Connect with us

Kerala

ടി പി അശ്‌റഫലി- അമ്പലക്കടവ് പോര് വീണ്ടും; മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് പരാതി

Published

|

Last Updated

മലപ്പുറം :ഒരു ഇടവേളക്ക് ശേഷം എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അശ്‌റഫലിയും ചേളാരി വിഭാഗം എസ് വൈ എസ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവും തമ്മില്‍ വീണ്ടും പോര്. അശ്‌റഫലിയുടെ പേരില്‍ അമ്പലക്കടവ് ഉള്‍പ്പെടെയുള്ള ചേളാരി സമസ്ത നേതാക്കള്‍ക്കെതിരെ വന്ന സാമൂഹിക മാധ്യമങ്ങളിലുള്ള പോസ്റ്റാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കരുവാരക്കുണ്ട് ഡിവിഷനില്‍ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ടി പി അശ്‌റഫലിയെ പരാജയപ്പെടുത്താന്‍ യോഗം വിളിച്ചുചേര്‍ത്ത അമ്പലക്കടവിനെതിരെ രൂക്ഷമായ ഭാഷയിലാണ് പോസ്റ്റില്‍ വിമര്‍ശനമുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് ഹാജിമാര്‍ക്ക് വേണ്ടി സീറ്റ് ആവശ്യപ്പെടുകയും മഞ്ചേരിയിലെ ആജന്‍മ ശത്രുവിന് സീറ്റ് നല്‍കാതിരിക്കാനും ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് ശ്രമിച്ചുവെന്നാണ് ഫേസ് ബുക്കിലൂടെ അശ്‌റഫലി പറയുന്നത്. ലീഗ് വിരോധികളായ ഇവര്‍ ലീഗിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ നോക്കേണ്ടെന്നും പോസ്റ്റിലുണ്ട്. ഞങ്ങളാണ് ഉത്തരം താങ്ങുന്ന പല്ലികള്‍ എന്ന നിലയില്‍ ഇനിയാരും പാണക്കാട്ടേക്ക് പായേണ്ട. ആരൊക്കെ മത്സരിക്കണം, ആരൊക്കെ പാര്‍ട്ടി സ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന് പാണക്കാട് തങ്ങള്‍ക്കും ലീഗ് നേതാക്കള്‍ക്കും നന്നായി അറിയാം. ലീഗ് കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ പൊതു പ്ലാറ്റ്‌ഫോമാണെന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നയം പാര്‍ട്ടി തുടരുമെന്നും പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ പോസ്റ്റ് തന്റേതല്ലെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അശ്‌റഫലി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും ഇത് ചേളാരി വിഭാഗം നേതാക്കള്‍ മുഖവിലക്കെടുത്തിട്ടില്ല. ഇതേ തുടര്‍ന്ന് അശ്‌റഫലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് ഇവര്‍ പരാതി നല്‍കി. എം സി മായിന്‍ഹാജി, പി എ ജബ്ബാര്‍ ഹാജി എന്നിവരുടെ പേര് പരാമര്‍ശിക്കാതെയാണ് രണ്ട് ഹാജിമാര്‍ക്ക് വേണ്ടി സീറ്റ് ചോദിച്ചു എന്ന് പോസ്റ്റിലുള്ളത്. പോസ്റ്റ് അശ്‌റഫലി നിഷേധിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ചിത്രം ഉള്‍പ്പെടെയുള്ള സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നതും തുടര്‍ന്ന് പ്രൊഫൈല്‍ ചിത്രം മാറ്റിയതും സംശയത്തിന് അടിവരയിടുന്നതാണെന്ന അഭിപ്രായമാണ് അമ്പലക്കടവ് ഫൈസിക്കും കൂട്ടര്‍ക്കുമുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അശ്‌റഫലിയെ പരാജയപ്പെടുത്താന്‍ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തതിന് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.