എറണാകുളത്ത് സി പി എം സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമ രൂപമായില്ല

Posted on: March 16, 2016 9:35 am | Last updated: March 16, 2016 at 9:35 am

cpim-flagകൊച്ചി: എറണാകുളം ജില്ലയിലെ സി പി എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികക്ക് ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അന്തിമ രൂപമായില്ല. തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശ്ശേരി, കൊച്ചി സീറ്റുകളുടെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.
ഈ നാല് സീറ്റുകളൊഴികെ ജില്ലയില്‍ സി പി എം മത്സരിക്കുന്ന മറ്റ് സീറ്റുകളിലെല്ലാം ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ അന്തിമ ധാരണയായി. വൈപ്പിനില്‍ എസ് ശര്‍മ, പെരുമ്പാവൂരില്‍ സാജു പോള്‍, എറണാകുളത്ത് അഡ്വ. എം അനില്‍കുമാര്‍, പിറവത്ത് കെ ജെ ജേക്കബ്, ആലുവയില്‍ വി സലിം, കുന്നത്തുനാട് അഡ്വ. ഷൈജി ശിവജി എന്നിവരാണ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചവര്‍.
ജില്ലാ സെക്രട്ടറി പി രാജീവ് മത്സരിക്കേണ്ടെന്ന് സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിട്ടും ഇന്നലെ രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ പി രാജീവ് തൃപ്പൂണിത്തുറയില്‍ മത്സരിക്കണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തി. കെ ചന്ദ്രന്‍ പിള്ള, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയായിരുന്ന പി വാസുദേവന്‍ എന്നിവര്‍ക്കു വേണ്ടിയും വാദമുയര്‍ന്നു. ജില്ലാ കമ്മിറ്റി യോഗത്തിലും ഭിന്നാഭിപ്രായങ്ങളുണ്ടായി. ചന്ദ്രന്‍പിള്ളക്ക് തൃപ്പൂണിത്തുറയില്‍ വിജയസാധ്യതയില്ലെന്ന് ഒരു വിഭാഗം വാദിച്ചു.
തൃപ്പൂണിത്തുറയിലെ സമുദായ സമവാക്യങ്ങള്‍ കൂടി പരിഗണിച്ചുവേണം സ്ഥാനാര്‍ഥി നിര്‍ണയം നടത്താനെന്നാണ് ഉയര്‍ന്ന അഭിപ്രായം.
സവര്‍ണസമുദായത്തില്‍ പെട്ട ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായിരുന്ന പി വാസുദേവന് ഇതോടെ ചര്‍ച്ചകളില്‍ മുന്‍തൂക്കം ലഭിച്ചു. തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ ചന്ദ്രന്‍പിള്ളയെ കളമശ്ശേരിയില്‍ പരിഗണിച്ചേക്കും. വി എ സക്കീര്‍ ഹുസൈനും എ എം യൂസുഫുമാണ് കളമശ്ശേരിയില്‍ പരിഗണിക്കപ്പെടുന്ന മറ്റു രണ്ട് പേര്‍. തൃക്കാക്കരയും കൊച്ചിയും ഇത്തരത്തില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തിലുള്ള അഭിപ്രായ ഭിന്നത മൂലം അനിശ്ചിതത്വം തുടരുകയാണ്. സ്വതന്ത്രന്‍മാരെ പരിഗണിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം പാലിക്കേണ്ടതുള്ളതിനാല്‍ തൃക്കാക്കരയിലും കൊച്ചിയിലും സ്വതന്ത്രന്‍മാരായ ഡോ. സെബാസ്റ്റിയന്‍ പോള്‍, കെ ആര്‍ എല്‍ സി സി നേതാവ് ഷാജി ജോര്‍ജ് എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നു. തൃക്കാക്കരയില്‍ കെ എന്‍ ഉണ്ണികൃഷ്ണനും കൊച്ചിയില്‍ കെ ജെ മാക്‌സിയുമാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നവര്‍. തൃക്കാക്കര സെബാസ്റ്റ്യന്‍ പോളിന് നല്‍കിയാല്‍ കൊച്ചിയില്‍ മാക്‌സിയാകും സ്ഥാനാര്‍ഥി.