കരുണ എസ്റ്റേറ്റ്: ഉത്തരവ്‌പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍

Posted on: March 16, 2016 12:36 pm | Last updated: March 17, 2016 at 12:16 pm

karuna estateതിരുവനന്തപുരം: നെല്ലിയാമ്പതി വില്ലേജിലെ വിവാദമായ കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാറും പാര്‍ട്ടിയും രണ്ടുതട്ടില്‍. തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെയാണ് കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും, നേതൃത്വത്തെ തള്ളി സര്‍ക്കാറും നിലപാടെടുത്തത്. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും റദ്ദാക്കാനാകില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഹൈക്കോടതിയിലുള്ള കേസിന്റെ അന്തിമ വിധിക്ക് ശേഷം മാത്രം കരമടക്കാമെന്ന വ്യവസ്ഥയോടെ ഉത്തരവ് ഭേദഗതി ചെയ്യാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

നെല്ലിയാമ്പതിയിലെ 833 ഏക്കര്‍ ഭൂമിക്ക് കരമടക്കാന്‍ പോബ്‌സ് ഗ്രൂപ്പിന് അനുമതി നല്‍കി ഈ മാസം ഒന്നിന് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ സര്‍ക്കാറിന് കത്ത് നല്‍കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗം ഉത്തരവ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. ഉത്തരവ് ഭേദഗതിയല്ല, പിന്‍വലിക്കുകയാണ് വേണ്ടതെന്ന നിലപാടുമായി വി എം സുധീരന്‍ വീണ്ടും രംഗത്തെത്തിയത് സര്‍ക്കാറിന് തിരിച്ചടിയായിരിക്കുകയാണ്.

കരുണ എസ്റ്റേറ്റിന് കരമടക്കാനുള്ള അനുമതി നല്‍കിയത് നാല് ഉപാധികളോടെയാണെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കരം സ്വീകരിക്കുന്നതിന് മുമ്പ് പോബ്‌സ് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന അസ്സല്‍ രേഖകള്‍ പരിശോധിക്കണം, രേഖകള്‍ പരിശോധിച്ച് അവ നിയമാനുസൃതമായ രേഖകളാണോ അപ്രകാരം ഉടമസ്ഥതയുണ്ടോ എന്ന് ഉറപ്പുവരുത്തണം, കരം സ്വീകരിക്കുന്നതിന് മുമ്പ് ഭൂമിയെ സംബന്ധിച്ച കുടിക്കട സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണം, കരമൊടുക്കാനുള്ള തീരുമാനം ഹൈക്കോടതി വിധിക്ക് വിധേയമായിരിക്കും തുടങ്ങിയ വ്യവസ്ഥകളാണ് ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്. ഇപ്രകാരം കരമൊടുക്കാന്‍ കരുണ എസ്റ്റേറ്റിന് തടസ്സങ്ങളേറെയുണ്ട്. എങ്കിലും വിവാദമുയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഉത്തരവ് നിയമാനുസൃതമാണെങ്കില്‍പ്പോലും സംശയം ദുരീകരിക്കാനായി ഭേദഗതി വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

നേരത്തെ കരം സ്വീകരിച്ചാലും തുടര്‍നടപടികള്‍ ഹൈക്കോടതി ഉത്തരവിന് വിധേയമായിരിക്കുമെന്നായിരുന്നു നിബന്ധനയെങ്കില്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വന്നശേഷം മാത്രമേ കരം സ്വീകരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റവന്യൂ, നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി ഉത്തരവിറക്കാനുണ്ടായ സാഹചര്യം വിലയിരുത്തി. കോടതി ഉത്തരവിനെതുടര്‍ന്നുള്ള സര്‍വേയില്‍ പോബ്‌സ് എസ്റ്റേറ്റ് അവകാശപ്പെടുന്ന 833 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയല്ലെന്ന് കണ്ടെത്തിയിരുന്നു.

ഇത് കൂടാതെ അവരുടെ കൈവശം 15 ഏക്കര്‍ നിക്ഷിപ്തവനഭൂമിയും കൈവശമുണ്ടെന്ന് കണ്ടെത്തി. ഇത് പ്രകാരം 833 ഏക്കറിന് കരം സ്വീകരിക്കുന്നതില്‍ യാതൊരു തടസ്സവുമില്ലെന്ന് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്നാണ് കരമൊടുക്കുന്നതിനെപ്പറ്റി നിയമ വകുപ്പിന്റെ ഉപദേശം റവന്യൂ വകുപ്പ് ആരാഞ്ഞത്. സര്‍ക്കാറിന്റേതല്ലെന്ന് കണ്ടെത്തിയ ഭൂമിയില്‍ കരമൊടുക്കുന്നതിന് നിയമതടസ്സമില്ലെന്നും കരമൊടുക്കിയതുകൊണ്ടു മാത്രം വസ്തുവില്‍ ഉടമസ്ഥാവകാശം ലഭിക്കില്ലെന്നുമായിരുന്നു നിയമ വകുപ്പിന്റെ ഉപദേശം.

കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം സീലിംഗ് കേസിലുള്‍പ്പെട്ട തോട്ടഭൂമിയാണെങ്കില്‍പ്പോലും കരം സ്വീകരിക്കാതിരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കി. മുന്‍കൂര്‍ അനുമതിയില്ലാതെ ഹരജിക്കാരനെതിരേ യാതൊരു നടപടിയും പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. അതുകൊണ്ട് നിയമപരമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. എന്നാല്‍, തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.