വള്ളിക്കുന്നില്‍ രണ്ട് പേരുകള്‍ പരിഗണനയില്‍

Posted on: March 16, 2016 1:29 pm | Last updated: March 16, 2016 at 1:29 pm

തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മൂന്നാം ഘട്ട ചര്‍ച്ച കഴിഞ്ഞപ്പോള്‍ പ്രധാനമായും രണ്ട് പേരുകളാണ് പരിഗണിക്കപ്പെടുന്നത്. പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ലീഗ് വിമതനുമായ കുമ്മിണിപറമ്പ് സ്വദേശി കെ സി സൈതലവി, മൂന്നിയൂര്‍ പഞ്ചായത്ത് അംഗവും വെളിമുക്ക് സ്വദേശിയുമായ അഡ്വ. മുസ്തഫ എന്നിവരാണ് പരിഗണനയിലുള്ളത്.
എന്നാല്‍ ഇത്തവണ എളമരം കരീമിനെ വള്ളിക്കുന്നില്‍ മത്സരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കാമെന്ന തരത്തില്‍ സി പി എമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും സൂചനയുണ്ട്. സി പി എം സംസ്ഥാന കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് വിവരം. എന്നാല്‍ മണ്ഡലത്തില്‍ തന്നെയുള്ള വോട്ട് സാധ്യതയേറെയുള്ള വ്യക്തിയെ മത്സരിപ്പിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

ആ നിലയില്‍ ലീഗ് വിമതനും ഇടത് സ്വതന്ത്രനായി മത്സരിച്ച് പള്ളിക്കല്‍ പഞ്ചായത്ത് അംഗവുമായ കെ സി സൈതലവിക്കാണ് മുന്‍തൂക്കം.
ഇദ്ദേഹത്തിന് മണ്ഡലത്തിലെ ലീഗ് വോട്ടുകള്‍ നേടിയെടുക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇദ്ദേഹത്തിന്റെ ഭാര്യയും മുന്‍ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ആബിദയുടെ ജനസ്വാധീനവും ഇദ്ദേഹത്തിന് മുന്തിയ പരിഗണന നല്‍കുന്നുണ്ട്. എളമരം കരീമില്ലെങ്കില്‍ കെ സി സൈതലവി തന്നെയാകാനാണ് സാധ്യതയേറെ. മങ്കടക്കാരനായ പി അബ്ദുള്‍ ഹമീദിനെ വള്ളിക്കുന്നില്‍ ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനാല്‍ ലീഗില്‍ തന്നെയുള്ള പലര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുകയും ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്ത കെ എന്‍ എ ഖാദറിനെ മാറ്റി നിര്‍ത്തിയതിലും ലീഗിലെ തന്നെ പലര്‍ക്കും അതൃപ്തിയുണ്ട്. ഇതെല്ലാം അനുകൂല ഘടകങ്ങളായാണ് എല്‍ ഡി എഫ് കാണുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനമാണ് നിര്‍ണായകം. എന്തു തന്നെയായാലും നാല് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.