റഷ്യയില്‍ ഫ്‌ളൈ ദുബായ് യാത്രാവിമാനം വിമാനത്താവളത്തില്‍ തകര്‍ന്നുവീണ് 62 പേര്‍ മരിച്ചു

Posted on: March 19, 2016 9:00 am | Last updated: March 20, 2016 at 12:35 pm

rescuers from the Emergency Ministry wereമോസ്‌കോ/ കൊച്ചി: ദുബൈയില്‍ നിന്ന് റഷ്യയിലേക്ക് പോയ ഫ്‌ളൈ ദുബൈ വിമാനം തകര്‍ന്നുവീണ് മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ 62 പേര്‍ മരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല ചാമക്കാലാ വീട്ടില്‍ മോഹനന്റെ മകന്‍ ശ്യാം മോഹന്‍ (27), ഭാര്യ അഞ്ജു (26) എന്നിവരാണ് മരിച്ച മലയാളികള്‍. റഷ്യയിലെ ആയുര്‍വേദ ആശുപത്രിയിലെ നഴ്‌സിംഗ് ജോലിക്കാരാണ് ഇരുവരും. അവധിക്ക് നാട്ടില്‍ എത്തിയ ശേഷം കൊച്ചിയില്‍ നിന്ന് ദുബൈ വഴി വെള്ളിയാഴ്ചയാണ് ഇവര്‍ റഷ്യയിലേക്ക് പോയത്. അശമന്നൂര്‍ ഓടക്കാലി കതിര്‍വേലില്‍ പരേതനായ അയ്യപ്പന്റെയും ഗീതയുടെയും മകളാണ് അഞ്ജു. അജിത് ഏക സഹോദരന്‍. നാല് വര്‍ഷമായി അഞ്ജു റഷ്യയിലാണ്. 2014 നവംബര്‍ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. ഷീജയാണ് ശ്യാമിന്റെ മാതാവ്. സൗമ്യ ഏക സഹോദരിയാണ്.
തെക്കന്‍ റഷ്യയിലെ റോസ്‌തോവ് – ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള രണ്ടാമത്തെ ശ്രമത്തിനിടയിലാണ് വിമാനം തകര്‍ന്നുവീണത്. മോശം കാലാവസ്ഥ കാരണമാണ് ആദ്യ തവണ വിമാനമിറക്കാന്‍ സാധിക്കാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ ദുബൈയുടെ ബോയിംഗ് വിമാനമാണ് പ്രാദേശിക സമയം രാവിലെ 3.40 ഓടെ തകര്‍ന്നുവീണത്. 55 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
റണ്‍വേയില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ നിലത്ത് ശക്തിയില്‍ ഇടിക്കുകയും വിമാനം വിവിധ ഭാഗങ്ങളായി തകരുകയുമായിരുന്നുവെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. വിമാനത്തിലെ ഫ്‌ളൈറ്റ് റെക്കോര്‍ഡുകള്‍ കേടുകൂടാതെ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സമിതി ഉദ്യോഗസ്ഥര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അപകടകാരണത്തെ കുറിച്ച് റഷ്യന്‍ അധികൃതരുടെ സഹകരണത്തോടെ അന്വേഷണം ആരംഭിച്ചതായി ഫ്‌ളൈ ദുബൈ സി ഇ ഒ ഗൈത് അല്‍ ഗൈത് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ റഷ്യയിലേക്ക് അയച്ചതായി ദുബൈ സിവില്‍ വ്യോമയാന വകുപ്പ് അറിയിച്ചു. വിമാനം ഇറങ്ങുന്നതിന് നിശ്ചയിച്ച സമയം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ പിന്നിട്ടാണ് അപകടമുണ്ടായത്.
വിമാനത്താവളത്തിനുള്ളില്‍ റണ്‍വേ ആരംഭിക്കുന്നതിന് 250 മീറ്റര്‍ അകലെയായാണ് വിമാനം തകര്‍ന്നത്. വിമാനത്താവളത്തിനു നേരെയുള്ള സുരക്ഷാ ക്യാമറയില്‍ വിമാനം തകര്‍ന്നുവീഴുന്നതിന്റെ വിദൂര ദൃശ്യം പതിഞ്ഞിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താത്കാലികമായി അടച്ചു.
സെക്കന്‍ഡില്‍ പന്ത്രണ്ട് മീറ്റര്‍ ശക്തിയില്‍ കാറ്റ് വീശിയിരുന്നുവെങ്കിലും കാഴ്ചക്ക് തടസ്സങ്ങളുണ്ടായിരുന്നില്ലെന്നാണ് ഫ്‌ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്‍ പറയുന്നത്. യാത്രക്കാരില്‍ 44 പേരും റഷ്യന്‍ പൗരന്മാരാണ്. എട്ട് പേര്‍ ഉക്രൈന്‍ സ്വദേശികളും ഒരാള്‍ ഉസ്‌ബെക്കിസ്ഥാന്‍കാരനുമാണ്. മരിച്ചവരില്‍ 33 സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടും.