം വരെ ഉയര്‍ന്നു.പയ്യന്നൂരില്‍ സിറ്റിംഗ് എം എല്‍ എ. സി കൃഷ്ണനെയും ബേപ്പൂരില്‍ നിലവിലെ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ വികെസി മമ്മദ് കോയയേയും മത്സരിപ്പിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു. പയ്യന്നൂര്‍ എം എല്‍ എ ആയ സി കൃഷ്ണനെതിരെ ജില്ലാ കമ്മിറ്റിയും പ്രാദേശിക തലത്തിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

ഏരിയാ സെക്രട്ടറി ടി എ മധുസുദനനെ സ്ഥാനാര്‍ഥിയാക്കണമെന്ന ശക്തമായ സമ്മര്‍ദം പാര്‍ട്ടിയിലുണ്ടായിരുന്നു. എന്നാല്‍, കൃഷ്ണനെതിരായ പ്രതിഷേധങ്ങളെ ഗൗനിക്കേണ്ടെന്നാണ് സെക്രട്ടേറിയേറ്റിന്റെ തീരുമാനം.
നിലവില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയറായ വികെസി മമ്മദ് കോയയെ മല്‍സരിപ്പിച്ച് ബേപ്പൂരില്‍ വിജയം നേടാനാകുമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. എളമരം കരീമാണ് ബേപ്പൂരിലെ സിറ്റിംഗ് എം എല്‍ എ. സി ഐ ടി യു സംസ്ഥാന സെക്രട്ടറിയായ കരീമിനെ ഇത്തവണ മല്‍സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതോടെയാണ് മമ്മദ് കോയക്ക് നറുക്കുവീണത്.

എളമരം കരീമിന് മുമ്പ് ബേപ്പൂരിനെ മമ്മദ് കോയ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നു. തൃപ്പൂണിത്തറയില്‍ കെ ബാബുവിനെ നേരിടാന്‍ പി രാജീവിനെ രംഗത്തിറക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍, ജില്ലാസെക്രട്ടറി പദമേറ്റെടുത്ത് അധികകാലം ആയിട്ടില്ലാത്തതിനാല്‍ രാജീവ് മത്സരിക്കേണ്ടെന്ന മുന്‍തീരുമാനം മാറ്റേണ്ടെന്നാണ് സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. ഇവിടേക്ക് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ എറണാകുളം ജില്ലാസെക്രട്ടേറിയറ്റിനോട് നിര്‍ദേശിച്ചു.
വര്‍ക്കല, അരുവിക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ മാറ്റണമെന്ന ആവശ്യം മണ്ഡലം കമ്മിറ്റികളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇവിടെ വി ജോയി, അഡ്വ.എ എ റഷീദ് എന്നിവരുടെ പേരുകളാണ് ജില്ലാകമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.

Latest