ദേഹത്ത് മരം വീണ് മുന്‍ എംഎല്‍എക്ക് ഗുരുതര പരുക്ക്

Posted on: March 20, 2016 12:38 am | Last updated: March 20, 2016 at 12:38 am

mlaമാനന്തവാടി: ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റും സി പി എമ്മിന്റെ മുന്‍ എം എല്‍ എയുമായ കെ സി കുഞ്ഞിരാമന് (52) തെങ്ങ്‌വീണ് ഗുരുതര പരുക്ക്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഷുമ്‌നാ നാഡിക്ക് സാരമായി പരുക്കേറ്റ അദ്ദേഹത്തിന്റെ അരക്ക് താഴേക്കുള്ള ചലനശേഷി നഷ്ടപ്പെട്ടതായി ഡോക്ടര്‍ പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതിന് മാനന്തവാടിക്കടുത്ത കൊമ്മയാട് വീട്ടുപറമ്പിലെ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെയാണ് അപകടം. മരം മുറിക്കുന്നത് കണ്ട് നില്‍ക്കെ വലിയ മരക്കമ്പ് തെങ്ങില്‍ തട്ടി ഇദ്ദേഹത്തിന്റേ ദേഹത്ത് പതിക്കുകയായിരുന്നു. ഉടനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് 12.40ഓടെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു.
സി പി എമ്മിന്റെ വയനാട് ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം 2006ലെ തിരഞ്ഞെടുപ്പില്‍ മാനന്തവാടി മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2011ലും അദ്ദേഹം ജനവധി തേടിയെങ്കിലും മന്ത്രി ജയലക്ഷ്മിയോട് പരാജയപ്പെടുകയായിരുന്നു. വരുന്ന തിരഞ്ഞെടുപ്പിലും അദ്ദേഹത്തെ മാനന്തവാടി മണ്ഡലത്തിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായിരിക്കുന്നത്.