തിരുവമ്പാടി സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

Posted on: March 15, 2016 6:00 am | Last updated: March 15, 2016 at 9:04 am

et muhammed basheerന്യൂഡല്‍ഹി: തിരുവമ്പാടി സീറ്റുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ വക്താവ് ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സീറ്റുകളില്‍ നിന്ന് പിന്‍മാറില്ല. മുന്നണി ചര്‍ച്ചകളെ തുടര്‍ന്നാണ് തിരുവമ്പാടി അടക്കമുള്ള സിറ്റിംഗ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സീറ്റിനായി അവകാശവാദമുന്നയിക്കുന്നവരുമായും ചര്‍ച്ച നടത്തും. എന്നാല്‍ ആര്‍ക്കുവേണ്ടിയും സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ ലീഗ് തയ്യാറാകില്ലെന്നും ഇ ടി പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചാല്‍ പിന്നെ അതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടി സീറ്റ് സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ ടി. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും സി പി എമ്മും തമ്മിലുള്ള അടവുനയവുമായി ലീഗ് സഹകരിക്കും. തമിഴ്‌നാട്ടില്‍ ഡി എം കെ- കോണ്‍ഗ്രസ് സഖ്യത്തോടൊപ്പം തുടരുമെന്നും എട്ട് സീറ്റുകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.