ബേപ്പൂരെന്നും ഇടത്തോട്ട്

Posted on: March 16, 2016 1:19 pm | Last updated: March 16, 2016 at 1:19 pm

കോഴിക്കോട്: മുന്‍മന്ത്രിയും സിറ്റിംഗ് എം എല്‍ എയുമായ എളമരം കരീമിന്റെ പിന്മാറ്റത്തിലൂടെ ശ്രദ്ധാ കേന്ദ്രമായ മണ്ഡലമാണ് ബേപ്പൂര്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ സിറ്റിംഗ് എം എല്‍ എ എളമരം കരീം തന്നെയാകും ബേപ്പൂരില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ജില്ലയിലെ പാര്‍ട്ടി നേതാക്കളുടെയും മണ്ഡലത്തിലെ വോട്ടര്‍മാരുടെയും പ്രതീക്ഷ തെറ്റിച്ച് എളമരം കരീം മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിക്കുയായിരുന്നു. എളമരം കരീം രണ്ട് തവണ ബേപ്പൂരിന്റെ ജനപ്രതിനിധിയായിട്ടുണ്ട്. 2006ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിലാണ് അദ്ദേഹം വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.

എന്നും ഇടതുപക്ഷ മുന്നണിയോട് കൂറ് പുലര്‍ത്തിയ ചരിത്രമാണ് ബേപ്പൂരിനുള്ളത്. 1965 ല്‍ സി പി എമ്മിലെ കെ ചാത്തുണ്ണി മാസ്റ്ററായിരുന്നു വിജയിച്ചത്. 67 ലും 70 ലും അദ്ദേഹം തന്നെ ജയിച്ചു. ഇവിടെ കോണ്‍ഗ്രസുകാരന്‍ ജയിച്ചത് 1977 ല്‍ മാത്രമാണ് . അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എന്‍ പി മൊയ്തീനായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 80 ല്‍ ഇടത് മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസ് യു സ്ഥാനാര്‍ഥിയായി എന്‍ പി മൊയ്തീന്‍ മത്സരിച്ച് ജയിച്ചു. 82 ല്‍ സി പി എമ്മിലെ കെ മൂസക്കൂട്ടിയാണ് ജയിച്ചത്.1987,91,96 വര്‍ഷങ്ങളില്‍ സി പി എമ്മിലെ ടി കെ ഹംസയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2002 ല്‍ സി പി എമ്മിലെ വി കെ സി മമ്മദ് കോയയും 2006 ലും 2011 ലും എളമരം കരീമും ജയിച്ചു.

1991 ലായിരുന്നു കോ ലീ ബി കൂട്ടുകെട്ടിലൂടെ ബേപ്പൂര്‍ മണ്ഡലം സംസ്ഥാനത്ത് വലിയ ചര്‍ച്ചയായത്. ഡോ കെ മാധവന്‍കുട്ടിയായിരുന്നു അന്ന് യു ഡി എഫിന്റെയും ബി ജെ പിയുടെയും പിന്തുണയോടെ മത്സരിച്ചത്. എന്നാല്‍ പ്രസ്തുത തിരഞ്ഞെടുപ്പില്‍ ടി കെ ഹംസക്ക് 6270 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കാനായി. എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല ബി ജെ പി സ്ഥാനാര്‍ഥിയായി രംഗത്തു വന്നതും ബേപ്പുരിലായിരുന്നു. 2002 ല്‍ നടന്ന തിരഞ്ഞെടുപ്പിലായിരുന്നു പുനത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ബേപ്പൂര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായത്.

കഴിഞ്ഞതവണ കോണ്‍ഗ്രസിലെ ആദം മുല്‍സിയെയായിരുന്നു എളമരം കരീം പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടമാണ് കഴിഞ്ഞ തവണ നടന്നത്. ഇത്തവണ ഇരുമുന്നണിയുടെയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയൊന്നുമായില്ല. അത് കൊണ്ട് തന്നെ പ്രവര്‍ത്തനം സജീവമായി തുടങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി യോഗങ്ങള്‍ സംഘടിപ്പിച്ച് വരുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

എളമരം കരീമിന് പകരം മുന്‍ സംസ്ഥാന സഹകരണ ബേങ്ക് പ്രസിഡന്റ് എം മെഹബൂബിനെ മത്സരിപ്പിക്കുമെന്നാണ് സൂചന. എളമരം കരീമിന്റെ പേരെല്ലാതെ മറ്റൊരു പേര് സി പി എം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയിരുന്നില്ല. മെഹബൂബിന്റെ പേര് കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആദം മുല്‍സി, കെ സി അബു എന്നിവരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നു. അടുത്ത ദിവസത്തോടെ ചിത്രം തെളിയുമെന്നാണ് കരുതുന്നത്. ബേപ്പൂര്‍ പിടിക്കാന്‍ കടുത്ത മത്സരം നടക്കുമെന്നാണ് സൂചന. മണ്ഡലത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ വികസനം തന്നെയാണ് എല്‍ ഡി എഫ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെക്കുന്നത്.

ഇത്തവണയും സീറ്റ് നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ. യു ഡി എഫാകട്ടെ വികസന മുരടിച്ചയും പ്രചരണ വിഷയമാക്കും. ബി ജെ പിക്കും മോശമല്ലാത്ത സ്വാധീനം മണ്ഡലത്തിലുണ്ട്. #േ185429 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.രാമനാട്ടുകര നഗരസഭ, കടലുണ്ടി പഞ്ചായത്ത്, ഫറോക്ക് നഗരസഭ, കോര്‍പ്പറേഷന്റെ ഭാഗമായ നല്ലളം, ചെറുവണ്ണൂര്‍ ഭാഗം എന്നിവയും ഉള്‍പ്പെടുന്നതാണ് ബേപ്പൂര്‍ മണ്ഡലം.തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് നിലയില്‍ എല്‍ ഡി എഫിനാണ് മുന്‍തൂക്കം. രാമനാട്ടുകരയിലും കടലുണ്ടിയിലും എല്‍ ഡി എഫിനാണ് ഭരണം. ഫറോക്കില്‍ യു ഡി എഫ് ഭരിക്കുന്നു. കോര്‍പ്പറേഷന്‍ വാര്‍ഡില്‍ ഏഴില്‍ ആറും എല്‍ ഡി എഫിന് തന്നെയാണ്.