Connect with us

Gulf

ദുബൈയില്‍ നിന്ന് അബുദാബിയിലേക്ക് 15 മിനിറ്റ്; അതിവേഗ യാത്രക്ക് ഹൈപ്പര്‍ലൂപ് വരുന്നു

Published

|

Last Updated

ദുബൈ:ഗതാഗത രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കാന്‍ ഹൈപ്പര്‍ലൂപ് പദ്ധതി. ഹൈപ്പര്‍ലൂപ് പദ്ധതി നടപ്പാക്കുന്നതോടെ ദുബൈയില്‍ നിന്ന് അബുദാബിയിലേക്ക് 15 മിനിറ്റ് കൊണ്ട് എത്താന്‍ സാധിക്കും.
യാത്രക്ക് ഏറെ സൗകര്യപ്രദവും ആകര്‍ഷകവുമാണ് ഹൈപര്‍ലൂപ് എന്ന് യു എ ഇ ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല എസ് കതീരി വ്യക്തമാക്കി. ഗതാഗത രംഗത്ത് ഹൈപര്‍ലൂപിന്റെ സാധ്യതകളെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയെങ്കിലും അതിന്റെ എല്ലാവശവും അറിയാന്‍ വിശദമായ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ദുബൈയില്‍ സമാപിച്ച മിഡില്‍ ഈസ്റ്റ് റെയില്‍ എക്‌സിബിഷനില്‍ ഹൈപ്പര്‍ലൂപ് ടെക്‌നോളജീസ് സി ഇ ഒ റോബ് ലിയോഡ് ഇതിന്റെ സാധ്യതകളെക്കുറിച്ച് പങ്കുവെച്ചിരുന്നു. ഹൈപ്പര്‍ലൂപ് വരുന്നതോടെ യു എ ഇയുടെ വിശിഷ്യാ ദുബൈയുടെ നവീകരണത്തില്‍ മാറ്റം വരുമെന്നും ഈ പദ്ധതി നടപ്പാക്കുന്ന ആദ്യത്തെ സ്ഥലങ്ങളുടെ പട്ടികയില്‍ ദുബൈ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തെ തങ്ങളുടെ പ്രധാന ലക്ഷ്യം ലോകത്ത് ഹൈപ്പര്‍ലൂപിന്റെ സാധ്യതകള്‍ പ്രകടമാക്കുന്ന മൂന്ന് പദ്ധതികള്‍ പണിയുകയെന്നതാണ്. ഇത് പ്രാവര്‍ത്തികമാക്കാന്‍ നൂതനാശയങ്ങള്‍ മുന്നോട്ടുവെക്കുന്ന സര്‍ക്കാരുകളുമായി യോജിച്ചുപ്രവര്‍ത്തിക്കും.
ഹൈസ്പീഡ് റെയില്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തേക്കാള്‍ 62 ശതമാനത്തോളം ചെലവ് കുറവാണ് ഹൈപ്പര്‍ലൂപ് ടെക്നോളജിക്ക്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മണിക്കൂറില്‍ 1,100 കിലോമീറ്റര്‍ വേഗത്തില്‍ യാത്രാ-ചരക്ക് ഗതാഗതത്തിന് സാധിക്കും. നോര്‍ത്ത് ലാസ് വേഗാസില്‍ ഹൈപ്പര്‍ലൂപിനാവശ്യമായ ട്രാക്ക് പണിയാന്‍ 50 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഹൈപ്പര്‍ലൂപ് ടെക്‌നോളജി യാത്രാസുരക്ഷിതത്വം നല്‍കുന്നതിനൊപ്പം വേഗം, ചെലവ് കുറവ്, കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള ശക്തി, സ്ഥിരത, ഭൂകമ്പത്തെ ചെറുക്കാനുള്ള കഴിവ്, സോളാറിന്റെ ഉപയോഗം തുടങ്ങിയ ഗുണങ്ങള്‍ ദുബൈ പോലുള്ള വന്‍ നഗരത്തില്‍ ഹൈപ്പര്‍ലൂപിനെ ജനപ്രിയമാക്കുമെന്ന് തീര്‍ച്ചയാണ്.
ദുബൈ മെട്രോക്ക് സമാനമായ രീതിയിലുള്ള അതിവേഗ റെയില്‍ സംവിധാനമാണ് ഇത്. അടുത്ത വര്‍ഷത്തോടെ ലാസ് വേഗാസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈപ്പര്‍ലൂപ് നടപ്പാക്കും.
യു എ ഇയില്‍ ഈ സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തിരുന്നതായി ഹൈപ്പര്‍ലൂപ് ടെക്‌നോളജീസ് സ്ഥാപകരിലൊരാളും ചീഫ് ടെക്‌നോളജി ഓഫീസറുമായ ബ്രോഗന്‍ ബാംബ്രോഗന്‍ പറഞ്ഞു.

Latest