Connect with us

National

ഗാര്‍ഡിയന് അഭിമുഖം നല്‍കിയില്ലെന്ന് വിജയ് മല്യ;മെയിലുകള്‍ പത്രം പുറത്തു വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ബ്രിട്ടീഷ് മാധ്യമമായ സണ്‍ഡേ ഗാര്‍ഡിയന് അഭിമുഖം നല്‍കിയില്ലെന്ന് വിജയ് മല്യ. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. എന്നാല്‍ ഈ മെയിലിലൂടെ ചോദ്യാവലി അയച്ചുകൊടുത്ത് നടത്തിയ അഭിമുഖമാണെന്നും ഈമെയിലിന്റെ ആധികാരികത ഉറപ്പുവരുത്തിയശേഷമാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെന്നും പത്രം വ്യക്തമാക്കി. vjmallya@protonmail.com എന്ന സുരക്ഷിതത്വം ഉറപ്പിച്ച (എന്‍ക്രിപ്റ്റഡ്) അദ്ദേഹത്തിന്റെ ഇമെയില്‍ വിലാസത്തില്‍ നിന്ന് മാര്‍ച്ച് 12, 2016 നാണ് മല്യയുടെ പ്രതികരണം ലഭിച്ചത്. പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായും ഗാര്‍ഡിയന്‍ വ്യക്തമാക്കി. അഭിമുഖം നടത്തിയ ഇമെയിലുകള്‍ പത്രം പുറത്ത് വിട്ടു.

mailഎന്നാല്‍ ഗാര്‍ഡിയന്‍ പറയുന്ന ഈമെയില്‍ ഐഡി തന്റെതല്ല എന്ന് മല്യ പ്രതികരിച്ചു. അവര്‍ അവകാശപ്പെടുന്ന “പ്രോട്ടോണ്‍മെയില്‍” എന്ന ഡൊമൈന്‍ താന്‍ കേട്ടിട്ടുപോലുമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാതെ നാടുവിട്ട വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങാന്‍ ഇത് ഉചിത സമയമല്ല എന്നാണ് സണ്‍ഡേ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.


ഇന്റര്‍വ്യുവില്‍ മല്യ പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇതായിരുന്നു. “ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഇത് ഉചിത സമയമാണെന്ന് കരുതുന്നില്ല. ആത്യന്തികമായി ഞാന്‍ ഒരു ഇന്ത്യക്കാരനാണ്, അങ്ങോട്ട് തന്നെ മടങ്ങി വരും. ഇപ്പോള്‍ എത്തിയാല്‍ എന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല”

മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ ഇന്ത്യ വിട്ടത്. അഭിമുഖം വിവാദമായതോടെ താന്‍ ഇത്തരത്തില്‍ ഒരു പത്രത്തിനും അഭിമുഖം നല്‍കിയിട്ടില്ലെന്നും വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും മല്യ ട്വീറ്റ് ചെയ്തു. താന്‍ ആര്‍ക്കും ഒരു പ്രസ്താവനയും നല്‍കിയിട്ടില്ലെന്നായിരുന്നു മല്യയുടെ വാദം.

കടമെടുത്ത വന്‍തുക തിരിച്ചടയ്ക്കാത്തതിനാല്‍, 60കാരനായ വിജയ് മല്യയെ വിദേശത്തേക്ക് പോകുന്നതില്‍ നിന്ന് വിലക്കണമെന്ന ആവശ്യവുമായി 17 ബാങ്കുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ മാര്‍ച്ച് രണ്ടിന് തന്നെ മല്യ വിദേശത്തേക്ക് പോയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. മല്യ ഇപ്പോള്‍ ബ്രിട്ടനിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest