തൃണമൂല്‍ നേതാക്കള്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted on: March 14, 2016 1:47 pm | Last updated: March 15, 2016 at 9:59 am

trinamool scamകൊല്‍കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. വാര്‍ത്താ വെബ്‌സൈറ്റായ നാരദ ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്ത വിട്ടത്. തെഹല്‍ക്കയിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായ മാത്യു സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം 2014 മുതല്‍ നടത്തിയ സ്റ്റിംഗ് ക്യാമറാ ഓപ്പറേഷന്‍ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.


ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ പ്രതികളടക്കം പ്രമുഖ നേതാക്കളുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമടക്കം 14 പേരുടെ ദൃശ്യങ്ങളാണ് വെബ്‌സൈറ്റ് പുറത്തുവിട്ടത്. ഒരു കമ്പനി തുടങ്ങാനെന്ന പേരിലാണ് മാധ്യമസംഘം പണവുമായി നേതാക്കളെ സമീപിച്ചത്. മുന്‍ റെയില്‍മന്ത്രിയും ടിഎംസിയുടെ ഏറ്റവും മുതിര്‍ന്ന നേതാവുമായ മുകുള്‍ റോയി 20 ലക്ഷം രൂപയാണ് കമ്പനിക്ക് സഹായം ചെയ്യാന്‍ കൈപ്പറ്റിയത്. മുന്‍ കേന്ദ്ര മന്ത്രിയും നിലവില്‍ എംപിയുമായ സുല്‍ത്താന്‍ അഹമ്മദ് അഞ്ച് ലക്ഷം രൂപയും വാങ്ങി. മുന്‍ കേന്ദ്രമന്ത്രിയായ സുഗതാ റോയി അഞ്ച് ലക്ഷം രൂപ വാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവിട്ടവയിലുണ്ട്.

മമതാ മന്ത്രി സഭയിലെ പഞ്ചായത്ത് ഗ്രാമീണവികസനവകുപ്പ് മന്ത്രി സുബ്രതാ മുഖര്‍ജിയും നഗരവികസനമന്ത്രി ഫര്‍ഹാദ് ഹക്കിമും മുന്‍ മന്ത്രി മദന്‍ മിത്രയും അഞ്ച് ലക്ഷം രൂപ വീതമാണ് കൈപ്പറ്റിയത്. ശാരദാ ചിറ്റ് ഫണ്ട് കേസില്‍ ജയിലിലാണ് നിലവില്‍ മദന്‍ മിത്ര. കൊല്‍ക്കത്ത മേയര്‍ പ്രസൂന്‍ ബാനര്‍ജി വാങ്ങിയത് നാല് ലക്ഷം രൂപയാണ്. ബംഗാള്‍ എംഎല്‍എ ഇക്ബാല്‍ അഹമ്മദും ടിഎംസി നേതാക്കളായ സുവേന്ദു അധികാരി, കക്കോലി ഘോഷ് ദസ്തികര്‍ എന്നിവരും അഞ്ച് ലക്ഷം രൂപ വീതം കൈപ്പറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 5 ലക്ഷം രൂപ കൈക്കൂലി വാങ്ങി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എംഎച്ച് അഹമ്മദ് മിര്‍സയാണ് മര്‌റു നേതാക്കളിലേക്ക് സംഘത്തെ നയിച്ചത്.