സദാചാര ഗുണ്ടായിസം

Posted on: March 16, 2016 6:00 am | Last updated: March 15, 2016 at 11:39 pm

SIRAJ.......സദാചാര ഗുണ്ടകളുടെ ശല്യം വര്‍ധിക്കുകയാണ് സംസ്ഥാനത്ത്. അസാന്മാര്‍ഗികത ആരോപിച്ച് ആളുകളെ അക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ സമീപ കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. സദാചാര ഗുണ്ടകള്‍ക്കെതിരെ ഉറഞ്ഞു തുള്ളിയിരുന്ന ഒരു വിപ്ലവ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ തന്നെ അവരുടെ വേഷം അണിഞ്ഞു തുടങ്ങിയതാണ് ഈ രംഗത്തെ ഏറ്റവും പുതിയ സംഭവ വികാസം. വടകരയിലാണ് കഴിഞ്ഞ ദിവസം സദാചാര ലംഘനം ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവള്ളൂര്‍ മുരളിയെയും വീട്ടമ്മയെയും മുരളി പ്രസിഡന്റായ സഹകരണ സംഘത്തിന്റെ ഓഫീസിനുള്ളില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ബന്ധനസ്ഥരാക്കിയത്. പ്രസ്തുത ഓഫീസില്‍ ജീവനക്കാരിയായ വീട്ടമ്മ ജോലിയാവശ്യാര്‍ഥം എത്തിയപ്പോഴായിരുന്നു ഈ കൃത്യം ചെയ്തത്. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുക്കുകയും ഹര്‍ത്താലുള്‍പ്പെടെ സമര മുറകള്‍ അരങ്ങേറുകയുമുണ്ടായി.
കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് ചേവായൂരില്‍ ഒരു യുവാവിനെയും അമ്മയെയും സദാചാര ഗുണ്ടകള്‍ ആക്രമിച്ചു പരുക്കല്‍പ്പിച്ചത്. നഗരത്തിലെ ക്ഷേത്രത്തില്‍ നിന്ന് ശിവരാത്രി പരിപാടി കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു പോകവെ, നൃത്താധ്യാപികയായിരുന്ന അമ്മയെയും പതിനെട്ടുകാരനായ മകനെയും ആറംഗ സംഘം ബൈക്കില്‍ പിന്തുടര്‍ന്ന് വിജനമായ സ്ഥലത്തു വെച്ചു സദാചാര ലംഘനം ആരോപിച്ചു ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അമ്മയും മകനുമാണെന്ന് പറഞ്ഞിട്ടും അവര്‍ വിട്ടില്ല. മറ്റൊരു വാഹനം അതുവഴി കടന്നു വന്നതോടെ അക്രമികള്‍ കടന്നു കളഞ്ഞത് കൊണ്ടാണ് അവരുടെ ജീവന്‍ തിരിച്ചു കിട്ടിയത്. ആഴ്ചകള്‍ക്ക് മുമ്പ് കണ്ണൂര്‍ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷന് സമീപം രാത്രി കാറില്‍ ഒരു ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്ന ദമ്പതികളെ ആറംഗ സംഘം 20 കി. മീറ്ററോളം ബൈക്കുകളില്‍ പിന്തുടര്‍ന്നു ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലേക്ക് വണ്ടി ഓടിച്ചു കയറ്റിയാണ് അവരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
സമൂഹത്തില്‍ നടക്കുന്ന അനീതിയെയും അസാന്മാര്‍ഗികതയെയും ചോദ്യം ചെയ്യാനും അതിനെ വിമര്‍ശിക്കാനും മറ്റുള്ളവര്‍ക്ക് അവകാശമുണ്ടെങ്കിലും അതിന്റെ മറവില്‍ നിയമം കൈയിലെടുക്കാവതല്ല. ഒരാള്‍ എങ്ങനെ ജീവിക്കണം, ആരുമായി സൗഹൃദം കൂടണം, എവിടെയെല്ലാം പോകണമെന്ന് സ്വയം സദാചാര പ്രവര്‍ത്തകരായി ചമയുന്ന ചിലര്‍ തീരുമാനിക്കുന്ന സ്ഥിതി വിശേഷം അരാജകത്വത്തിനും സംഘര്‍ഷാവസ്ഥക്കും ഇടയാക്കും. മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാകുന്ന ഒന്നല്ല സദാചാരം. വ്യക്തിപരമായ സംസ്‌കാരത്തിന്റെ ഭഗിമായ ഇത്തരം നല്ല ശീലങ്ങള്‍ ഓരോരുത്തരും സ്വയം ഉള്‍ക്കൊള്ളേണ്ടതാണ.