കേരനാട്ടിലും കിട്ടാനില്ല ശുദ്ധ വെളിച്ചെണ്ണ

Posted on: March 19, 2016 6:00 am | Last updated: March 18, 2016 at 11:53 pm

SIRAJ.......മായം കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ പതിനഞ്ച് ഇനം പാക്കറ്റ് വെളിച്ചെണ്ണക്കും നാല് ബ്രാന്‍ഡ് പാലിനും നിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിലക്ക് ലംഘിച്ച് വില്‍പ്പന നടത്തിയാല്‍ ശക്തമായ നടപടി എടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. വില്‍പ്പനക്ക് വെച്ച ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെയും പാലിന്റെയും സാമ്പിളുകള്‍ ശേഖരിച്ചു ലാബില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യത്തിന് അതീവ ഹാനികരമായ പല വസ്തുക്കളും അവയില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിരുന്നു.
കേരം തിങ്ങി വളരുന്ന നാടാണ് കേരളം. തേങ്ങക്ക് ഇവിടെ വിലക്കുറവും. എന്നാലും സംസ്ഥാനത്തെ വിപണകളില്‍ ശുദ്ധ വെളിച്ചെണ്ണ കിട്ടാനില്ല.! കൊള്ളലാഭത്തിന് വേണ്ടി വിഷസമാനമായ വസ്തുക്കള്‍ ചേര്‍ത്ത കൃത്രിമ വെളിച്ചെണ്ണ നിര്‍മിക്കുകയാണ്. നല്ല വെളിച്ചെണ്ണ ലഭിക്കണമെങ്കില്‍ തേങ്ങ ഉണക്കി ആട്ടിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. പനങ്കുരുവിന്റെ തോട് പോളിച്ചു പിഴിഞ്ഞുണ്ടാക്കുന്ന പാം കെര്‍ണല്‍ ഓയിലും പാരഫിന്‍ വാക്‌സിലും ചേര്‍ത്ത വെളിച്ചെണ്ണയാണ് സംസ്ഥാനത്ത് വില്‍പനക്കെത്തുന്നവയില്‍ ബഹുഭൂരിഭാഗവും. പരുത്തിക്കുരുവിന്റെയും റബ്ബര്‍ക്കുരുവിന്റെയും എണ്ണകളും കലര്‍ത്താറുണ്ടത്രെ. മുഖ്യമായും തമിഴ്‌നാട്ടില്‍ നിന്നാണ് പാം കെര്‍ണര്‍ ഓയില്‍ എത്തുന്നത്. വെളിച്ചെണ്ണയുടെ മണവും നിറവും ചേര്‍ക്കുന്നതിനാല്‍ സാധാരണ പരിശോധനകളില്‍ ഇത് കണ്ടെത്താന്‍ കഴിയില്ല. പെട്രോളിയം ഉത്പന്നങ്ങളും നിറം കൂട്ടാനുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന വെളിച്ചെണ്ണകളുമുണ്ട്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ചില മിക്‌സിംഗ് പ്ലാന്റുകളില്‍ നിന്ന് വ്യാജ വെളിച്ചെണ്ണയുമായി പ്രതിദിനം നിരവധി ടാങ്കര്‍ ലോറികള്‍ കേരളത്തിലെത്തുന്നു. ഇത്തരം വെളിച്ചെണ്ണയുടെ ഉപയോഗം ജീവിതശൈലീ രോഗങ്ങള്‍ക്കും കരള്‍, ഉദര രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുമെന്നും സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റിന്റെ പഠനം വെളിപ്പെടുത്തുന്നു.
