കരുണ എസ്റ്റേറ്റ്: കരം സ്വീകരിക്കാമെന്ന് നിയമോപദേശം; പറ്റില്ലെന്ന് വീണ്ടും സുധീരന്‍

Posted on: March 14, 2016 12:31 am | Last updated: March 14, 2016 at 9:05 am

karuna estateതിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നെല്ലിയാമ്പതി കരുണ എസ്റ്റേറ്റില്‍ നിന്ന് നികുതി സ്വീകരിക്കാന്‍ സ്വകാര്യ ഗ്രൂപ്പിന് അനുമതി നല്‍കിയതില്‍ തെറ്റില്ലെന്ന് നിയമോപദേശം. പോംപ്‌സ് ഗ്രൂപ്പില്‍ നിന്ന് കരം സ്വീകരിക്കുന്നതുകൊണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്ക് ലഭിക്കില്ലെന്നാണ് വിവിധ കോടതി വിധികള്‍ ഉദ്ധരിച്ച് നിയമ സെക്രട്ടറി നല്‍കിയ ഉപദേശം. ഈ ഉപദേശം ഉപാധിയാക്കി വിവാദ ഉത്തരവ് നിലനിര്‍ത്താനാണ് സര്‍ക്കാറിന്റെ നീക്കം. അതേസമയം, കരമടക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വീണ്ടും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിശദമായ കത്ത് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ആഭ്യന്തരമന്ത്രി, വനം മന്ത്രി എന്നിവര്‍ക്ക് വീണ്ടും നല്‍കി. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും.
അനുകൂല നിയമോപദേശത്തിന്റെ മറവില്‍ ഉത്തരവ് നിലനിര്‍ത്താന്‍ നീക്കം നടത്തുന്നതിനിടെയാണ് സുധീരന്‍ നിലപാട് കടുപ്പിച്ചത്. ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചതാണെങ്കിലും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുവെന്ന ആമുഖത്തോടെയാണ് കത്ത് നല്‍കിയത്. സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ നികുതി അടക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ട് ഫയല്‍ ചെയ്ത നാലായിരത്തോളം കേസുകള്‍ ഹൈക്കോടയില്‍ തീര്‍പ്പാകാതെ കിടപ്പുണ്ടെന്നും ഇപ്പോഴത്തെ ഉത്തരവ് ഈ കേസുകളില്‍ സര്‍ക്കാര്‍ നിലപാടിനെ ദുര്‍ബലമാക്കുകയും സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്നും സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
കരുണ എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയ റവന്യൂ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ കേസും നിലനില്‍ക്കേയാണ് പോംപ്‌സിന് കരം അടക്കാന്‍ അനുമതി നല്‍കിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. കരുണ എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്ന 876 ഏക്കര്‍ ഭൂമി അനധികൃതമാണെന്നും അത് സര്‍ക്കാറില്‍ നിക്ഷിപ്തമായ ഭൂമിയാണെന്നും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി മേരിക്കുട്ടി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചായിരുന്നു ഈ അനുമതി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയിലും നിയമസഭയിലും ഭൂമി സര്‍ക്കാറിന്റേതാണന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. കേസ് ഹൈക്കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ മാസം ഒന്നിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത കരുണക്ക് അനുകൂലമായി ഉത്തരവിറക്കിയത്.
833 ഏക്കറിന് നികുതി സ്വീകരിക്കാന്‍ നെല്ലിയാമ്പതി വില്ലേജ് ഓഫീസര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാറിനെ പ്രതിനിധാനം ചെയ്യുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ഭട്ട് അറിയാതെയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചതെന്നതും ശ്രദ്ധേയമാണ്. നികുതിയടക്കാന്‍ അനുവദിക്കണമെന്ന ഉടമകളുടെ അപേക്ഷ മുമ്പ് പാലക്കാട് കലക്ടര്‍ നിരസിച്ചിരുന്നു. പിന്നീടാണ് സര്‍ക്കാറിനെ നേരിട്ട് സമീപിച്ചതും അനുകൂല ഉത്തരവ് സമ്പാദിച്ചതും.
നേരത്തെ ഭൂമിയുടെ കരമൊടുക്കാന്‍ വനം വകുപ്പ് എന്‍ ഒ സി നല്‍കിയത് വന്‍ വിവാദമായിരുന്നു. 1969 ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയാണ് 2014 മെയ് 28ന് ചിറ്റൂര്‍ അഡീഷനല്‍ തഹസില്‍ദാര്‍ ധൃതിപിടിച്ച് അതീവ രഹസ്യമായി പോക്കുവരവ് ചെയ്തുകൊടുത്തത്. നിയമസഭയില്‍ പ്രതിപക്ഷം ഇത് ഉന്നയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് പോക്കുവരവും ഇതിനായി നെന്മാറ ഡി എഫ് ഒ നല്‍കിയ എന്‍ ഒ സിയും റദ്ദ് ചെയ്യുമെന്നും വിഷയം പഠിക്കുന്നതിന് മൂന്നംഗ സമിതിയെ നിയമിക്കുമെന്നും സഭയില്‍ പ്രഖ്യാപിച്ചു. മൂന്നംഗ കമ്മിറ്റി റിപ്പോര്‍ട്ട് അവ്യക്തവും സമഗ്രവുമല്ലാത്തതിനാലാണ് വിശദമായ അന്വേഷണത്തിന് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയെ നിയോഗിച്ചത്. 2014 ഒക്‌ടോബര്‍ ഏഴിന് അവര്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കി.
റവന്യൂ, വനം, രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.