് അതേസയം പൊതുസദാചാരത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ ആഭാസ, പ്രഹസന പ്രവര്‍ത്തനങ്ങള്‍ സദാചാര ബോധം വെച്ചു പുലര്‍ത്തുന്ന സമൂഹത്തില്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ ധാര്‍ഷ്ട്യം കാണിക്കുന്നതും അംഗീകരിക്കാവതല്ല. അത്തരം തെമ്മാടിത്തരങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതും സാധിക്കുമെങ്കില്‍ തടയേണ്ടതുമാണ്. നിയമം കൈയിലെടുത്തു കൊണ്ടോ നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കിയോ ആകരുതെന്ന് മാത്രം. നിയമ പാലകരുടെയും നിയമസംവിധാനങ്ങളുടെയും സഹായത്തോടെയും ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയുമായിരിക്കണം. സാമൂഹിക സാംസ്‌കാരിക മൂല്യങ്ങളെ കാത്തുസൂക്ഷിക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ സദാചാര ഗുണ്ടായിസമായി കുറ്റപ്പെടുത്തുന്നതും ശരിയല്ല. സമൂഹം പൊതുവെ നല്ലതായി കരുതപ്പെടുന്ന ആചാരമാണ് സദാചാരമായി കരുതപ്പെടുന്നത്. പൊതുസമൂഹം നിഷ്‌കര്‍ഷിക്കുന്ന ലൈംഗിക ധാര്‍മികതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതിലുള്ള രോഷമാണ് പലപ്പോഴും മറ്റുള്ളവര്‍ക്ക് സദാചാര പോലീസ് ചമയുന്നതിനുള്ള പ്രേരകം. അത് പരസ്യമായി ലംഘിക്കുന്നത് സമൂഹത്തില്‍ അരാജകത്വവും മൂല്യനിരാസവും പടര്‍ന്നു പിടിക്കാന്‍ ഇടവരുമെന്നതിനാല്‍ അത്തരം ധാര്‍ഷ്ട്യത്തിന് മുതിരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.
സദാചാര ഗുണ്ടായിസം വളര്‍ത്തുന്നത് മതങ്ങളും സമൂഹത്തില്‍ നിലനിന്നു വരുന്ന ആണ്‍മേല്‍ക്കോയ്മയുമാണെന്ന് വാദിക്കുന്നവരുണ്ട്. വടകരയില്‍ അരങ്ങേറിയ സംഭവം ആ ധാരണ തിരുത്തുകയാണ്. മതങ്ങളില്‍ വിശ്വാസമില്ലാത്ത, മതനിരാസ പ്രസ്ഥാനമായി അറിയപ്പെടുന്ന ഒരു സംഘടനയുടെ വക്താക്കളാണ് അവിടെ സദാചാര ഗുണ്ടായിസം നടത്തിയത്. തങ്ങളുടെ രാഷ്ട്രീയ വിരോധിയെ സമൂഹത്തില്‍ താറടിക്കുകയായിരുന്നു ഇതിലൂടെ അവരുടെ ലക്ഷ്യം. ചില കുത്സിത താത്പര്യങ്ങള്‍ക്ക് വേണ്ടി എല്ലാ വിഭാഗങ്ങളും സദാചാര പോലീസ് ചമയുന്നുണ്ട്. അടുത്തിടെ അരങ്ങേറിയ പല സദാചാര കൂട്ടായ്മയിലും മത പ്രാസ്ഥാനിക ചിന്താഗതിക്കപ്പുറം എല്ലാ വിഭാഗക്കാരും ഉള്‍പ്പെട്ടിരുന്നതായി കാണാം. അതൊരു തരം വൈകാരിക പ്രകടനമാണ്. അവയെ മതത്തിന്റെയോ ആണ്‍മേല്‍ക്കോയ്മ വ്യവസ്ഥയുടെയോ പേരില്‍ ചാര്‍ത്തുന്നത് യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്. ചുരുക്കം ചിലയിടങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തീവ്രവാദ, വര്‍ഗീയ സംഘടനകളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന കാര്യവും വിസ്മരിക്കാവതല്ല. ഇതുവഴി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മതങ്ങളോടും പ്രസ്ഥാനങ്ങളോടും കഠിന ദ്രോഹമാണിവര്‍ ചെയ്യുന്നത്.