2015 ആഗസ്തില്‍ ഒമ്പത് ബ്രാന്‍ഡ് പാക്കറ്റ് വെളിച്ചെണ്ണകള്‍ സംസ്ഥാനത്ത് നിരോധിച്ചിരുന്നു. വ്യാജ വെളിച്ചെണ്ണ ശ്രദ്ധയില്‍ പെട്ടാല്‍ പ്രസ്തുത നമ്പറുകളില്‍ വിളിച്ചറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശവുമുണ്ടായിരുന്നു. എന്നാല്‍ മായം കലര്‍ന്ന വെളിച്ചെണ്ണ ഉത്പാദിപ്പിച്ചിരുന്ന കമ്പനികള്‍ പേര് മാറ്റി അതേ വെളിച്ചെണ്ണ വീണ്ടും വിപണിയിലെത്തിച്ചു ഉപഭോക്താക്കളെയും അധികൃതരെയും വഞ്ചിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെറ റജിസ്‌ട്രേഷന്‍ ലഭിച്ചു കഴിഞ്ഞാല്‍ ഒരു കമ്പനി തന്നെ വിവിധ പേരുകളില്‍ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കോഴിക്കോട്ടെ പ്രമുഖ കമ്പനി ഇറക്കിയ കേരശ്രീ വെളിച്ചെണ്ണയില്‍ മായം കണ്ടെത്തി നിരോധിച്ചപ്പോള്‍ കര്‍ഷകശ്രീ എന്ന പേരില്‍ അത് വിപണിയിലിറക്കിയിരുന്നു.
പാലില്‍ മായം കലര്‍ത്തല്‍ നാട്ടിന്‍പുറങ്ങളില്‍ പണ്ടേ നടപ്പുള്ളതാണ്. പഴയ കാലത്ത് പക്ഷേ അത് വെള്ളം ചേര്‍ക്കലില്‍ പരിമിതമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് അല്‍പ്പം സാമ്പത്തിക നഷ്ടമല്ലാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. ഇന്ന് അമോണിയം, മനുഷ്യ ശരീരത്തിന് അത്യപകടകരമായ കാസ്റ്റിക് സോഡ, സോപ്പ്, വെളുത്ത പെയിന്റ് യൂറിയ തുടങ്ങിയവ ചേര്‍ത്താണ് പാല്‍ നിര്‍മിക്കുന്നത്. ഉത്പന്നം കേടാകാതിരിക്കാന്‍ സ്വകാര്യ പാലുത്പാദകര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ്, മൃതദേഹം കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോമാല്‍ഡിഹൈഡ്, ആന്റി ബയോട്ടിക്‌സ് തുടങ്ങിയവ വ്യാപകമായി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സറിനു കാരണമായേക്കാവുന്നതും പ്രതിരോധശേഷി നശിപ്പിക്കുന്നതുമായ രാസപഥാര്‍ഥങ്ങളാണിവ. ഇടക്കിടെ ഭക്ഷ്യ സുരക്ഷാ വിഭാഗം ചെക്ക് പോസ്റ്റുകളിലുള്‍പ്പെടെ പാല്‍ പരിശോധന നടത്തുകയും സാമ്പിളെടുത്ത് ലാബുകളിലേക്കയക്കുകയും ചെയ്യാറുണ്ടെങ്കിലും പരിശോധനാ റിപ്പോര്‍ട്ട് വെളിച്ചം കാണലും തുടര്‍ നടപടികളും അപൂര്‍വമാണ്. ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള ചടങ്ങ് മാത്രമായി ഇത് മാറിയിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ മായം ചേര്‍ത്ത പാല്‍ വിതരണം ചെയ്തതു സംബന്ധിച്ച കേസില്‍ 2013 ഡിസംബറില്‍ സുപ്രീം കോടതി സര്‍ക്കാറുകളുടെ ഈ അനാസ്ഥയെയും നിരുത്തരവാദിത്വത്തെയും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാലില്‍ മായം ചേര്‍ക്കുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനും നിലവിലുള്ള നിയമങ്ങള്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരാനും സംസ്ഥാന സര്‍ക്കാറുകളോട് കോടതി നിര്‍ദേശിക്കുകയുണ്ടായി. നിലവില്‍ പരാമാവധി ആറു മാസം വരെ ജയില്‍ ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. അത് തീര്‍ത്തും അപര്യാപ്തമാണ്. മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കൂടുതല്‍ കര്‍ശനമാക്കുകയും ഭക്ഷ്യ പദാര്‍ഥങ്ങളിലെ കൃത്രിമം കണ്ടെത്തുന്നതിനുള്ള പരിശോധനകളും ലാബ് സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുമാണ്.