കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍

Posted on: March 15, 2016 6:00 am | Last updated: March 14, 2016 at 11:40 pm

SIRAJ.......സത്ഭരണത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനമെന്ന് പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ പഠനറിപ്പോര്‍ട്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനയായ സെന്റര്‍ തമിഴ്‌നാടിനെയും കര്‍ണാടകയെയുമാണ് രണ്ടും മൂന്നും സ്ഥാനക്കാരായി കണ്ടെത്തിയത്. സാമൂഹികം, സാമ്പത്തികം, അടിസ്ഥാന വികസനം, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ വളര്‍ച്ച, മത ജാതികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദം, സ്ത്രീകള്‍ക്ക് സമൂഹം നല്‍കുന്ന ഉന്നതസ്ഥാനം ആളോഹരി വരുമാനം തുടങ്ങിയവ മാനദണ്ഡമാക്കിയായിരുന്നു പഠനം. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലും ഭരണനിര്‍വഹണത്തിലും വിദ്യാഭ്യാസ മേഖലയിലും കേരളമായിരുന്നു ഒന്നാമത്. ഭരണനിര്‍വഹണത്തില്‍ തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കല്‍, ഇ- ഇടപാടുകളുടെയും ഇ- സേവനങ്ങളുടെയും അനുപാതം, പൊലീസ് സിവിലിയന്‍ അനുപാതം, തീര്‍പ്പാകാത്ത കേസുകളിലെയും കുറ്റകൃത്യങ്ങളിലെയും കുറവ് എന്നിവയും വിദ്യാഭ്യാസ വളര്‍ച്ചയില്‍ സാക്ഷരതാ നിരക്ക്, പ്രാഥമിക വിദ്യാഭ്യാസം നേടിയ 10നും 14നും ഇടക്കുള്ള കുട്ടികളുടെ അനുപാതം, കോളജുകളുടെയും സ്‌കൂളുകളുടെയും എണ്ണം, വിദ്യാഭ്യാസത്തിന് കുടുംബങ്ങള്‍ക്ക് വരുന്ന ശരാശരി ചെലവ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം തുടങ്ങിയവയായിരുന്നു ഇന്ത്യാ ടുഡേയുടെ അളവുകോല്‍. സംസ്ഥാനങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പുതിയ മാനദണ്ഡം രൂപവത്കരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രഘുറാം രാജന്‍ സമിതി 2013ല്‍ രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോഴും പ്രഥമ സ്ഥാനത്ത് കേരളമായിരുന്നു.
കേരള മോഡലും വികസനത്തില്‍ കേരളത്തിന്റെ മികവുമൊക്കെ വര്‍ഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നതും ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ്. ഇത് അഭിമാനകരവുമാണ്. എന്നാല്‍ ഈ നേട്ടങ്ങളെല്ലാം ഇവിടം ഭരിച്ച സര്‍ക്കാറുകള്‍ മുഖേന കൈവന്നതാണോ? സാമ്പത്തികം, വിദ്യാഭ്യാസം, സ്ത്രീകള്‍ക്കുള്ള ഉയര്‍ന്ന സ്ഥാനം തുടങ്ങി സംസ്ഥാനം കൈവരിച്ച പല നേട്ടങ്ങളുടെയും പിന്നില്‍ പ്രധാനമായും മറ്റു ഘടകങ്ങളാണ്. ഫലഭൂയിഷ്ഠമായ മണ്ണ,് സമൃദ്ധമായ കാലവര്‍ഷം തുടങ്ങിയ അനുകൂല ഘടകങ്ങളില്‍ കാര്‍ഷിക മേഖലക്കുണ്ടായ വളര്‍ച്ചയും പ്രവാസികളുടെ കഠിനാധ്വാനത്തിന്റെ ഫലവുമൊക്കെയാണ് യഥാര്‍ഥത്തില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ മുഖ്യഘടകങ്ങള്‍. നാണ്യ, ഭക്ഷ്യ വിളകളില്‍ കൊളോണിയന്‍ ഭരണത്തിനുണ്ടായിരുന്ന പ്രത്യേക താത്പര്യങ്ങളെ തുടര്‍ന്ന് അവരാണ് കാര്‍ഷിക വളര്‍ച്ചയെ ത്വരിതപ്പെടുത്തിയത്. കേരള സമ്പദ്ഘടനയുടെ 25 ശതമാനത്തോളം പ്രവാസികളുടെ സംഭാവനയാണ്. 