Connect with us

International

ഇസ്താംബൂളില്‍ ചാവേര്‍ ആക്രമണം; അഞ്ച് മരണം

Published

|

Last Updated

അങ്കാറ: തുര്‍ക്കിയിലെ പ്രമുഖ നഗരമായ ഇസ്താംബൂളിലെ തക്‌സിം ചത്വരത്തിനടുത്ത് ഇസ്തിക്‌ലാല്‍ തെരുവില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. 36 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 12 പേര്‍ വിദേശികളാണ്. ഇവരില്‍ ഇസ്‌റാഈല്‍ പൗരന്‍മാരുമുണ്ടെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തിരക്കേറിയ വ്യാപാര സ്ഥലമായ ഇസ്തിക്‌ലാല്‍ തെരുവില്‍ പുലര്‍ച്ചെ തന്നെ ഉപഭോക്താക്കളും വില്‍പ്പനക്കാരും എത്താറുണ്ട്. കുര്‍ദ് തീവ്രവാദി ഗ്രൂപ്പുകള്‍ അങ്കാറയില്‍ നടത്തിയ ചാവേര്‍ ബോംബാക്രമണങ്ങളുടെ ഞെട്ടല്‍ വിട്ട് മാറും മുമ്പാണ് തക്‌സിം ചത്വരത്തിനടുത്തും സ്‌ഫോടനം അരങ്ങേറുന്നത്.
ഇസില്‍ സംഘത്തോട് മൃദു സമീപനം പുലര്‍ത്തുന്നുവെന്ന് റഷ്യ ആരോപിക്കുമ്പോള്‍ തന്നെ അമേരിക്കയോട് ചേര്‍ന്ന് ശക്തമായി നില കൊള്ളുന്നുണ്ട് തുര്‍ക്കി. രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ മേഖലയില്‍ ശക്തമായ കുര്‍ദിസ്ഥാന്‍ പീപ്പിള്‍സ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ തുര്‍ക്കിക്ക് എന്നും തലവേദനയാണ്. സിറിയന്‍ അതിര്‍ത്തിയില്‍ കുര്‍ദുകള്‍ പ്രത്യേക സ്വയംഭരണ മേഖല പ്രഖ്യാപിച്ചത് രാജ്യത്തിന് പുതിയ ഭീഷണിയായിട്ടുണ്ട്.
വടക്കന്‍ സിറിയയില്‍ കുര്‍ദ് വൈ പി ജി ആയുധധാരികള്‍ ബശര്‍ അല്‍ അസദിന്റെ സൈന്യത്തോടും ഇസില്‍ തീവ്രവാദികളോടും ഒരുമിച്ച് എതിരിട്ട് നില്‍ക്കുന്നത് തുര്‍ക്കിയുടെ ഉറക്കം കെടുത്തുന്നു. 2015 ജൂണ്‍ മുതല്‍ ഇസില്‍ തീവ്രവാദികള്‍ തുര്‍ക്കിയില്‍ നാല് ബോംബാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. മധ്യ ഇസ്താംബൂളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 10 ജര്‍മന്‍ വിനോദസഞ്ചാരികള്‍ മരിച്ചിരുന്നു.

Latest