കോട്ടക്കല്‍ വേണ്ടെന്ന് എന്‍ സി പി

Posted on: March 16, 2016 1:32 pm | Last updated: March 16, 2016 at 1:32 pm

പൊന്നാനി: കോട്ടക്കല്‍ മണ്ഡലം സി പി എമ്മിന് നല്‍കി ജില്ലയില്‍ മറ്റൊരു സീറ്റില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ എന്‍ സി പി നീക്കം.
കോട്ടക്കല്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകാത്തതാണ് മണ്ഡലം വെച്ചുമാറാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍. ഇക്കാര്യം സംസ്ഥാന എല്‍ ഡി എഫ് കമ്മിറ്റിയില്‍ എന്‍ സി പി നേതാക്കള്‍ ഉന്നയിച്ചു. എന്നാല്‍ കോട്ടക്കല്‍ മണ്ഡലത്തില്‍ പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് എന്‍ സി പിയോട് സി പി എം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ ചിഹ്നത്തിലായിരിക്കും മത്സരിക്കുക എന്ന ജില്ലാ നേതൃത്വത്തിന്റെ പിടിവാശിയാണ് സംസ്ഥാന നേതൃത്വത്തെ ആശങ്കയിലാക്കുന്നത്.

ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ ഈ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതോടെയാണ് കോട്ടക്കല്‍ മണ്ഡലത്തിന് പകരം മറ്റൊരു സീറ്റിനായി എല്‍ ഡി എഫിനെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നലെ നടന്ന എല്‍ ഡി എഫ് കമ്മിറ്റി എന്‍ സി പിയുടെ ആവശ്യത്തെ അംഗീകരിച്ചില്ലെന്നാണ് അറിയുന്നത്. ഇന്ന് ഇക്കാര്യം വീണ്ടും ഉന്നയിക്കുമെന്നാണ് എന്‍ സി പി നേതാക്കള്‍ പറയുന്നത്.
എല്‍ ഡി എഫിന്റെ അംഗീകാരം കിട്ടിയില്ലെങ്കില്‍ കോട്ടക്കല്‍ മണ്ഡലത്തില്‍ തന്നെ മത്സരിക്കേണ്ടി വരും എന്‍ സി പിക്ക്.

ഇവിടെ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ എന്‍ സി പി ജില്ലാ നേതൃത്വം പൊതുസമ്മതനെ തിരയുന്നതായും അറിയുന്നു. എന്നാല്‍ കോട്ടക്കല്‍ പോലുള്ള ഒരു മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ പരിഗണിക്കണമെന്ന എല്‍ ഡി എഫ് പ്രാദേശിക നേതൃത്വങ്ങളുടെ ആവശ്യവും ഇതിനകം ശക്തമായിട്ടുണ്ട്. എം എല്‍ എ സമദാനിയോടുള്ള മണ്ഡലത്തിലെ ജനങ്ങളുടെ എതിര്‍പ്പ് പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് എല്‍ ഡി എഫ് പ്രാദേശിക നേതൃത്വം വിലയിരുത്തുന്നത്. ഇതേ അഭിപ്രായം തന്നെയാണ് എന്‍ സി പിയുടെ സംസ്ഥാന കമ്മിറ്റിക്കുമുള്ളത്.

കൂടാതെ കോട്ടക്കലില്‍ പൊതുസമ്മതനെ നിര്‍ത്തണമെന്ന് ചില മുസ്‌ലിം സംഘടനകള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതും എന്‍ സി പി ജില്ലാ ഘടകത്തെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ മറ്റൊരിടത്ത് മത്സരിക്കാന്‍ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.