Connect with us

International

സമാധാന ചര്‍ച്ച തുടങ്ങി; സിറിയയുടെ വിധി നിര്‍ണയിക്കുമെന്ന് യു എന്‍

Published

|

Last Updated

ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ചക്ക് ജനീവയില്‍ തുടക്കമായപ്പോള്‍

ജനീവ: യു എന്‍ മേല്‍നോട്ടത്തില്‍ ജനീവയില്‍ നടക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ച ആരംഭിച്ചു. സര്‍ക്കാറും പ്രതിപക്ഷ പ്രതിനിധികളും തമ്മിലുള്ള സമാധാന ചര്‍ച്ച യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ സിറിയയുടെ വിധി നിര്‍ണയിക്കുന്നതാണെന്ന് ഐക്യരാഷ്ട്ര സഭയുടെ സിറിയയിലേക്കുള്ള പ്രത്യേക പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുറ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടാല്‍ യുദ്ധത്തിലേക്ക് മടങ്ങിപ്പോകുകയല്ലാതെ ആ രാജ്യത്തിന് മറ്റൊരു വഴിയില്ല. അതേസമയം, ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ അമേരിക്ക, റഷ്യ പോലുള്ള ലോക രാജ്യങ്ങളെ ചര്‍ച്ചക്ക് വിളിക്കാന്‍ മടികാണിക്കില്ല. അഞ്ച് വര്‍ഷമായിട്ടും സിറിയന്‍ ജനത സമാധാനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഈ ചര്‍ച്ചയിലും ഇതിന് ശേഷം നടക്കുന്ന രണ്ടാംവട്ട ചര്‍ച്ചയിലും പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ലെങ്കില്‍ സിറിയയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരെയും അമേരിക്ക, റഷ്യ, സുരക്ഷാ കൗണ്‍സില്‍ തുടങ്ങിയവരുടെ മുന്നിലേക്ക് വിഷയമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 27ന് തുടങ്ങിയ വെടിനിര്‍ത്തല്‍ കരാര്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എന്നാല്‍ കരാറില്‍ ഒപ്പിട്ടിട്ടില്ലാത്ത ഇസില്‍, അല്‍ന്നുസ്‌റ ഫ്രണ്ട് പോലുള്ള തീവ്രവാദി സംഘങ്ങള്‍ക്കെതിരെ റഷ്യയും സിറിയന്‍ സൈന്യവും ഇപ്പോഴും ആക്രമണം തുടരുകയാണ്. കരാര്‍ നിലവില്‍ വന്നതിന് ശേഷം നിരവധി മേഖലകളിലേക്ക് മാനുഷിക സഹായമെത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ക്കായി.
പുതിയ ഭരണഘടന, യു എന്‍ മേല്‍നോട്ടത്തില്‍ നടക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് എന്നീ ആവശ്യങ്ങള്‍ യു എന്‍ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനുള്ള ഏത് നീക്കത്തെയും തള്ളിക്കളയുമെന്നും അത് തീരുമാനിക്കാനുള്ള അവകാശം സിറിയന്‍ ജനതക്ക് മാത്രമാണെന്നും കഴിഞ്ഞ ദിവസം സിറിയന്‍ വിദേശകാര്യ മന്ത്രി നിലപാടറിയിച്ചിരുന്നു.
പ്രസിഡന്റ് ബശാറുല്‍ അസദ് അധികാരത്തില്‍ നിന്നിറങ്ങണമെന്നാണ് യു എസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ താത്പര്യം. അത്തരം നീക്കങ്ങളാണ് ജനീവയിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നതെങ്കില്‍ സമാധാന ചര്‍ച്ച തുടക്കത്തിലേ പരാജയപ്പെടുമെന്നും സിറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതുതിരഞ്ഞെടുപ്പിലൂടെ സുശക്തമായ ഒരു ഭരണകൂടം നിലവില്‍ വന്നതിന് ശേഷം മാത്രമേ അധികാരമൊഴിയൂ എന്നാണ് അസിദിന്റെ നിലപാട്.
ദീര്‍ഘകാലത്തെ തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാകുന്നത്.

---- facebook comment plugin here -----

Latest