‘ഭാരത് മാതാ കീ ജയ്’ വിളിക്കാത്ത എം എല്‍ എക്ക് സസ്‌പെന്‍ഷന്‍

Posted on: March 17, 2016 9:36 am | Last updated: March 17, 2016 at 9:36 am

varis pathanമുംബൈ: ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ വിസമ്മതിച്ചതിന് എം എല്‍ എയെ മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമിന്‍ (എ ഐ എം ഐ എം) എം എല്‍ എ വാരിസ് പത്താനെയാണ് മറ്റ് മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയോടെ സസ്‌പെന്‍ഡ് ചെയ്തത്. ബി ജെ പി. എം എല്‍ എ റാം കദം ആണ് പത്താനോട് സഭയില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെട്ടത്. പത്താന്‍ വിസമ്മതിച്ചതോടെ സഭയില്‍ ബഹളം ഉടലെടുത്തു. ഇതേത്തുടര്‍ന്ന് പത്താനെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തി. നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളന കാലയളവിലേക്ക് പത്താനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന അഭിപ്രായം പാര്‍ലിമെന്ററി കാര്യ മന്ത്രി രണിത് പാട്ടീലാണ് ആദ്യം മുന്നോട്ടുവെച്ചത്. ഇത് സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു.
കഴുത്തില്‍ കത്തി വെച്ച് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ പറഞ്ഞാലും താന്‍ അനുസരിക്കില്ലെന്ന് എ ഐ എം ഐ എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി കഴിഞ്ഞ ദിവസം പറഞ്ഞത് ബി ജെ പിയുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണമെന്നോണം ഇന്നലെ രാജ്യസഭയില്‍ എഴുത്തുകാരനായ പാര്‍ലിമെന്റ് അംഗം ജാവേദ് അക്തര്‍ സംസാരിച്ചിരുന്നു. ശെര്‍വാണിയും തൊപ്പിയും ധരിക്കാന്‍ ഉവൈസിയോട് ഭരണഘടന ആവശ്യപ്പെടുന്നില്ലെന്നും ഭാരത് മാതാ കീ ജയ് വിളിക്കുന്നത് തന്റെ കടമയാണോ അല്ലയോ എന്നതല്ല, അവകാശമാണെന്നുമായിരുന്നു ജാവേദ് അക്തറിന്റെ പ്രസ്താവന.
ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, അദ്ദേഹം അത് ചെയ്‌തോട്ടെ, താന്‍ ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നോ ജയ് ഹിന്ദ് എന്നോ മാത്രമേ പറയുകയുള്ളൂ എന്ന് പത്താന്‍ പറഞ്ഞു. അക്തറിന്റെ പ്രസ്താവന മുസ്‌ലിമിനോടുള്ള അവഹേളനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.