Connect with us

National

പാക് അധീന കാശ്മീരില്‍ ചൈനീസ് സൈനിക സാന്നിധ്യം

Published

|

Last Updated

ശ്രീനഗര്‍: ലഡാക്ക് മേഖലയില്‍ കടന്നുകയറിയതിന് പിന്നാലെ നിയന്ത്രണ രേഖക്ക് സമീപം പാക് അധീന കാശ്മീരില്‍ ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി എല്‍ എ) ഉദ്യോഗസ്ഥരെത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ കാശ്മീരിലെ നൗഗാം സെക്ടറിനു സമീപത്തായാണ് പി എല്‍ എയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയത്. മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കരസേന തയ്യാറായിട്ടില്ല.
ഇതിന് മുമ്പ് തംഗ്ധാര്‍ സെക്ടറില്‍ പി എല്‍ എ ഉദ്യോഗസ്ഥരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ചൈന ഗെസൗബ ഗ്രൂപ്പ് കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഝലം- നീലം 970 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം നടക്കുകയാണ്.
പാക് അധീന കാശ്മീരിലുള്ള ലീപ താഴ്‌വരയില്‍ തുരങ്കങ്ങള്‍ നിര്‍മിക്കുക, കാറക്കോറം ഹൈവേയില്‍ എത്താനുള്ള സമാന്തര പാത നിര്‍മിക്കുക തുടങ്ങിയവയാണ് പി എല്‍ എയുടെ ലക്ഷ്യമെന്നും സൂചനയുണ്ട്. പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള ഗ്വാദര്‍ തുറമുഖത്തെ കാറക്കോറം ഹൈവേ വഴി ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന ചൈന- പാക്കിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ പൂര്‍ത്തിയാക്കാന്‍ ചൈന ശ്രമം നടത്തുന്നുണ്ട്. 4600 കോടി ഡോളറിന്റെ പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി പാക് അധീന കാശ്മീരില്‍ ചൈനീസ് സൈന്യം എത്തിയതിനെ തുടര്‍ന്ന് ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

---- facebook comment plugin here -----

Latest