Connect with us

Kerala

എസ്എസ്എഫ് പ്രൊഫ്‌സമ്മിറ്റിന് ഉജ്ജ്വല സമാപ്തി

Published

|

Last Updated

വാടാനപ്പള്ളി: സാമൂഹിക പ്രതിബദ്ധതയും മൂല്യവിചാരങ്ങളുമുളള വിദ്യാര്‍ഥിത്വത്തിന്റെ ഉയിര്‍പ്പിന് ആഹ്വാനം ചെയ്ത് എസ് എസ് എഫ് പ്രൊഫഷനല്‍ വിദ്യാര്‍ഥി സമ്മേളനത്തിന് ഉജ്ജ്വല സമാപനം. ക്യാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന മൂല്യച്യുതികളോട് പ്രതികരിക്കാനും നന്മയുടെ പക്ഷം ചേരാനും പ്രതിജ്ഞയെടുത്താണ് മൂന്ന് ദിനങ്ങളിലായി വാടാനപ്പള്ളി മദാര്‍ ക്യാമ്പസില്‍ നടന്ന പ്രൊഫ്‌സമ്മിറ്റിന് തിരശ്ശീല വീണത്.
പ്രൊഫഷനല്‍ വിദ്യാഭ്യാസം ധനസമ്പാദനത്തിലുളള മാര്‍ഗമായി കാണുന്നതിന് പകരം സാമൂഹിക സേവനത്തിന് ലഭിച്ച അവസരമായി ഉപയോഗിക്കണമെന്ന് സമ്മേളനം വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് പ്രവണതകളെ ജനാധിപത്യപരമായി ചെറുത്തുതോല്‍പ്പിക്കാനുള്ള ധൈഷണിക കരുത്ത് ക്യാമ്പസുകള്‍ ആര്‍ജിക്കണമെന്ന സന്ദേശം ഉള്‍ക്കൊണ്ടാണ് സംസ്ഥാനത്തെ വിവിധ കലാലയങ്ങളില്‍ നിന്നെത്തിയ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ സമ്മേളന നഗരിയോട് വിടചൊല്ലിയത്.
സയ്യിദ് ഫസല്‍ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനം അഖിലേന്ത്യാ സുന്നി ജംയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ വെളിച്ചം, പ്രയാണം, ആത്മീയാനന്ദം, കര്‍മശാസ്ത്ര സരണികള്‍, ആറാമിന്ദ്രിയം, ക്യാമ്പസ് സംവാദം, ഇസ്‌ലാം ലളിതം, ഫാസിസം തീവ്രവാദം- സെമിനാര്‍, മത സംവാദം, വ്യക്തിവിശുദ്ധി, പ്രബോധകന്റെ പാഥേയം, പ്രവാചകാനുരാഗം, സാമൂഹിക ബന്ധം, നിങ്ങളെ കണ്ടെത്തുക, സ്വര്‍ഗവഴി, ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്നീ ശീര്‍ഷകങ്ങളില്‍ നടന്ന സെഷനുകള്‍ തുറന്ന ചര്‍ച്ചയുടെയും ആശയ സംവാദങ്ങളുടെയും പുതിയ അനുഭവതലങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചത്.
പ്രമുഖ പണ്ഡിതന്മാരുടെയും ധൈഷണിക വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു പ്രൊഫ്‌സമ്മിറ്റിന്റെ മൂന്ന് ദിനങ്ങള്‍. സമാപന ദിനമായ ഇന്നലെ സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, കെ സി അമീര്‍ ഹസന്‍, കെ അബ്ദുല്‍ കലാം, എം അബ്ദുല്‍ മജീദ് എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.

Latest