ഉത്തരാഖണ്ഡ് കുതിരക്കച്ചവട വേദിയാകുന്നു

Posted on: March 20, 2016 10:15 am | Last updated: March 20, 2016 at 3:28 pm

ഡെറാഡൂണ്‍/ന്യൂഡല്‍ഹി: ഒമ്പത് കോണ്‍ഗ്രസ് എം എല്‍ എമാര്‍ മറുകണ്ടം ചാടിയ ഉത്തരാഖണ്ഡ് നിയമസഭയില്‍ ഈ മാസം 28നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്തിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ, ഹരീഷ് റാവത്ത് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായെന്നും പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ആവശ്യമായ എം എല്‍ എമാരെ രാഷ്ട്രപതിക്ക് മുമ്പില്‍ ഹാജരാക്കുമെന്നും ബി ജെ പി ഡല്‍ഹിയില്‍ വ്യക്തമാക്കി. ഹരീഷ് റാവത്ത് സര്‍ക്കാര്‍ രാജിവെക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.

എന്നാല്‍, മറുകണ്ടം ചാടിയ എം എമാര്‍ക്കെതിരെ കൂറുമാറ്റ നിരോധ നിയമ പ്രകാരം നടപടി നേരിടേണ്ടിവരുമെന്ന് ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ച്‌വാല്‍ പറഞ്ഞു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്തും അറിയിച്ചു. സര്‍ക്കാറിന്റെ ഭൂരിപക്ഷത്തെക്കുറിച്ച് സംശയമുണ്ടെങ്കില്‍ പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം കൊണ്ടുവരാമെന്നും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഒമ്പത് വിമത കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഇന്നലെ ഡല്‍ഹിയിലെത്തി. 26 ബി ജെ പി എം എല്‍ എമാര്‍ക്കൊപ്പമാണ് ഇവര്‍ രാവിലെ ഡല്‍ഹിയിലെത്തിയത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തും.
70 അംഗ സഭയില്‍ 36 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ്, പുരോഗമന ജനാധിപത്യ മുന്നണിയിലെ ആറ് അംഗങ്ങളുടെ കൂടി പിന്തണയോടെയാണ് അധികാരത്തിലുള്ളത്. കോണ്‍ഗ്രസിലെ ഒരു മന്ത്രി ഉള്‍പ്പടെ ഒമ്പത് പേര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി തേടിയെങ്കിലും കേവല ഭൂരിപക്ഷത്തിനുള്ള പിന്തുണ ഇപ്പോഴും സര്‍ക്കാറിനുണ്ട്. പക്ഷേ, പുരോഗമന ജനാധിപത്യ മുന്നണിയുടെ തീരുമാനം നിര്‍ണായകമാകും. വിമതരുമായി ചേര്‍ന്ന് ബദല്‍ സര്‍ക്കാറുണ്ടാക്കാനുള്ള നീക്കങ്ങളാണ് ഉത്തരാഖണ്ഡില്‍ ബി ജെ പി നടത്തുന്നത്. ബി ജെ പിക്ക് 28 എം എല്‍ എമാരാണുള്ളത്. ഉത്തരാഖണ്ഡിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ബി ജെ പി ശക്തമാക്കി. ഇതിനായി ഉത്തരാഖണ്ഡിലും ഡല്‍ഹിയിലും ബി ജെ പി നേതൃത്വം തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തിവരികയാണ്. സര്‍ക്കാര്‍ രൂപവത്കരണത്തിന് ഇതിനകം ബി ജെ പി അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. സംസ്ഥാന നേതാക്കള്‍ ഗവര്‍ണര്‍ കെ കെ കൗളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസിലെ ഒമ്പത് വിമത എം എല്‍ എമാരെ മുന്‍ നിര്‍ത്തിയാണ് ബി ജെ പി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് കരുക്കള്‍ നീക്കുന്നത്.
കഴിഞ്ഞ ദിവസം സഭയില്‍ ബി ജെ പിക്കൊപ്പം ചേര്‍ന്ന വിമതര്‍ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയിരുന്നു. ഇത് മറികടന്ന് സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുന്‍ജ്‌വാള്‍ പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദ വോട്ടോടെ ബജറ്റ് പാസ്സാക്കുകയായിരുന്നു. പിന്നീട് ഈ മാസം 28 വരെ സഭ പിരിഞ്ഞതായി പ്രഖ്യാപിച്ച് സ്പീക്കര്‍ സഭ വിടുകയും ചെയ്തു.
അതിനിടെ, ബി ജെ പി എം എല്‍ എമാര്‍ക്കൊപ്പം കോണ്‍ഗ്രസ് വിമതരും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി സഭയുടെ നടുത്തളത്തില്‍ കുത്തിയിരിരുന്നു. സര്‍ക്കാര്‍ പിരിച്ചുവിട്ട് ഉടന്‍ ബദല്‍ സംവിധാനമുണ്ടാക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടുവെന്ന് ബി ജെ പി നേതാവ് ഭഗത് സിംഗ് കോശിയാരി പറഞ്ഞിരുന്നു.