2014ല്‍ 71,142 കോടി രൂപ പ്രവാസികള്‍ കേരളത്തിലെത്തിച്ചെന്നാണ് കണക്ക്. ഭൂപരിഷ്‌കരണം കഴിഞ്ഞാല്‍ കേരള വികസനത്തില്‍ പ്രധാന പങ്ക് വഹിച്ചത് പ്രവാസികളാണെന്ന് കഴിഞ്ഞ ഡിസംബറില്‍ ദുബൈയില്‍ നടന്ന ഇന്‍ഡോ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റിലെ സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസ്താവന ശ്രദ്ധേയമാണ്. പ്രവാസികളില്‍ നിന്നെത്തുന്ന പണം കൊണ്ടാണ് നാട്ടിലെ കമ്പോളവും നിര്‍മാണ മേഖലയുമെല്ലാം ഉണര്‍ന്നതും സംസ്ഥാനത്തിന്റെ പൊതുജീവിത നിലവാരം ഉയര്‍ന്നതും. കേരളീയര്‍ വിദേശങ്ങളിലെ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്തിയില്ലായിരുന്നെങ്കില്‍ സംസ്ഥാനത്ത് പട്ടിണി മരണം ഉറപ്പായിരുന്നുവെന്നാണ് തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിലയിരുത്തിയത്.
വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ചയിലും സര്‍ക്കാറേതര ഏജന്‍സികളുടെ പ്രവര്‍ത്തനം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മിഷനറിയുടെയും മുസ്‌ലിം സംഘടനകളുടെയും സേവനം ഇക്കാര്യത്തില്‍ എടുത്തുപറയേണ്ടതുണ്ട്. സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തിയതും ഭരണകൂടങ്ങളല്ല. വിവിധ നവോഥാന പ്രസ്ഥാനങ്ങളോടും വിശിഷ്യാ ഇസ്‌ലാമിനോടും ടിപ്പുവിനെ പോലെയുള്ള ചില ഭരണാധികാരികളോടുമാണ് ഇക്കാര്യത്തില്‍ സംസ്ഥാനം ഏറ്റവും കടപ്പെട്ടിരിക്കുന്നത്. ഇത്തരം പ്രസ്ഥാനങ്ങള്‍ അടിത്തറയിട്ട പുരോഗതിയില്‍ വിവിധ സര്‍ക്കാറുകളും അവരുടേതായ പങ്ക് വഹിച്ചുവെന്ന് മാത്രം. എന്നാല്‍, സമീപ കാലത്ത് കേരള രാഷ്ട്രീയത്തിനേറ്റ ജീര്‍ണതയും മലീമസാന്തരീക്ഷവും വികസനത്തിലുള്ള സര്‍ക്കാറിന്റെ പങ്കില്‍ ഇടിവ് സൃഷ്ടിക്കുകയുമാണ്. അഴിമതി, ലൈംഗിക ആരോപണങ്ങള്‍, വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍, അനാരോഗ്യകരമായ കക്ഷിരാഷ്ട്രീയ കിടമത്സരം, കുന്നോളം വിവാദങ്ങള്‍ തുടങ്ങിയവ കൊണ്ട് രാഷ്ട്രീയരംഗം വീര്‍പ്പുമുട്ടുന്നതിനിടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ഭരിക്കുന്നവര്‍ക്കെവിടെ നേരം? പ്രശസ്തമായ കേരള മോഡല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഈയിടെ ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്താനിടയായതിന്റെ സാഹചര്യവും ഇതാണ്. മുന്‍കാലങ്ങളില്‍ കേരളം കൈവരിച്ച പുരോഗതിയുടെയും നേട്ടങ്ങളുടെയും അവശിഷ്ടങ്ങളാണ് ഇന്ന് സംസ്ഥാനത്ത് കാണുന്നതും സര്‍വേകളില്‍ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നതും. ഭരണ രംഗത്തെ അഴിമതി തുടച്ചു നീക്കുകയും കക്ഷിരാഷ്ട്രീയം നാടിന്റെ പുരോഗതിക്ക് ഉപയോക്തമാം വിധം പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഈ ഖ്യാതി ഏറെക്കാലം നിലനിര്‍ത്താനാകുമോ?