വല്ലാര്‍പാടം സമരം അവസാനിച്ചു

Posted on: March 15, 2016 6:14 pm | Last updated: March 15, 2016 at 6:14 pm

vallarpadam-container-termi_1കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെ ട്രക്ക് ഡ്രൈവര്‍മാരും ക്ലീനര്‍മാരും നടത്തിവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ലേബര്‍ കമ്മീഷണറുമായി തൊഴിലാളി സംഘടന പ്രതിനിധികള്‍ തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയിലാണു സമരം പിന്‍വലിക്കാന്‍ ധാരണയായത്. കണ്‌ടെയ്‌നര്‍ ഡ്രൈവറുമാരുടെയും ക്ലീനര്‍മാരുടെയും വേതനവും ബാറ്റയും അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. നിലവില്‍ കണ്‌ടെയ്‌നറുകള്‍ക്ക് ഏകീകൃത വാടക ലഭിക്കുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് പഠിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നാറ്റ്പാകിനെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വേതന വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും ധാരണയായി.

സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവേതനവും പുതുക്കിയ സേവന വ്യവസ്ഥകളും ലോറി പാര്‍ക്കിംഗിനു സൗകര്യവും ആവശ്യപ്പെട്ടാണു തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തിയത്. പണിമുടക്ക് അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.