Connect with us

Thrissur

തൃശൂരില്‍ ലീഗില്‍ അസ്വാരസ്യം പുകയുന്നു

Published

|

Last Updated

തൃശൂര്‍:സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യൂത്ത് ലീഗിന് പ്രാതിനിധ്യം നല്‍കാത്തതിനെച്ചൊല്ലി മുസ്‌ലിം ലീഗില്‍ അസ്വാരസ്യവും അഭിപ്രായ ഭിന്നതയും രൂക്ഷമാകുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ 20 സീറ്റിലും യൂത്ത് ലീഗില്‍ നിന്ന് പ്രാതിനിധ്യമില്ല. മുന്നണിയില്‍ തങ്ങള്‍ക്ക് നീക്കിവച്ചിട്ടുള്ള 24 സീറ്റില്‍ 20ലും സ്ഥാനാര്‍ഥികളെ നേരത്തെത്തന്നെ പ്രഖ്യാപിച്ച് മറ്റ് പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കിയെങ്കിലും നാല് സീറ്റില്‍ ആരെ മത്സരിപ്പിക്കുമെന്നത് ലീഗ് നേതൃത്വത്തിന് കീറാമുട്ടി പ്രശ്‌നമായിരിക്കുകയാണ്.
യുവത്വത്തെ പരിഗണിക്കാത്തതില്‍ ഗുരുവായൂരിലാണ് കൂടുതല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി എന്നിവരുടെ പേരുകളാണ് ഇവിടെ ഉയര്‍ന്നുകേള്‍ക്കുന്നത്. റഷീദിനൊപ്പമാണ് പാര്‍ട്ടി ജില്ലാ ഘടകമുള്ളത്. എന്നാല്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടയാളെ മാറ്റി പകരം സാദിഖലിയെ മത്സരിപ്പിക്കണമെന്ന് യൂത്ത് ലീഗ് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുവായൂരിന് തൊട്ടടുത്ത മണ്ഡലമായ നാട്ടിക സ്വദേശിയാണ് സാദിഖലി. തൃശൂര്‍ ജില്ലക്കാരന്‍, മികച്ച സംഘാടകന്‍, പ്രഭാഷകന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റുകളായി യൂത്ത്‌ലീഗ് ഉയര്‍ത്തിക്കാട്ടുന്നത്.
കഴിഞ്ഞ തവണ മലപ്പുറം ജില്ലക്കാരനായ അശ്‌റഫ് കോക്കൂരിനെ മത്സരിപ്പിച്ചതില്‍ പാര്‍ട്ടി അണികളിലുണ്ടായ അമര്‍ഷം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇറക്കുമതി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നെങ്കിലും നേതൃത്വം തള്ളിക്കളഞ്ഞു. പ്രവര്‍ത്തകരുടെ വികാരം ചെവിക്കൊള്ളാതിരുന്നതിന് കോക്കൂരിന്റെ പരാജയത്തിലൂടെ നേതൃത്വത്തിന് തിരിച്ചടി കിട്ടുകയും ചെയ്തു. അബ്ദുല്‍ ഖാദറിനോട് 9968 വോട്ടിന്റെ വന്‍ തോല്‍വിയാണ് കോക്കൂരിന് ഏറ്റുവാങ്ങേണ്ടി വന്നത്. യുവാക്കള്‍ക്ക് ലീഗില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന വിമര്‍ശം ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മുതിര്‍ന്ന നേതാക്കളെ തന്നെ സ്ഥിരമായി സ്ഥാനാര്‍ഥി കുപ്പായം അണിയിക്കുന്നത് യുവജന വിഭാഗത്തെ തെല്ലൊന്നുമല്ല അരിശം കൊള്ളിക്കുന്നത്.